ADVERTISEMENT

അന്യഗ്രഹജീവികളെ ചൊല്ലി ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത അവകാശവാദവുമായി മുന്‍ അമേരിക്കന്‍ വ്യോമസേന അംഗം റോബര്‍ട്ട് സെയില്‍സ്. 1967ല്‍ അന്യഗ്രഹജീവികള്‍ മൂന്നാം ലോകമഹായുദ്ധം തുടങ്ങുന്നതിന്റെ വക്കുവരെ എത്തിച്ചുവെന്നാണ് റോബര്‍ട്ട് സെയില്‍സിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ആണവായുധങ്ങളുടെ നിയന്ത്രണം അന്യഗ്രഹജീവികള്‍ സ്വന്തമാക്കിയതാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് റോബര്‍ട്ട് സെയില്‍സ് പറഞ്ഞത്. 

 

ഏറെക്കാലമായി തിരിച്ചറിയപ്പെടാത്ത വ്യോമ പ്രതിഭാസങ്ങള്‍ അഥവാ യുഎപി എന്ന പേരില്‍ പറക്കും തളികകളുടെ ഗണത്തില്‍ പെടുത്താവുന്ന പലതും തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങളില്‍ പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അറിവുള്ള മനുഷ്യന്റെ സാങ്കേതികവിദ്യകളുടെയൊന്നും പരിധിയില്‍ പെടാത്ത രീതിയിലാണ് ഇവയില്‍ പലതിന്റേയും സഞ്ചാരം. കുത്തനെ പറന്നുയരാനും താഴാനും കടലിലേക്ക് മുങ്ങിപോകാനും അതേ വേഗത്തില്‍ പൊങ്ങി അപ്രത്യക്ഷമാകാനും നിമിഷങ്ങള്‍ മാത്രമാണ് ഇതില്‍ പല യുഎപികളും എടുത്തിട്ടുള്ളത്. 

 

1967 മാര്‍ച്ച് 24ന് അമേരിക്കയുടെ പത്ത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ നിയന്ത്രണം അന്യഗ്രഹജീവികള്‍ കൈവശമാക്കിയെന്നതാണ് സലാസിന്റെ പ്രധാന അവകാശവാദം. മൊണ്ടാനയിലെ മാംസ്‌റ്റോം വ്യോമ താവളത്തിലെ ആണവ ബാലിസ്റ്റിക് മിസൈലുകളുടെ നിയന്ത്രണമാണ് മനുഷ്യരില്‍ നിന്നും അന്യഗ്രഹജീവികള്‍ സ്വന്തമാക്കിയതെന്നാണ് റോബര്‍ട്ട് സലാസ് പറയുന്നത്. 

 

ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോള്‍ ചെയ്യാനാകുമെന്ന് തെളിയിക്കാന്‍ അന്യഗ്രഹജീവികള്‍ നടത്തിയ ശ്രമമാകാം ഇതെന്നും സലാസ് വിശദീകരിക്കുന്നു. അന്യഗ്രഹജീവികളേയും പറക്കുംതളികകളേയും കുറിച്ച് പല തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ആണവായുധങ്ങള്‍ അന്യഗ്രഹജീവികള്‍ കൈവശപ്പെടുത്തിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഒരു മുന്‍ അമേരിക്കന്‍ സൈനികനില്‍ നിന്നു തന്നെ ഉണ്ടാവുന്നത്. 

പലപ്പോഴായി രേഖപ്പെടുത്തിയ 144 അജ്ഞാത പറക്കും വസ്തുക്കളെക്കുറിച്ച് പഠിച്ച് ജൂണില്‍ യുഎപി ദൗത്യ സേന തന്നെ റിപ്പോര്‍ട്ട് പെന്റഗണിന് നല്‍കിയിരുന്നു. ഇവയില്‍ ഒരെണ്ണത്തിന് മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിനും വിശദീകരണം നല്‍കാനായത്. ബാക്കിയെല്ലാം അജ്ഞാത വസ്തുക്കള്‍ ആയി തന്നെയാണ് ഇപ്പോഴും അമേരിക്ക ഔദ്യോഗികമായി കാണുന്നത്. 

 

അതേസമയം, ഈ പറക്കും തളികകള്‍ക്ക് പിന്നില്‍ അന്യഗ്രഹജീവികള്‍ക്കൊപ്പം തന്നെ ശത്രുരാജ്യങ്ങളാകാനുള്ള സാധ്യതയും അമേരിക്ക തള്ളിക്കളയുന്നില്ല. പ്രത്യേകിച്ചും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും നാവിക-വ്യോമ സേനാവ്യൂഹങ്ങള്‍ക്കും സമീപത്താണ് ഭൂരിഭാഗം സമയത്തും ഇത്തരം പറക്കും വസ്തുക്കളെ തിരിച്ചറിഞ്ഞിട്ടുള്ളത്. അന്യഗ്രഹജീവികള്‍ അമേരിക്കന്‍ സൈനിക ശേഷി നിരീക്ഷിക്കാനെത്തുന്നു എന്നതിനേക്കാള്‍ റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളുടെ രഹസ്യ നിരീക്ഷണ സംവിധാനങ്ങളാകാം എന്നതാണ് കൂടുതല്‍ പ്രായോഗികമായ സാധ്യത.

 

English Summary: Aliens Almost Started World War III Sixty Years Ago, Claims Ex-US Military Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com