ADVERTISEMENT

കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി ബഹിരാകാശത്തെ നിരവധി രഹസ്യങ്ങളും വിചിത്ര കാഴ്ചകളും ഭൂമിയിലെത്തിച്ച ഹബിൾ ദൂരദർശിനി വീണ്ടും പ്രവർത്തിച്ചു തുടങ്ങി. കുറച്ച് ആഴ്ചകളായി ഹബിൾ ദൂരദർശിനി നിശ്ചലമായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഹബിൾ നിശ്ചലമായത്. എന്നാൽ, ഈ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഹബിളിലെ ക്യാമറ തുടർന്നും ബഹിരാകാശ രഹസ്യങ്ങൾ പകർത്തി ഭൂമിയിലെത്തിക്കൽ തുടരുമെന്നും നാസ ഗവേഷകർ അറിയിച്ചു. 

ദൂരദർശിനിയിലെ അഡ്വാൻസ്ഡ് ക്യാമറ ഹബിൾ ടീം വിജയകരമായി വീണ്ടെടുക്കുകയായിരുന്നു. ഹബിൾ ക്യാമറ വീണ്ടും ശാസ്ത്ര നിരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 23 നാണ്, നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും സംയുക്ത ദൗത്യമായ ഹബിൾ ബഹിരാകാശ ദൂരദർശിനിയിലെ അനുബന്ധ ഉപകരണങ്ങൾ അപ്രതീക്ഷിതമായി നിശ്ചലമായത്.

പ്രശ്നം പരിഹരിക്കാൻ നിരവധി തവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ ഹബിളിനും മറ്റു അനുബന്ധ ഉപരണങ്ങൾക്കും ബാഹ്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഇതെല്ലാം ബന്ധിപ്പിക്കുന്ന കംപ്യൂട്ടർ സംവിധാനത്തിലെ പ്രശ്നങ്ങളായിരുന്നു ഹബിൾ നിശ്ചലമാകാൻ കാരണമായത്. അതേസമയം, ക്യാമറ വീണ്ടെടുത്തെങ്കിലും മറ്റു സാങ്കേതിക പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കുമെന്നും ഗവേഷകർ അറിയിച്ചു.

 

∙ കഴിഞ്ഞത് വിക്ഷേപണത്തിന്റെ 31-ാം വാർഷികം

 

ബഹിരാകാശം മനോഹരവും നിഗൂഢവും ചിലപ്പോൾ ഭയപ്പെടുത്തുന്നതുമാണ്. 1990 ൽ വിക്ഷേപിച്ചതിനുശേഷം, നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി നമ്മുടെ സൗരയൂഥത്തിലെ അവിശ്വസനീയമാംവിധം ആകർഷണീയമായ ചില ചിത്രങ്ങളും മുൻപൊരിക്കലുമില്ലാത്ത വിദൂര താരാപഥങ്ങളും പകർത്തി. കഴിഞ്ഞ ഏപ്രലിലാണ് ഹബിൾ ടെലിസ്‌കോപ്പിന്റെ വിക്ഷേപണത്തിന്റെ 31-ാം വാർഷികം ആഘോഷിച്ചത്.

 

hubble-space-telescope

പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ ചിത്രമെടുക്കുന്നത് ഹബിൾ തന്നെയാണ്. നമ്മുടെയെല്ലാം മുകളിൽ കറങ്ങി പ്രപഞ്ചത്തെയാകെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ആ ഭീമൻ ദൂരദർശിനി ഗവേഷകരുടെ പ്രിയപ്പെട്ട ഉപകരണം കൂടിയാണ്. ഇടയ്ക്കതിന്റെ കണ്ണുകളൊന്നു ചിമ്മും, അതിന്റെ ഫലമായി ഭൂമിയിൽ ലഭിക്കുന്നതോ, മിഴിവാർന്ന ചിത്രങ്ങളും. നാസയുടെ ഹബിൾ ടെലിസ്കോപ്പ് ഒരു അദ്ഭുതം തന്നെയായിരുന്നു. ഏപ്രിൽ 24നാണ് ഈ ഭീമൻ ദൂരദർശിനിയ്ക്ക് 31 വയസ്സു തികഞ്ഞത്.

 

1990 ഏപ്രിൽ 24നായിരുന്നു പ്രപഞ്ചത്തിന്റെ കാണാക്കാഴ്ചകളിലേക്ക് കൺതുറക്കാനായി നാസ ഹബിൾ ടെലിസ്കോപ്പിനെ ബഹിരാകാശത്തെത്തിച്ചത്. എന്നാൽ ഇതിനും വർഷങ്ങൾക്കു മുൻപേ ഒരു ജ്യോതിശാസ്ത്രജ്ഞൻ സ്പേസ് ടെലിസ്കോപ്പിനെപ്പറ്റി ആലോചിച്ചിരുന്നു.

 

രണ്ടാം ലോകമഹായുദ്ധകാലത്തായിരുന്നു അത്. ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന ദൂരദർശിനികളേക്കാളും നൂറുമടങ്ങ് ഗുണപ്രദമായിരിക്കും ബഹിരാകാശത്ത് സ്ഥാപിച്ചവയെന്ന് വ്യക്തമാക്കിയ ലേമാൻ സ്പിറ്റ്സർ എന്ന ആ ശാസ്ത്രജ്ഞൻ 1997ൽ മരിക്കും വരെ തന്റെ ജീവിതത്തിന്റെ ഏറിയപങ്കും ഇതിനു വേണ്ടിയായിരുന്നു ചെലവഴിച്ചത്.

 

1970കളിൽതന്നെ സ്പേസ് ടെലിസ്കോപ്പിനെപ്പറ്റി നാസ ആലോചന തുടങ്ങിയിരുന്നു. ഭൂമിയിൽ നിന്ന് 547 കി.മീ. ഉയരത്തിലുള്ള ഹബിൾ ടെലിസ്കോപ്പിന്റെ ഭാരം 11 ടൺ ആണ്, 15.9 മീറ്റർ നീളവും. വിദേശങ്ങളിൽ കാണുന്ന തരം ഡബിൾഡെക്കർ ബസുകൾ രണ്ടെണ്ണം ചേർത്തുവച്ചാലുള്ളത്രയും നീളം. ഭാരമിത്രയൊക്കെയാണെങ്കിലും ഇതിന് പ്രവർത്തിക്കാൻ പവർ അധികം ആവശ്യമില്ല. 2800 വാട്ട്സ് മതി.

 

സോളാർപാനലുകളിൽ നിന്നാണ് ഹബിളിന് ആവശ്യമായ പവർ ലഭിക്കുന്നതും. ടെലിസ്കോപ്പിന് മൂന്നു മീറ്റർ വ്യാസമുള്ള മിറർ ആയിരുന്നു ആദ്യം നിശ്ചയിച്ചത്. പിന്നീട് പണം തികയാതെ വന്നതുകൊണ്ട് 2.4 മീറ്ററാക്കി ചുരുക്കുകയായിരുന്നു. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ ഈ ഭീമൻ ലോകംചുറ്റിക്കൊണ്ടിരിക്കുകയാണ്.

hubble-space-telescope-galaxy-pictures

 

ഗ്യാലക്സിയിലെ ഒരുവിധപ്പെട്ട ദൂരക്കാഴ്ചകളെല്ലാം ഹബിളിന്റെ കണ്ണിൽപ്പെടും. പക്ഷേ അത്രയടുത്തായിട്ടും ഹബിളിന് നോക്കാനാകാത്ത ഒരു കൂട്ടരുണ്ട് – സൂര്യനും ബുധനും. വൻതോതിൽ പ്രകാശരശ്മിമകൾ പുറപ്പെടുവിക്കുന്നതായതിനാൽ ഇവയിലേക്ക് തിരിഞ്ഞാൽ ടെലിസ്കോപ്പിന്റെ സെൻസറുകൾ ‘അടിച്ചുപോകു’മെന്നതാണു കാരണം.

 

ക്യാമറയാണെങ്കിലും ഹബിൾ ഫിലിം ഉപയോഗിക്കുന്നില്ല, മറിച്ച് ഡിജിറ്റൽ ക്യാമറയുടെ തത്വമാണ്. ഇലക്ട്രോണിക് ഡിറ്റക്റ്ററുകൾ ഉപയോഗിച്ച് പ്രപഞ്ചത്തിലെ പ്രകാശരശ്മികൾ പിടിച്ചെടുത്താണ് ഇവയുടെ പടംപിടിത്തം.

 

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് ഹബിൾ ടെലിസ്കോപ്പിന്റേതായി നാസ പുറത്തുവിടാറുള്ളത്. എന്നാൽ സത്യത്തിൽ ഈ ദൂരദർശിനി ചിത്രങ്ങളെടുക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണ്. പിന്നീട് രണ്ടോമൂന്നോ ചിത്രങ്ങൾ കളർഫിൽറ്ററുകളിലൂടെ എക്സ്പോഷർ ചെയ്തെടുക്കുകയാണ് പതിവ്. ഇമേജ് പ്രോസസിങ് സമയത്ത് ഫിൽറ്ററുകളിലെ നിറങ്ങൾക്കനുസൃതമായ നിറങ്ങൾ ചേർക്കുന്നതോടെ പ്രപഞ്ചത്തിൽ ഇതുവരെയും കാണാത്തവിധത്തിലുള്ള അഭൗമസൗന്ദര്യക്കാഴ്ചകളായിരുന്നു നമുക്കു മുന്നിലെത്തിയിരുന്നത്.

 

നക്ഷത്രങ്ങളുടെ രൂപീകരണവും വികാസവുമുൾപ്പെടെയുള്ള കാഴ്ചകളിലാണ് ഹബിളിന്റെ ‘സ്പെഷലൈസേഷൻ’. നക്ഷത്രങ്ങളുടെ ജീവിതചക്രം പകർത്തുകയെന്നതാണ് ഹബിളിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നും. പ്രപഞ്ചത്തിന്റെ വികാസത്തെപ്പറ്റിയുള്ള പഠനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ ചിത്രങ്ങൾ ഇതിനോടകം ഹബിൾ അയച്ചുകഴിഞ്ഞു.

 

13.8 ബില്യൺ വർഷങ്ങൾക്കു മുൻപുണ്ടായതെന്നു പറയപ്പെടുന്ന ബിങ് ബാങ്ങിനെപ്പറ്റി അറിയാനും ഇതുസഹായിച്ചു. ഹബിളിന്റെ ഓരോ കണ്ടെത്തലും പുതിയ ശാസ്ത്രശാഖകളുടെ രൂപീകരണത്തിലേക്ക് നയിക്കുകയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. കാരണം ഇതുവരെ കാണാത്ത കാഴ്ചകളല്ലേ മുന്നിലെത്തുന്നത്!

 

വിക്ഷേപിച്ച് മൂന്നുവർഷത്തിനകം തന്നെ ഹബിളിന്റെ പണികഴിഞ്ഞുവെന്ന് കരുതിയതാണ് നാസ. ടെലിസ്കോപ്പിന്റെ മിററിൽ വന്ന ഒരു നിർമാണപ്പിഴവായിരുന്നു കാരണമായത്. എന്നാൽ 1993ൽ ബഹിരാകാശയാത്രികർ എത്തി അതിൽ അറ്റകുറ്റപ്പണി നടത്തി ശരിയാക്കി. ഇതുവരെ ആകെ അഞ്ചുതവണയാണ് ടെലിസ്കോപ്പിന് ‘സർവീസിങ്’ നടത്തിയത്.

 

സൗരയൂഥത്തിനപ്പുറത്തുള്ള ഗ്രഹക്കാഴ്ചകളിലേക്കും ഹബിളിന്റെ ക്യാമറക്കണ്ണുകളെത്തിയിരുന്നു. മറ്റു ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ നിന്നുള്ള കാഴ്ചകൾ പകർത്തിയതിലൂടെ അവിടത്തെ രാസവസ്തുക്കളുടെ സാന്നിധ്യവും തിരിച്ചറിയാൻ സാധിച്ചു.

 

പ്രപഞ്ചത്തെപ്പറ്റിയുള്ള മനുഷ്യന്റെ കാഴ്ചപ്പാടുതന്നെ മാറ്റിമറിക്കുകയായിരുന്നു ഹബിൾ ടെലിസ്കോപ്പ്. ഏതാനും വർഷങ്ങളേ ഇതിന് ആയുസ്സ് പ്രതീക്ഷിച്ചിരുന്നുള്ളൂ. അതെല്ലാം മറികടന്ന് 31 വർഷം പിന്നിട്ടിരിക്കുന്നു ഹബിൾ. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനായാൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി ഹബിളിന് തുടരാനാകും. 2025–2030 കാലത്തിനിടയിലെപ്പോഴെങ്കിലും ടെലിസ്കോപ്പ് ഭൂമിയുടെ അന്തരീക്ഷത്തിലെത്തി കത്തിത്തീരും. പക്ഷേ അതിനു മുൻപേ ഹബിളിന്റെ പിൻഗാമി ഡ്യൂട്ടിയിൽ പ്രവേശിക്കും – ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് എന്ന ഭീമനെ ഡിസംബറിൽ നാസ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങുകയാണ്.

 

English Summary: Hubble To Begin Science Observations Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com