ADVERTISEMENT

ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തില്‍ ടിയാന്‍സൗ 3 വിജയകരമായി കൂട്ടിയോജിപ്പിച്ചു. ടിയാങ്കോങ്ങിലേക്ക് വേണ്ട ചരക്കുമായാണ് ‘സ്വര്‍ഗീയ പേടകം’ എന്നര്‍ഥം വരുന്ന ടിയാന്‍സൗ 3 ബഹിരാകാശ പേടകം ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ലോങ് മാര്‍ച്ച് 7 വൈ 4 റോക്കറ്റില്‍ ദക്ഷിണ ചൈനയിലെ ഹൈനാന്‍ വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു ടിയാന്‍സൗ 3ന്റെ വിക്ഷേപണം. 

 

വിക്ഷേപണം കഴിഞ്ഞ് പത്തു മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ തന്നെ ടിയാന്‍സൗ 3 നിശ്ചിത ഭ്രമണപഥത്തിലെത്തിയിരുന്നു. 15 മിനിറ്റിനകം തന്നെ സ്വന്തം സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിപ്പിക്കാനും ടിയാന്‍സൗ 3ന് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ചൈന മാന്‍ഡ് സ്‌പേസ് ഏജന്‍സി (സിഎംഎസ്എ) ദൗത്യം വിജയിച്ചെന്ന് ലോകത്തെ അറിയിച്ചത്. നേരത്തെ നിശ്ചയിച്ച പ്രകാരം ആദ്യമായി ഓട്ടമാറ്റിക് ലോഞ്ചിങ് സംവിധാനം ഉപയോഗിച്ചാണ് റോക്കറ്റ് വിക്ഷേപിച്ചത്. കൗൺഡൗൺ തുടങ്ങിയതും വിക്ഷേപണവും ഓട്ടമാറ്റിക് സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു. ഒരാളും വിക്ഷേപണത്തെ നിയന്ത്രിക്കേണ്ടി വന്നില്ല, ബട്ടണുകൾ ഉപയോഗിക്കേണ്ടി വന്നില്ലെന്നും ചൈനീസ് ബഹിരാകാശ ഏജൻസി അറിയിച്ചു. നിലയവുമായി ടിയാന്‍സൗ 3നെ കൂട്ടിയോജിപ്പിച്ചതും പുതിയ ടെക്നോളജിയുടെ സഹായത്തോടെയായിരുന്നു എന്ന് സിഎംഎസ്എ വക്താവ് പറഞ്ഞു.

 

മനുഷ്യ ഇടപെടല്‍ മൂലമുള്ള പിഴവിന്റെ സാധ്യതകള്‍ കുറയ്ക്കുകയാണ് ഓട്ടമാറ്റിക് ലോഞ്ചിങ് വഴിയുണ്ടായതെന്ന് ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. വരാനിരിക്കുന്ന ചൈനീസ് ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ട ചരക്കാണ് ടിയാന്‍സൗ 3ലൂടെ എത്തിച്ചത്. ഏതാണ്ട് ആറ് ടണ്‍ ഭാരമുള്ള ചരക്കില്‍ മൂന്നില്‍ രണ്ടും പുതിയ ദൗത്യ സംഘത്തിന് വേണ്ടിയുള്ളതാണെന്നും സിഎംഎസ്എ വ്യക്തമാക്കി. 

 

ദേവദാരു മരത്തിന്റെ വിത്ത് അടക്കമുള്ളവ ടിയാന്‍സൗ 3 ബഹിരാകാശ നിലയത്തിലെത്തിച്ചിട്ടുണ്ട്. പുതിയ ചൈനീസ് ദൗത്യ സംഘം ദേവദാരു വിത്തുകള്‍ എങ്ങനെയാണ് ബഹിരാകാശത്തെ സാഹചര്യത്തില്‍ പ്രതികരിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കും. ചൈനീസ് ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തിനു വേണ്ട വസ്തുക്കളും ഈ ചരക്ക് നീക്കത്തിലൂടെ നിലയത്തില്‍ വിജയകരമായി എത്തിച്ചിട്ടുണ്ട്. സ്‌പേസ് മെഡിസിന്‍ ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലുള്ള പരീക്ഷണങ്ങളും ചൈനീസ് നിലയത്തില്‍ നടക്കും. 

 

ചൈനീസ് ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തിന് വേണ്ട അഞ്ചാമത്തെ ബഹിരാകാശ ദൗത്യമാണ് ടിയാന്‍സൗ 3 വഴി ചൈന വിജയകരമായി പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടമായി മൂന്ന് ബഹിരാകാശ സഞ്ചാരികളെ അടുത്തമാസം തുടക്കത്തില്‍ ചൈന ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഭൂമിയിലേക്ക് തിരിക്കും മുൻപ് ആദ്യ ദൗത്യ സംഘത്തിലെ അംഗങ്ങള്‍ അവസാന വട്ട സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം സംഘം ആറ് മാസക്കാലത്തോളം ബഹിരാകാശ നിലയത്തില്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ സംഘം മൂന്ന് മാസമാണ് ബഹിരാകാശത്ത് കഴിഞ്ഞത്.

 

ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്കുള്ള രണ്ടാം ദൗത്യ സംഘത്തിലെ മൂന്നു പേരില്‍ ഒരാള്‍ വനിതയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2003 മുതല്‍ ഇതുവരെ ചൈന ബഹിരാകാശത്തെത്തിച്ച 11 പേരില്‍ രണ്ട് പേര്‍ വനിതകളാണ്. ലിയു വാങും വാങ് യാപിങുമാണ് ഈ സഞ്ചാരികള്‍.

 

ടിയാന്‍സൗ 3ഉം ഷെന്‍സൗ 13ഉം ബഹിരാകാശ നിലയവുമായി കൂട്ടിച്ചേര്‍ത്തു കഴിഞ്ഞാല്‍ നിലയത്തിന് T ആകൃതി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ഏതാണ്ട് 50 ടണ്‍ ഭാരവും ചൈനീസ് നിലയത്തിനുണ്ടാകും. ബഹിരാകാശ സഞ്ചാരികള്‍ക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി രണ്ട് മൊഡ്യൂളുകളെക്കൂടി ചൈന അടുത്ത വര്‍ഷത്തിനകം വിക്ഷേപിക്കുമെന്നാണ് കരുതപ്പെടുന്നത്. ബഹിരാകാശ നിലയം പൂര്‍ണമാകുന്നതിന് മുന്നോടിയായി രണ്ട് ചരക്ക് ദൗത്യങ്ങളും രണ്ട് മനുഷ്യ ദൗത്യങ്ങളും കൂടി ചൈന പദ്ധതിയിടുന്നുണ്ട്. 

 

നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ 16 രാജ്യങ്ങള്‍ സഹകരിച്ച് നിര്‍മിച്ച രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ നാലിലൊന്ന് വലുപ്പം ചൈനീസ് ബഹിരാകാശ നിലയത്തിനുണ്ടാവും. കാലാവധി പൂര്‍ത്തിയാവുന്ന ഐഎസ്എസ് സമീപഭാവിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ചൈനയുടെ ബഹിരാകാശ നിലയം മാത്രമായിരിക്കും ഭൂമിയെ വലംവയ്ക്കാനുണ്ടാവുക.

 

English Summary: Lift-off for Tianzhou 3, China’s space station resupply mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com