sections
MORE

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ഇന്ത്യയിൽ ഉടൻ തുടങ്ങും? സൂചന നൽകി ഇലോൺ മസ്ക്

starlink-spacex
SHARE

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം ഉടൻ തന്നെ ഇന്ത്യയിലേക്ക് വരുമെന്ന് സ്പേസ്എക്സ് സിഇഒ ഇലോൺ മസ്ക് സൂചന നൽകി. സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ എപ്പോൾ തുടങ്ങുമെന്ന് മസ്കിനോട് ഒരു ട്വിറ്റർ ഉപയോക്താവ് ചോദിച്ചപ്പോൾ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് എന്നാണ് മസ്ക് മറുപടി നൽകിയത്.

‘പ്രിയപ്പെട്ട ഇലോൺ, നിങ്ങൾ എപ്പോഴാണ് സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ തുടങ്ങുന്നത്? ഉപഭോക്താക്കളെല്ലാം വയർലെസ് ഇന്റർനെറ്റ് സേവനങ്ങൾക്കായി കാത്തിരിക്കുന്നു’, ട്രയോൺസെറ്റ് എന്ന പേരിലുള്ള ട്വിറ്റർ ഉപയോക്താവ് ചോദിച്ചു. മസ്കിന്റെ മറുപടി ഇങ്ങനെ, ‘റെഗുലേറ്ററി അനുമതിക്കായി കാത്തിരിക്കുന്നു.’

സ്‌പേസ്എക്‌സ് 1800 ഉപഗ്രഹങ്ങൾ വിന്യസിച്ചിട്ടുണ്ട്, ഈ ഉപഗ്രഹങ്ങൾ കൃത്യമായ ഭ്രമണപഥത്തിലെത്തിയാൽ 2021 സെപ്റ്റംബറോടെ സ്റ്റാർലിങ്കിന് ആഗോള കവറേജ് ലഭിക്കുമെന്നും മസ്ക് പറഞ്ഞു. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ (DoT) അനുമതിക്കായി സ്പേസ്എക്‌സ് കാത്തിരിക്കുകയാണ്. സ്പേസ്എക്‌സിന് രാജ്യത്ത് എന്തെങ്കിലും സാറ്റലൈറ്റ് സേവനം നൽകുന്നതിനുമുൻപ് ആവശ്യമായ ലൈസൻസുകൾ സ്വന്തമാക്കേണ്ടതുണ്ട്.

സ്പേസ്എക്സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ നൽകുന്നതിൽ ഡോട്ടിന് എതിർപ്പില്ല. ഇന്ത്യൻ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനുമുൻപ് അത് രാജ്യത്തെ നിയമങ്ങൾ പാലിക്കുകയും ഉചിതമായ ലൈസൻസും മറ്റ് അംഗീകാരങ്ങളും സ്വന്തമാക്കുകയും വേണമെന്നാണ് സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്.

സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ വിലക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. രാജ്യത്ത് സ്റ്റാർലിങ്ക് ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്‌റോ) എന്നിവയ്ക്ക് ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറം കത്തെഴുതിയിരുന്നു.

ഇന്ത്യയിൽ ഇത്തരം സേവനങ്ങൾ നൽകാൻ സ്‌പേസ്എക്‌സിന് അനുമതിയില്ലെന്ന് ആമസോൺ, ഫെയ്‌സ്ബുക്, ഗൂഗിൾ, ഹ്യൂസ്, മൈക്രോസോഫ്റ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറം പ്രസിഡന്റ് ടി.വി. രാമചന്ദ്രൻ പറഞ്ഞു. ന്യായമായ മത്സരം സംരക്ഷിക്കുന്നതിനും നിലവിലുള്ള നയ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് രാമചന്ദ്രൻ ട്രോയിയോടും ഇസ്രോയോടും അഭ്യർഥിച്ചിരുന്നു.

ഇന്ത്യയിൽ സ്റ്റാർ‌ലിങ്ക് ഇന്റർ‌നെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പ് 99 ഡോളറിന് (7,000 രൂപ) വാങ്ങാമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഭാരതി ഗ്രൂപ്പിന്റെ കീഴിലുള്ള, ബ്രിട്ടിഷ് സർക്കാർ ഉടമസ്ഥതയിലുള്ള വൺവെബ്, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പർ എന്നിവ പോലുള്ള മറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങളുമായാണ് മസ്കിന്റെ സ്റ്റാർലിങ്ക് മൽസരിക്കുന്നത്.

English Summary: Starlink satellite broadband service could soon launch in India, hints SpaceX CEO Elon Musk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA