ADVERTISEMENT

ശാസ്ത്രവും മനുഷ്യനും തമ്മിൽ അനേക സഹസ്രാബ്ദങ്ങളുടെ ബന്ധമുണ്ട്. ചക്രങ്ങളുടെ നിർമാണവും തീ കത്തിക്കാനുള്ള ശേഷി നേടിയതുമൊക്കെ ആദിമകാല ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളാണ്. മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തരാക്കി ഭൂമിയുടെ അധിപൻമാരാക്കി മാറ്റിയ യാത്രയുടെ തുടക്കം. 16-ാം നൂറ്റാണ്ടുമുതൽ ശാസ്ത്രവിപ്ലവത്തിന്റെ സുവർണയുഗം തുടങ്ങി. ഐസക് ന്യൂട്ടൺ, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയ മഹാശാസ്ത്രജ്ഞർ അന്നുമുതലുള്ള പലകാലയളവിൽ തങ്ങളുടെ ചിന്തകളിലൂടെയും ധിക്ഷണയിലൂടെയും ശാസ്ത്രജ്ഞാനത്തിന്റെ കൊടുമുടികൾ കയറി. അതിനോടനുബന്ധിച്ച് സാങ്കേതിക വിദ്യയും വളർന്നു വന്നു. ഇരുപതാം നൂറ്റാണ്ട് ഏകദേശം ശാസ്ത്രയുഗം തന്നെയായിരുന്നു. ശാസ്ത്രം പ്രയോഗിച്ചുള്ള സാങ്കേതിക മാന്ത്രികതകൾ മനുഷ്യരെ വികസനത്തിന്റെ പുതിയ പാതകളിലേക്കു നയിച്ചു. ഇടയ്ക്കുണ്ടായ ലോകയുദ്ധങ്ങൾ ഉൾപ്പെടെ മാനവരാശിയെ ആശങ്കപ്പെടുത്തിയെങ്കിലും ശാസ്ത്രത്തിന്റെ ഗതി മുകളിലേക്കു തന്നെയായിരുന്നു. അറുപതുകളിൽ മനുഷ്യർ ചന്ദ്രനിലെത്തിയത് ഭൂമിയിലെ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ശക്തിപ്രകടനമായിരുന്നു.

 

ഇതിനു ശേഷമുള്ള അടുത്ത അധ്യായങ്ങൾ രചിക്കാനാണു മാനവരാശി ഇനി ലക്ഷ്യമിടുന്നത്. നാലാം വ്യാവസായിക വിപ്ലവം അരങ്ങേറാനുള്ള എല്ലാ ഒരുക്കങ്ങളും ഭൂമിയിൽ തുടങ്ങിക്കഴിഞ്ഞു. ഈ സാങ്കേതികതയുടെ കരുത്തിലാകും ഭാവിയിലെ ശാസ്ത്ര പര്യവേക്ഷണങ്ങൾ. ഇതിന്റെ പ്രതിഫലനങ്ങൾ ബഹിരാകാശ ശാസ്ത്രരംഗത്തും ഉളവാക്കപ്പെടും. ഇതിലെ ശ്രദ്ധേയമായ ഏടാണ് സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർഷിപ് എന്ന റോക്കറ്റ്. ഭൂമിയും മറ്റു ഗ്രഹങ്ങളും തമ്മിൽ ഗതാഗതബന്ധം സാധ്യമാക്കുന്ന ഇന്റർപ്ലാനറ്ററി ട്രാൻസ്‌പോർട്ട് സിസ്റ്റംസ് എന്ന സ്വപ്നപദ്ധതി മനസ്സിൽ സൂക്ഷിക്കുന്ന കമ്പനിയാണു സ്പേസ് എക്സ്. കമ്പനിയുടെ സ്ഥാപകനായ ഇലൺ മസ്കിന്റെ ഒരു കിറുക്കൻ സ്വപ്നമായിട്ടാണ് ആദ്യകാലത്ത് ഈ പദ്ധതി പരിഗണിക്കപ്പെട്ടതെങ്കിലും ഇപ്പോൾ സ്പേസ് എക്സ് തങ്ങളുടെ പ്രവർത്തനത്തിൽ ബഹുദൂരം മുന്നേറിയിട്ടുണ്ട്.

starship-sn-15

ഇതിന്റെ ആദ്യപടിയായി  2024ൽ മനുഷ്യരെ ചൊവ്വയിൽ എത്തിക്കാനും തുടർന്ന് ചൊവ്വാക്കോളനി രൂപീകരിക്കാനുമൊക്കെ സ്പേസ് എക്സിനു സ്വപ്നങ്ങളുണ്ട്. ഇതിനായി അവർ വിശ്വാസമുറപ്പിക്കുന്ന ബഹിരാകാശവാഹനമാണു സ്റ്റാർഷിപ്. 

 

പുതിയ ലോകം കണ്ടെത്താൻ ക്രിസ്റ്റഫർ കൊളംബസിനു തുണയായ സാന്താ മരിയ പോലെയും മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങളെ വഹിച്ച സാറ്റേൺ ഫൈവ് റോക്കറ്റ് പോലെയും ചരിത്രപരമായ ലക്ഷ്യങ്ങളുള്ള ഒരു റോക്കറ്റ്. ബിഗ് ഫാൽക്കൺ റോക്കറ്റ് എന്നായിരുന്നു ആദ്യ കാലത്ത് ഇതിനു നൽകിയിരുന്ന പേര്. പിന്നീട് സ്റ്റാർഷിപ് എന്നു പുനർനാമകരണം ചെയ്തു. നിരവധി പരീക്ഷണങ്ങളിലൂടെയും പരിശോധനകളിലൂടെയും പരിഷ്കാരങ്ങളിലൂടെയും വികസിപ്പിക്കപ്പെട്ട ഈ റോക്കറ്റ് ഇപ്പോൾ പൂർണസ്ഥിതി പ്രാപിച്ചിരിക്കുകയാണെന്നു സ്പേസ് എക്സ് പറയുന്നു. ഈ മാസം അവസാനം ഇതിന്റെ ആദ്യ ഭ്രമണപഥ യാത്ര നടത്താനാണു സ്പേസ് എക്സിന്റെ പദ്ധതി. ഇക്കാര്യം ഇലോൺ ട്വീറ്റു ചെയ്യുകയും ചെയ്തു.

 

elon-musk-starship

250 ടൺ വഹിക്കാനുള്ള ശേഷി സ്റ്റാർഷിപ്പിനെ ഇതുവരെയുള്ള റോക്കറ്റുകളിൽ ഏറ്റവും കരുത്തുറ്റതാക്കുന്നു. ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി എംകെ ത്രീയുടെ ഭാരവാഹകശേഷി 10 ടൺ മാത്രമാണ്. മറ്റുള്ള റോക്കറ്റുകളെക്കാൾ പല മടങ്ങ് ഇരട്ടി ഭാരം ഇതിനു വഹിക്കാൻ കഴിയുമെന്ന് സാരം. സ്പേസ് എക്സിന്റെ തന്നെ ഹെവി ഡ്യൂട്ടി റോക്കറ്റായ ഫാൽക്കൺ ഹെവിക്കുപോലും 70 ടൺ വഹിക്കാനുള്ള ശേഷി മാത്രമാണുള്ളത്.

 

106 മീറ്ററാണ് സ്റ്റാർഷിപ്പിന്റെ ഉയരം (ബൂസ്റ്ററുൾപ്പെടെ), ഏകദേശം ഒരു 34 നില കെട്ടിടത്തിന്റെ പൊക്കം കണക്കുകൂട്ടാം. 85 ടൺ ഭാര വരും .റോക്കറ്റിന്റെ മുകളിലുള്ള പേയ്ലോഡ് ബേയിലാണു ബഹിരാകാശത്തേക്കുള്ള യാത്രികർ, ഉപഗ്രഹങ്ങൾ, യാത്രികരുടെ ലഗേജ് ഒക്കെ വഹിക്കുന്നത് . എട്ടുനില കെട്ടിടത്തിന്റെ പൊക്കമുണ്ട് ഈ സ്ഥലത്തിന്. 40 കാബിനുകൾ അടങ്ങുന്ന ബേ പരമാവധി 120 യാത്രികരെ വഹിക്കും. ഇതോടൊപ്പം പൊതു ഇടങ്ങൾ, വലിയ അടുക്കള, സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി, സൗരവാതത്തിൽനിന്നു രക്ഷനേടാനുള്ള 'ഷെൽറ്റർ' തുടങ്ങിയവയൊക്കെയുണ്ട്. മൊത്തത്തിൽ ഒരു ഫൈവ്സ്റ്റാർ റോക്കറ്റ്.

 

240 ടൺ മീഥെയ്നും 860 ടൺ ദ്രവീകൃത ഓക്സിജനുമാണ് സ്റ്റാർഷിപ് സ്പെയ്സ് ക്രാഫ്റ്റിന്റെ വമ്പൻ ഇന്ധനടാങ്കുകളിൽ സൂക്ഷിക്കാനാകുന്നത്. ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ പോയാൽപ്പോലും ലാൻഡിങ് ഘട്ടത്തിൽ സ്റ്റാർഷിപ് പതറാനുള്ള സാധ്യത പൂജ്യമാണെന്നാണു മസ്ക് പറയുന്നത്.ലാൻഡിങ്ങാണ് അന്യഗ്രഹങ്ങളിൽ ബഹിരാകാശ വാഹനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി.ചന്ദ്രനിലേക്ക് യാത്ര പോകുന്ന സ്റ്റാർഷിപ്പിന് അവിടെ നിന്നു റിട്ടേൺ യാത്ര നടത്താനുള്ള കഴിവുമുണ്ടാകും.2023ൽ ജാപ്പനീസ് കോടീശ്വരൻ യൂസാക്കു മീസാവയുമായി ചന്ദ്രിനിലേക്കു വിനോദസഞ്ചാരം നടത്തുന്ന വാഹനവും സ്റ്റാർഷിപ് തന്നെയാണ്.

 

ഭൂരിഭാഗം വിക്ഷേപണ വാഹനങ്ങളും ഒറ്റത്തവണത്തെ ഉപയോഗത്തിനുള്ളതാണെങ്കിൽ സ്റ്റാർഷിപ്പിന്റെ ഓരോ ഭാഗവും, ഭൂമിയിൽ നിന്നുള്ള ആദ്യത്രസ്റ്റ് കൊടുക്കുന്ന ബൂസ്റ്റർ റോക്കറ്റുകളാകട്ടെ, ചൊവ്വയിലേക്കു കടക്കുന്ന സ്പെയ്സ്ക്രാഫ്റ്റാകട്ടെ, പലതവണ ഉപയോഗിക്കാൻ കഴിയും. ആദ്യഘട്ട നിർമാണച്ചെലവു കൂടുതലാണെങ്കിലും വിക്ഷേപണങ്ങൾ വർധിക്കുന്നതോടെ സ്റ്റാർഷിപ് വലിയ ലാഭത്തിലേക്കു നയിക്കുമെന്നാണു സ്പെയ്സ് എക്സ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശത്ത് കറങ്ങിനടക്കുന്ന സ്പേസ് ഡെബ്രിസ് അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിലും സ്റ്റാർഷിപ് വലിയ പങ്കുവഹിക്കും. ഭൂമിയുടെ അതിരുകൾ കടന്നുള്ള ശാസ്ത്രവികാസത്തിന്റെ ഏറ്റവും വലിയ രഥയാത്രയ്ക്കാകും വരുന്ന ദിവസങ്ങൾ സാക്ഷ്യം വഹിക്കുക.

 

English Summary: What to expect from the next round of Starship testing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com