sections
MORE

മനുഷ്യരുമായുളള ലൈംഗികബന്ധം നിയാഡര്‍താൽ വംശത്തെ ഇല്ലാതാക്കിയെന്ന് പഠന റിപ്പോർട്ട്

neanderthals-study
SHARE

നിയാഡര്‍താലുകളുടെ വംശനാശത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ഒന്നു കൂടി കണ്ടെത്തി ഗവേഷകര്‍. മനുഷ്യരില്‍ അപൂര്‍വവും എന്നാല്‍ നിയാഡര്‍താലുകള്‍ക്കിടയില്‍ വ്യാപകമായും കണ്ടുവന്നിരുന്ന രക്തസംബന്ധിയായ അസുഖമാണ് വംശനാശത്തിലേക്ക് നയിച്ചതെന്നാണ് പുതിയ പഠനം പറയുന്നത്. നിയാഡര്‍താലുകളും ആധുനിക മനുഷ്യരും തമ്മിലുളള ലൈംഗിക ബന്ധമായിരുന്നു ഇതിന് കാരണമായത്. പ്ലൊസ് വൺ (PLOS One) ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഗര്‍ഭിണിയുടെ രക്തവും ഗര്‍ഭസ്ഥശിശുവിന്റെ രക്തവും ചേരാതെ വരികയും വലിയ തോതിലുള്ള വിളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്ന എച്ച്ഡിഎഫ്എന്‍ (haemolytic disease of the foetus and new-born) എന്ന രോഗാവസ്ഥയാണ് നിയാഡര്‍താലുകള്‍ക്ക് വെല്ലുവിളിയായത്. ഒരേസമയം കുഞ്ഞിനും മാതാവിനും ജീവന് ഭീഷണിയാണ് ഈ രോഗം. നിയാഡര്‍താലുകളുടെ രക്തസാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് ഗവേഷകര്‍ക്ക് ഈ നിര്‍ണായകവിവരം ലഭിച്ചത്. 

എച്ച്ഡിഎഫ്എന്‍ രോഗാവസ്ഥയിലേക്ക് നയിക്കുന്ന ജനിതക മാറ്റം നിയാഡര്‍താലുകളില്‍ വ്യാപകമായിരുന്നു. ആദ്യ പ്രസവത്തിന് ശേഷമുള്ള പ്രസവങ്ങളില്‍ ഈ രോഗം വളരെയധികം മാരകമാവുകയും നിയാഡര്‍താലുകളുടെ വംശവര്‍ധനവിന് തന്നെ ഭീഷണിയാവുകയുമായിരുന്നു. ഹോമോസാപിയന്‍സും ഡെനിസോവന്‍സുമായുള്ള നിയാഡര്‍താല്‍ മനുഷ്യരുടെ ഇണചേരലുകള്‍ ഈ രോഗസാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. നിയാഡര്‍താലുകളുടെ വംശനാശത്തിന് ഈ രോഗവും പങ്കുവഹിച്ചു. പ്രത്യേകിച്ചും ഹോമോസാപ്പിയന്‍സുമായി ഇടപഴകിയ പ്രദേശങ്ങളിലെല്ലാം ഇത് സംഭവിച്ചെന്നും പ്ലൊസ് വണ്ണില്‍ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു. 

ആധുനിക മനുഷ്യരില്‍ അപൂര്‍വമായി കാണപ്പെടുന്ന രോഗാവസ്ഥയാണ് എച്ച്ഡിഎഫ്എൻ. ഒരു ലക്ഷം ഗര്‍ഭിണികളില്‍ മൂന്നു പേര്‍ക്കാണ് ഈ ജനിതക വ്യതിയാനം വഴിയുള്ള രോഗം കാണപ്പെടുന്നത്. സ്വന്തം വയറ്റിലെ ഗര്‍ഭസ്ഥശിശുവിനെതിരെ മാതാവിന്റെ രോഗപ്രതിരോധ വ്യവസ്ഥ പ്രതികരിക്കുന്നതാണിത്. അതീവഗുരുതരമായ വിളര്‍ച്ചയാകും ഇതിന്റെ ഫലം. നാലായിരം കിലോമീറ്ററിലായി അരലക്ഷം വര്‍ഷങ്ങളുടെ മാത്രം പാരമ്പര്യത്തില്‍ ജീവിച്ച നിയാഡര്‍താലുകള്‍ക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ മാത്രമുള്ള ജനിതക വൈവിധ്യമുണ്ടായിരുന്നില്ലെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ സ്‌റ്റെഫാന്‍ മാസിയേഴ്‌സ് പറയുന്നത്.

ചുവന്ന രക്താണുക്കളില്‍ ഏത് തരം പ്രോട്ടീനാണെന്ന് കാണിക്കുന്ന ആര്‍എച്ച് ഫാക്ടറും രക്തഗ്രൂപ്പുമാണ് മനുഷ്യര്‍ക്കുണ്ടാവുക. ഭൂരിഭാഗം പേരിലും ആര്‍എച്ച് പോസിറ്റീവ് ആണുള്ളത്. അതേസമയം, ആര്‍എച്ച് നെഗറ്റീവുള്ള സ്ത്രീക്കും ആര്‍എച്ച് പോസിറ്റീവുള്ള പുരുഷനും കുഞ്ഞിന് ജന്മം നല്‍കാന്‍ ശ്രമിച്ചാലാണ് പ്രശ്‌നം. മാതാവിന്റെ രോഗപ്രതിരോധ സംവിധാനം കുഞ്ഞിന്റെ ചുവന്ന രക്താണുക്കളെ ആക്രമിക്കുകയും ഫലത്തില്‍ ഗുരുതര വിളര്‍ച്ചയുണ്ടാവുകയും ചെയ്യും.

ഏതാണ്ട് 40,000 വര്‍ഷങ്ങള്‍ക്ക് മുൻപാണ് നിയാഡര്‍താലുകള്‍ക്ക് വംശനാശം സംഭവിച്ചത്. നിയാഡര്‍താലുകളെ അതിജീവിച്ച് ഭൂമിയില്‍ മേല്‍ക്കൈ നേടാന്‍ ഹോമോസാപിയന്‍സായ നമുക്ക് സാധിച്ചത് എങ്ങനെയന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഒന്നു കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് പുതിയ പഠനം.

English Summary: Neanderthals Could Have Died Out Because of Sex With Humans, New Study Suggests

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA