ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ഭാഗമായ സ്വെസ്ഡ മൊഡ്യൂളില്‍ നിന്നും പുകയും പ്ലാസ്റ്റിക് കത്തിയതിന്റെ മണവും പുറത്തേക്കുവന്നത് ആശങ്ക പരത്തി. അസാധാരണ സാഹചര്യം ഉടലെടുത്തതോടെ  ബഹിരാകാശ നിലയത്തില്‍ മുന്നറിയിപ്പ് അലാം മുഴങ്ങി. പുകയുടേയും മണത്തിന്റേയും പിന്നിലെ യഥാര്‍ഥ കാരണം എന്തെന്ന് ഇതുവരെ വെളിവായിട്ടില്ല. 

മുന്നറിയിപ്പ് ലഭിച്ചതോടെ നടത്തിയ വിശദമായ പരിശോധനയില്‍ നിലയത്തിലെ റഷ്യന്‍ ഭാഗത്ത് ഹാനികരമായ പുകയും മണവും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കത്തിയ മണം ബഹിരാകാശ നിലയത്തിലെ അമേരിക്കന്‍ ഭാഗത്തേക്കും എത്തിയെന്ന് ബഹിരാകാശ സഞ്ചാരി തോമ പെസി അറിയിച്ചു. ബഹിരാകാശ സഞ്ചാരികളായ നോവിറ്റ്‌സ്‌കിയും പ്യോട്ട് ഡുബ്രോവും ചേര്‍ന്ന് റഷ്യന്‍ മൊഡ്യൂളില്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ നിന്നും സംഭവം നടന്നതെന്ന് കരുതുന്ന ഭാഗത്തു നിന്നും അപകടത്തിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

ബാറ്ററികള്‍ റീചാര്‍ജ് ചെയ്യുന്നതിനിടെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സ്വെസ്ഡയില്‍ നിന്നും പുക പുറത്തേക്ക് വമിച്ചതെന്നും തുടര്‍ന്ന് അലാം മുഴങ്ങിയെന്നുമാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. പുകയെ തുടര്‍ന്നുണ്ടായ മലിനീകരണ സാധ്യത ഇല്ലാതാക്കാന്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ അന്തരീക്ഷം വൃത്തിയാക്കുകയാണ് സഞ്ചാരികള്‍ ആദ്യം ചെയ്തത്. ഇതിനു ശേഷമാണ് സഞ്ചാരികൾ വിശ്രമത്തിലേക്കും മറ്റു ജോലികളിലേക്കും പോയതെന്നും ടാസ് റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്വെസ്ഡ മൊഡ്യൂളിന്റെ ട്രാന്‍സ്ഫര്‍ ചേംബറില്‍ ഒരു വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇത് മാര്‍ച്ചിലാണ് പൂര്‍ണമായും പരിഹരിച്ചത്. പിന്നീടും മറ്റൊരു വിള്ളല്‍ കണ്ടെത്തുകയും ഇത് വൈകാതെ അടക്കുകയും ചെയ്തിരുന്നു. ഈ രണ്ട് വിള്ളലുകളും രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ ജീവന് ഭീഷണി ഉയര്‍ത്താനും മാത്രം പോന്നതായിരുന്നില്ല.

 

English Summary: Alarm Triggered at Russia's Zvezda ISS Module, Crew Reports Smoke, Smell of Burnt Plastic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com