ADVERTISEMENT

നാസയുടെ അടുത്ത കാലത്തെ ഏറ്റവും അഭിമാന വിജയമായിരുന്നു ഭൂമിക്കു പുറത്ത് നിയന്ത്രിത പറക്കൽ നടത്തിയെന്നത്. എന്നാൽ ആ ഹെലികോപ്റ്റർ നാസയിലെ ശാസ്ത്രജ്ഞന്മാരെ വരെ ‍ഞെട്ടിച്ചിരിക്കുകയാണ്.

ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിൽ പറന്ന ആദ്യ ഹെലികോപ്റ്റർ എന്ന പേരുമായി നാസയുടെ ഇൻജെന്യൂയിറ്റി ചൊവ്വയിൽ പറന്നിട്ട് 140 ദിവസങ്ങൾ കഴിഞ്ഞു. ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതീക്ഷകൾക്കും മേലെ പറക്കാൻ തയാറാണു കുഞ്ഞൻ ഹെലികോപ്റ്റർ. 5 പറക്കലുകൾ ലക്ഷ്യം വച്ച് അയച്ച ഇൻജെന്യൂയിറ്റി ഇതുവരെ 12 തവണയാണ് പറന്നത്. തന്റെ ആയുസ്സ് കണക്കാക്കിയവർക്കു തെറ്റിയെന്നും ഉടനേ വിരമിക്കാൻ തയാറല്ലെന്നും പറഞ്ഞു പ്രവർത്തനക്ഷമമായി തുടരുകയാണ് ഇൻജെന്യൂയിറ്റി.

∙ എന്തിന് ഹെലികോപ്റ്റർ

ഇൻജെന്യൂയിറ്റിയുടെ പ്രഥമ ലക്ഷ്യം പര്യവേഷണങ്ങളല്ല, ഭൂമിക്കു പുറത്തും മനുഷ്യ നിർമിത വാഹനങ്ങൾ പറത്താൻ കഴിയുമെന്ന് ലോകത്തിനു മുന്നിൽ തെളിയിക്കുകയാണ്. റോവറുകളെക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാമെന്നതും എന്നാൽ അതേസമയം ഓർബിറ്ററിനെക്കാൾ മിഴിവുള്ള ദൃശ്യങ്ങൾ ലഭ്യമാക്കുമെന്നതും ഹെലികോപ്റ്ററുകളെ വരും നാളുകളിൽ കൂടുതലായി ഉപയോഗിക്കാൻ ഇടയാക്കും. സൗരയൂഥത്തിൽ തന്നെ ഭൂമി കഴിഞ്ഞാൽ ജീവനുണ്ടാകാൻ ഏറ്റവുമധികം സാധ്യതയുള്ള ടൈറ്റനിലേക്ക് നാസ അയയ്ക്കാൻ തയാറെടുക്കുന്ന ഡ്രാഗൺഫ്ലൈയിലും ഹെലികോപ്റ്റർ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ശനിയുടെ ഉപഗ്രഹമാണു ടൈറ്റൻ. ടൈറ്റനിലെ മീഥെയ്ൻ തടാകത്തിൽ കാര്യമായ പര്യവേഷണം നടത്താൻ ഹെലികോപ്റ്ററിനു കഴിഞ്ഞേക്കുമെന്നാണു ശാസ്ത്ര ലോകം കരുതുന്നത്.

∙ ആദ്യ പറക്കൽ

2021 ഏപ്രിൽ 11നു നിശ്ചയിച്ച ആദ്യ പറക്കൽ അതിനു മുൻപായി നടത്തിയ പരീക്ഷണങ്ങളിൽ പൂർണ മികവ് കാണിക്കാഞ്ഞതുകൊണ്ട് നീട്ടിവച്ചു. പദ്ധതി വിജയിക്കുമോയെന്ന സംശയമുനയിലാണ് ഏപ്രിൽ 19ന് ഇൻജെന്യൂയിറ്റി പറത്താൻ തീരുമാനിച്ചത്. ഭൂമിക്കു പുറത്തുള്ള ആദ്യ നിയന്ത്രിത പറക്കൽ എന്ന ചരിത്രത്തിലേക്കാണ് നാസ ഉന്നം വച്ചത്. ചൊവ്വയിലെ കാലാവസ്ഥയ്ക്കു സമാനമായ ലബോറട്ടറി സംവിധാനത്തിൽ ഇൻജെന്യൂയിറ്റി പറന്നിട്ടുണ്ടെങ്കിലും ശരിക്കുമുള്ള പറക്കൽ എന്താകുമെന്ന ആശങ്ക നിഴലിച്ചിരുന്നു. ഭൂമിയിൽ നിന്നു നേരിട്ടു കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ദൂരത്തിലല്ല പരീക്ഷണം നടക്കുന്നതെന്നതും വെല്ലുവിളിയായിരുന്നു. സ്വയം നിയന്ത്രിത അൽഗൊരിതങ്ങൾ ഉപയോഗിച്ച് പറക്കൽ മുൻകൂട്ടി പ്ലാൻ ചെയ്യുകയായിരുന്നു. പറന്നുയരാൻ കഴിയുമോയെന്നാണ് ആദ്യം പരീക്ഷിച്ചത്. ഭൂമിയിൽ നിന്നുള്ള ഒരു സന്ദേശം ചൊവ്വയിലെത്താൻ കുറഞ്ഞത് 15 മിനിറ്റുകളെടുക്കും. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നു 3 മീറ്റർ ഉയരത്തിൽ 30 സെക്കൻഡ്‌‌‌ സമയം ഉയർത്തി നിർത്തുകയായിരുന്നു ആദ്യ മിഷൻ. സാറ്റലൈറ്റുകളും ലാൻഡറുകളും പിന്നീടു വന്ന റോവറുകളും ഭരിക്കുന്ന ബഹിരാകാശ പര്യവേഷണത്തിൽ പുതിയൊരു വിഭാഗത്തിനു തുടക്കമിട്ട് ഏപ്രിൽ 19ന് ഇൻജെന്യൂയിറ്റി ചൊവ്വയിൽ പറന്നുയർന്നു, വിജയകരമായി. മറ്റു ഗ്രഹങ്ങളിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താൻ സഹായിക്കുന്ന പുതിയ ഒരു തുടക്കമായിരുന്നു അത്.

ingenuity-helicopter

∙ എന്താണ് ഇൻജെന്യൂയിറ്റി

ഒന്നിനു മുകളിൽ മറ്റൊന്നു വച്ച രീതിയിലുള്ള, ഒന്നര മീറ്ററോളം നീളമുള്ള ബ്ലേഡുകളടങ്ങിയ രണ്ടു മോട്ടറുകളാണ് ഇൻജെന്യൂയിറ്റിയെ പറത്തുന്നത്. അതിനു മുകളിലായി സ്ഥാപിച്ച സോളാർപാനൽ ഊർജം കണ്ടെത്തുകയും താഴ്ഭാഗത്തായി ഘടിപ്പിച്ചിരിക്കുന്ന ബാറ്ററികളിലേക്ക് ആ ഊർജം സംഭരിക്കപ്പെടുകയും ചെയ്യും. നിലത്ത് ബാലൻസ് ചെയ്ത് നിർത്താൻ 4 നീളൻ കാലുകളുമുണ്ട്. സാധാരണ ഡ്രോണുകളുടേതു പോലെ വശങ്ങളിൽ കേന്ദ്രീകരിച്ച റോട്ടറുകൾ ഉപയോഗിച്ചാൽ അത് റോവറിൽ ഉൾക്കൊള്ളാൻ കൂടുതൽ സ്ഥലം ആവശ്യമായി വരുമെന്നതിനാലാണു ബ്ലേഡുകൾ മുകളിലായി ഘടിപ്പിച്ചത്. ഇൻജെന്യൂയിറ്റിയുടെ ആകെ ഭാരം 1.8 കിലോഗ്രാം മാത്രമാണ്.

ചൊവ്വയിലെ കാലാവസ്ഥയെയും കാറ്റിനെയും ശാസ്ത്ര‌ജ്ഞർ കരുതിയതിലും മികച്ച രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞ ഇൻജെന്യൂയിറ്റി 12 മീറ്റർ ഉയരത്തിൽ വരെ പറന്നുയർന്നിട്ടുണ്ട്. എല്ലാ പറക്കലിലുമായി ഇതുവരെ 1.6 മൈൽ ദൂരം ഇൻജെന്യൂയിറ്റി പറന്നു കഴിഞ്ഞു. ചൊവ്വയിലെ പ്രാദേശിക സമയം 11 മണിയാണ് ഇൻജെന്യൂയിറ്റിയുടെ പറക്കലിന് ഏറ്റവും അനുയോജ്യം. സൂര്യപ്രകാശമുണ്ടാകുമെന്നതിനാ‍ൽ ഊർജമില്ലാത്ത അവസ്ഥ ഉണ്ടാകില്ല, ഹെലികോപ്റ്റർ സൂര്യപ്രകാശമേറ്റ് ചൂടാകുമെന്നതിനാൽ തണുത്ത യന്ത്ര ഭാഗങ്ങളെ ചൂടുപിടിപ്പിക്കാൻ കുറച്ച് ഊർജം മതി തുടങ്ങിയവയാണ് കാരണങ്ങൾ. 2030നുള്ളിൽ ചൊവ്വയിൽ നിന്നുള്ള മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ നാസ പദ്ധതിയിടുന്നുണ്ട്.

nasa-ingenuity

∙ ചൊവ്വയിൽ ആളെയെത്തിക്കാൻ ചൈന

ചൈന തങ്ങളുടെ അടുത്ത ചൊവ്വാ ദൗത്യത്തിന്റെ ഭാഗമാക്കാൻ ഇൻജെന്യൂയിറ്റിക്കു സമാനമായ കുഞ്ഞൻ ഹെലികോപ്റ്റർ തയാറാക്കുകയാണ്. പ്രോട്ടോടൈപ്പിന്റെ ഫോട്ടോകൾ അടുത്തിടെ പുറത്തുവിട്ടു. കാഴ്ചയിൽ ഇൻജെന്യൂയിറ്റിയുമായി വളരെയധികം സാദൃശ്യമുണ്ട്. ആദ്യ ചൊവ്വാ ദൗത്യത്തിൽ തന്നെ ചൊവ്വയിൽ ലാൻഡറിറക്കി വിജയിച്ചതാണു ചൈനയുടെ ഹെലികോപ്റ്ററിനുള്ള ഏറ്റവും വലിയ ഊർജം. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ലാൻഡർ ഇറക്കിയത്. 2033ൽ മനുഷ്യനെ ചൊവ്വയിൽ ഇറക്കുക എന്ന ചരിത്ര ലക്ഷ്യം മുന്നിൽ കണ്ടാണു ചൈനയുടെ പ്രവർത്തനം.

English Summary: After Six Months On Mars, NASA's Tiny Helicopter Is Still Flying High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com