ADVERTISEMENT

നാസയും സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സും ചേർന്ന് ബുധനാഴ്ച നാല് യാത്രികരെ കൂടി ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. ഇന്ത്യൻ വംശജനായ രാജാ ചാരി (44), കെയ്‌ല ബാരൺ ( 34 ), മുതിർന്ന ബഹിരാകാശയാത്രികൻ ടോം മാർഷ്ബേൺ (61), മത്തിയാസ് മൗറർ (51) എന്നിവരാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ചത്. ഇതിൽ രണ്ട് പേർ ഭാവി ചാന്ദ്ര ദൗത്യങ്ങൾക്കായി തിരഞ്ഞെടുത്തവരാണ്. ഒരാൾ ജർമൻ ശാസ്ത്രജ്ഞനുമാണ്. ദിവസങ്ങൾക്ക് മുൻപ് നാലു പേർ ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്കും എത്തിയിരുന്നു.

 

ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളും രണ്ട് ഘട്ടങ്ങളുള്ള ഫാൽക്കൺ 9 റോക്കറ്റും അടങ്ങുന്ന സ്‌പേസ് എക്‌സിന്റെ വിക്ഷേപണ പേടകം ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയർന്നത്. കാലാവസ്ഥാ പ്രശ്നങ്ങള്‍ കാരണം ഒരിക്കൽ നീട്ടിവെച്ച വിക്ഷേപണമാണ് ബുധാനാഴ്ച നടന്നത്. ഒക്‌ടോബർ 31 ന് വിക്ഷേപണം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് ഈ മാസമാദ്യം യാത്രയ്ക്ക് നീക്കം നടത്തിയെങ്കിലും ബഹിരാകാശയാത്രികന്റെ ആരോഗ്യപ്രശ്നത്തെ തുടർന്നും മാറ്റിവെക്കുകയായിരുന്നു.

 

ലിഫ്റ്റ്ഓഫ് കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ തന്നെ റോക്കറ്റിന്റെ മുകളിലെ ഭാഗമായ ക്രൂ ക്യാപ്‌സ്യൂളിനെ ഭ്രമണപഥത്തിൽ എത്തിച്ചു. തൊട്ടുപിന്നാലെ റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന താഴത്തെ ഘട്ടം, ബഹിരാകാശ പേടകത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേർപെടുത്തി ഭൂമിയിലേക്ക് തിരികെ പറന്നു. അറ്റ്ലാന്റിക്കിൽ നേരത്തെ വിന്യസിച്ചിരുന്ന ഒരു ലാൻഡിങ് പ്ലാറ്റ്ഫോമിലാണ് റോക്കറ്റിന്റെ ഭാഗം വിജയകരമായി ഇറങ്ങിയത്.

 

റോക്കറ്റിൽ നിന്ന് ഡ്രാഗൺ വേർപ്പെട്ടപ്പോൾ താഴെനിന്നുള്ള ഒരു ലോഞ്ച് എൻജിനീയർ ക്രൂവിന് സന്ദേശം കൈമാറി: ‘ഭ്രമണപഥത്തിലേക്ക് സ്വാഗതം. നിങ്ങൾ യാത്ര ആസ്വദിച്ചുവെന്ന് കരുതുന്നു. ഡ്രാഗൺ നിങ്ങളെ ഇവിടെ നിന്ന് കൊണ്ടുപോകും. ശുഭ യാത്ര.’ മൂന്ന് അമേരിക്കൻ ബഹിരാകാശയാത്രികരും അവരുടെ യൂറോപ്യൻ സ്‌പേസ് ഏജൻസി ക്രൂമേറ്റും ഏകദേശം 22 മണിക്കൂർ പറക്കലിന് ശേഷം ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിൽ ഭ്രമണം ചെയ്യുന്ന ബഹിരാകാശ നിലയത്തിൽ എത്തും.

ബുധനാഴ്ചത്തെ ദൗത്യത്തോടെ ചാരി, മൗറർ, ബാരൺ എന്നിവർ യഥാക്രമം ബഹിരാകാശത്ത് എത്തുന്ന 599-ാമത്തെയും 600-ാമത്തെയും 601-ാമത്തെയും വ്യക്തികളായി മാറി. മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാൻ ലക്ഷ്യമിട്ടുള്ള നാസയുടെ വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യങ്ങൾക്കായി തിരഞ്ഞെടുത്ത 18 ബഹിരാകാശയാത്രികരുടെ ആദ്യ ഗ്രൂപ്പിൽ ചാരിയും ബാരോണും ഉൾപ്പെടുന്നു.

ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ ആറ് മാസത്തെ ശാസ്ത്ര പരീക്ഷണങ്ങൾക്കായാണ് ഇവർ യാത്രതിരിച്ചത്. 17 മാസത്തിനുള്ളിൽ സ്‌പേസ് എക്‌സിന്റെ അഞ്ചാമത്തെ ക്രൂഡ് ഫ്‌ളൈറ്റാണ് ഈ വിക്ഷേപണം. കൂടാതെ ഇലോൺ മസ്‌ക് 2002-ൽ സ്ഥാപിച്ച സ്പേസ് എക്സുമായി നാസയുടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള നാലാമത്തെ ദൗത്യവുമാണിത്.

 

English Summary: Nasa, SpaceX finally launch 4 astronauts on Crew-3 mission to ISS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com