sections
MORE

ചൈന ബഹിരാകാശത്ത് നടത്താൻ പോകുന്നത് ആയിരത്തിലേറെ പരീക്ഷണങ്ങൾ

tiangong
SHARE

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്റെ പ്രധാന ഭാഗം ഏപ്രിലിലാണ് വിജയകരമായി ബഹിരാകാശത്തേക്കെത്തിച്ചത്. ജൂണില്‍ മൂന്ന് ചൈനീസ് സഞ്ചാരികള്‍ ബഹിരാകാശ നിലയത്തിലെത്തുകയും ചെയ്തു. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ ടിയാങ്ഗോങ് എന്ന ചൈനീസ് ബഹിരാകാശ നിലയത്തിന്റെ പണി പൂര്‍ത്തിയാവുകയുള്ളൂ. ഇതിനകം തന്നെ ആയിരത്തിലേറെ പരീക്ഷണങ്ങളാണ് തങ്ങളുടെ ബഹിരാകാശ നിലയത്തില്‍ നടത്തുന്നതിനായി വരി നില്‍ക്കുന്നതെന്നാണ് ചൈന മാന്‍ഡ് സ്‌പേസ് ഏജന്‍സി അധികൃതര്‍ പറഞ്ഞതായി നേച്ചുര്‍ മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 

രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) മാത്രമായിരുന്നു ഏപ്രിലിന് മുൻപ് മനുഷ്യര്‍ക്കാകെ ആശ്രയിക്കാവുന്ന ബഹിരാകാശ പരീക്ഷണ കേന്ദ്രം. ടിയാങ്ഗോങിന്റെ വരവോടെ ബഹിരാകാശ നിലയങ്ങളുടെ എണ്ണം രണ്ടായിരിക്കുന്നു. ബഹിരാകാശ നിലയങ്ങള്‍ വര്‍ധിക്കുന്നതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ബഹിരാകാശ പരീക്ഷണങ്ങളെ സഹായിക്കുമെന്നതാണ് നിലയങ്ങള്‍ വര്‍ധിക്കുന്നതിനെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം. 

അതേസമയം, ശാസ്ത്രീയമെന്നതിനേക്കാള്‍ രാഷ്ട്രീയവും പ്രതിരോധപരവുമായ ആവശ്യങ്ങള്‍ക്ക് പല രാജ്യങ്ങളും ഇത്തരം ബഹിരാകാശ നിലയങ്ങളെ ദുരുപയോഗം ചെയ്യുമെന്നതാണ് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

അമേരിക്ക, റഷ്യ, യൂറോപ്, ജപ്പാന്‍, കാനഡ എന്നിവരുടെ ബഹിരാകാശ ഏജന്‍സികളുടെ കൂട്ടായ്മയില്‍ 1998ലാണ് രാജ്യാന്തര ബഹിരാകാശ നിലയം നിര്‍മിക്കുന്നത്. ഇതുവരെ 3000ത്തിലേറെ പരീക്ഷണങ്ങള്‍ക്ക് ഐഎസ്എസ് വേദിയായിട്ടുണ്ട്. ചൈനയുമായുള്ള ബന്ധത്തിന് അമേരിക്കന്‍ നിയമം നാസയെ അനുവദിക്കുന്നില്ലെന്ന കാരണം പറഞ്ഞ് അവരെ ഐഎസ്എസുമായി സഹകരിപ്പിക്കാന്‍ അമേരിക്ക തയാറായില്ല.

രാജ്യാന്തര ബഹിരാകാശ നിലയത്തിനുള്ള ചൈനീസ് ബദലാണ് ടിയാങ്ഗോ. ഭൂരിഭാഗം പരീക്ഷണങ്ങളും ചൈനീസ് ഗവേഷകര്‍ തന്നെ നടത്തുന്നതാണെങ്കിലും അമേരിക്ക അടക്കമുള്ള എല്ലാ രാജ്യങ്ങളേയും തങ്ങളുടെ നിലയത്തില്‍ വിവിധ പരീക്ഷണങ്ങള്‍ക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. 

ബഹിരാകാശത്തെ രാജ്യാന്തര സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്ന യുണൈറ്റഡ് നേഷന്‍സ് ഓഫിസ് ഫോര്‍ ഔട്ടര്‍ സ്‌പേസ് അഫയേഴ്‌സും സിഎംഎസ്എയും ചേര്‍ന്ന് ഒൻപത് പരീക്ഷണങ്ങളെ 2019 ജൂണില്‍ തിരഞ്ഞെടുത്തിരുന്നു. 17 രാജ്യങ്ങളിലെ 23 സ്ഥാപനങ്ങളില്‍ നിന്നുള്ളതായിരുന്നു ഈ പരീക്ഷണങ്ങള്‍. ചൈന ഇതിനകം തന്നെ അംഗീകരിച്ച 1000 ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് പുറമേയാണ് ഇവകൂടി ഉള്‍പ്പെടുത്തിയത്. ടിയാങ്ഗോ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനു മുന്നോടിയായി ടിയാങ്ഗോങ് 1, ടിയാങ്ഗോങ് 2 എന്നീ രണ്ട് ബഹിരാകാശ പരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ഇതുവഴി നൂറിലേറെ ബഹിരാകാശ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഈ രണ്ട് നിലയങ്ങളും ദൗത്യം പൂര്‍ത്തിയാക്കി.

ടിയാങ്ഗോങില്‍ 20 ചെറു പരീക്ഷണശാലകളാണുള്ളത്. ഇവയില്‍ ഓരോന്നിനും പ്രത്യേകം അടച്ചുവെക്കാവുന്ന അറകളും മര്‍ദവും ഊഷ്മാവുമെല്ലാം മാറ്റം വരുത്താനുള്ള സംവിധാനവുമുണ്ടാവും. ഏതാണ്ട് 67 കണക്ഷന്‍ പോയിന്റുകളാണ് ടിയാങ്ഗോങിലെ പരീക്ഷണശാലകള്‍ക്കു മാത്രം ഉണ്ടാവുക. ശക്തിയേറിയ സൂപ്പര്‍ കംപ്യൂട്ടറിന്റെ സഹായത്തിലാണ് ഈ പരീക്ഷണശാലകളില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ഫലങ്ങള്‍ അതിവേഗത്തില്‍ ഭൂമിയിലേക്ക് അയക്കുക. 

രാജ്യാന്തര ബഹിരാകാശ നിലയം 2024നും 2028നും ഇടയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ വന്നാല്‍ ഏക ബഹിരാകാശ നിലയമെന്ന സ്ഥാന ചൈനീസ് ടിയാങ്ഗോങിന് ലഭിക്കും. കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും ടിയാങ്ഗോ ബഹിരാകാശത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

CHINA-SPACE

ചൈനയുടെ മറ്റു ബഹിരാകാശ പദ്ധതികളും സജീവമായി പുരോഗമിക്കുന്നുണ്ട്. നാസയുടെ ഹബിള്‍ ടെലസ്‌കോപിന് പകരമായാണ് ചൈന സര്‍വേ സ്‌പേസ് ടെലസ്‌കോപ് ഒരുക്കുന്നത്. 2023ല്‍ സ്ഥാപിക്കപ്പെടുന്ന ഈ ബഹിരാകാശ ടെലസ്‌കോപിന് ഹബിളിനേക്കാള്‍ ശേഷിയുണ്ട്.

English Summary: China’s space station is preparing to host 1,000 scientific experiments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA