അറ്റക്കാമയിൽ വന്നത് അന്യഗ്രഹ ജീവികളല്ല, കത്തിയെരിഞ്ഞ ഉൽക്ക

Atacama-Desert
SHARE

ചിലെയിലെ അറ്റക്കാമ മരുഭൂമി. അതിന്റെ ഒരു ഭാഗത്ത് കിലോമീറ്ററുകൾ നീളത്തിൽ, പല ആകൃതികളിൽ ഗ്ലാസ് പാളികൾ കിടക്കുന്നു. മരുഭൂമിയിൽ ഗ്ലാസ് കഷണങ്ങൾ എങ്ങനെ വന്നു? പുരാതന കാലത്ത് ആരെങ്കിലും ഇവിടങ്ങളിൽ താമസിച്ചിരുന്നതിന്റെ അവശിഷ്ടമാണോ, അഗ്നിപർവത സ്ഫോടനം പോലെയുള്ള എന്തെങ്കിലും പ്രകൃതി പ്രതിഭാസമാണോ, അതോ ഇനി അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തിയതിന്റെ തെളിവുകളോ... സംശയങ്ങളും വിശ്വാസങ്ങളും ഇങ്ങനെ നിരവധിയാണ്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് ഏറെക്കുറേ വിശ്വസനീയമായ സാധ്യതയുമായെത്തിയിരിക്കുകയാണു ശാസ്ത്രലോകം.

∙ എവിടെ, എന്താണ് അറ്റക്കാമ?

ലോകത്തിലെ തന്നെ ഏറ്റവും വരണ്ടതും പഴക്കമേറിയതുമായ മരുഭൂമിയാണു ചിലെയിലെ അറ്റക്കാമ. 6 കിലോമീറ്ററിലധികം ഉയരമുള്ള പർവതങ്ങൾ അറ്റക്കാമയിലുണ്ടെങ്കിലും അവയിലൊന്നും തന്നെ മഞ്ഞോ ഹിമാനികളോ ഇല്ലെന്നതു വരണ്ട കാലാവസ്ഥയ്ക്കു തെളിവാകുന്നു. ഒരു കാലത്ത് പച്ചപ്പുണ്ടായിരുന്ന പ്രദേശം പിന്നീടു മരുഭൂമിയായി മാറുകയായിരുന്നു. ഇപ്പോൾ മാലിന്യം തള്ളൽ കാരണം കനത്ത മലിനീകരണത്തിന്റെ വക്കിലും.

പസിഫിക് സമുദ്രത്തിനടുത്തായാണു അറ്റക്കാമ സ്ഥിതിചെയ്യുന്നത്. 1600 കിലോമീറ്ററാണു നീളം. 1.05 ചതുരശ്ര ലക്ഷം കിലോമീറ്ററാണു വിസ്തീർണം. ധ്രുവ മേഖലകൾ ഒഴിച്ചു നിർത്തിയാൽ ഭൂമിയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ഇടമാണ് അറ്റക്കാമ. നാസ ഉൾപ്പെടെ പല ബഹിരാകാശ ഏജൻസികളും ചൊവ്വ, ചാന്ദ്ര ദൗത്യങ്ങളുടെ പ്രവർത്തനം പഠിക്കാനും ഉപരിതലത്തിലെ മാറ്റങ്ങളെക്കുറിച്ചു പഠിക്കാനും അറ്റക്കാമ മരുഭൂമി ഉപയോഗിക്കാറുണ്ട്. അറ്റക്കാമയിലെ മണ്ണ് ചൊവ്വയിലെ മണ്ണിനോടു സാമ്യമുള്ളതായതിനാൽ അതിനെക്കുറിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്.

∙ ഗ്ലാസ് എവിടെ?

കടും പച്ചയും കറുപ്പും നിറങ്ങളിലുള്ള ഗ്ലാസ് കഷണങ്ങളാണു അറ്റക്കാമയിൽ പതിറ്റാണ്ടുകൾക്കു മുൻപേ കണ്ടെത്തിയത്. ഏതാണ്ട് 75 കിലോമീറ്റർ സ്ഥലത്താണു ഈ ഗ്ലാസ് ശേഷിപ്പുകൾ കാണപ്പെടുന്നത്. 50 സെന്റീമീറ്റർ വരെ വലുപ്പമുളള കഷണങ്ങൾ ഇക്കൂട്ടത്തിലുണ്ട്. പരന്ന പ്രതലമായല്ല ഈ ഗ്ലാസ് കഷണങ്ങൾ കാണപ്പെടുക, പകരം മടക്കുകയും തിരിക്കുകയും ചെയ്ത രൂപത്തിലാണു കാണപ്പെടുന്നത്. മരുഭൂമിയിൽ ഗ്ലാസ് കഷണങ്ങൾ എങ്ങനെ വന്നു എന്നതിനൊപ്പം അവയുടെ രൂപമാണ് ആദ്യം സംശയങ്ങളും വിവിധ അഭ്യൂഹങ്ങളും സൃഷ്ടിച്ചത്.

അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായുണ്ടായതാണെന്നും മരുഭൂമിയിലെ ചൂടിൽ മണ്ണിലെ ഘടകങ്ങൾ ചേർന്നു ഗ്ലാസ് രൂപപ്പെട്ടതാകാമെന്നുമാണു പ്രബലമായ വാദങ്ങൾ. ഭൗമോപരിതലത്തിൽ ഉണ്ടായിരുന്ന ഗ്ലാസ് കഷണങ്ങൾ ഏതോ കാലത്തു പുല്ലിനു തീപിടിച്ചപ്പോൾ വളഞ്ഞതാകാമെന്നതായിരുന്നു ആകൃതിക്കു കാരണമായി പറഞ്ഞിരുന്നത്. പണ്ട് ഈ മേഖല മരുഭൂമി അല്ലായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ തന്നെ പുല്ലിനു തീപിടിക്കാനും അതിന്റെ ചൂടിൽ വളയാനുമുള്ള സാധ്യതയായിരുന്നു ഏറ്റവും വിശ്വസനീയം.

∙ പുതിയ തെളിവുകൾ

പണ്ടെന്നോ ഛിന്ന ഗ്രഹമോ ഉൽക്കയോ ധൂമകേതുവോ ഭൂമിയിലേക്ക് ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ചിരിക്കാം എന്നാണു പുതിയ കണ്ടെത്തൽ. ഗ്ലാസിന്റെ ഘടകങ്ങളെക്കുറിച്ചു നടത്തിയ പഠനമാണു പുതിയ കണ്ടെത്തലിലേക്കു നീങ്ങിയത്. ഗ്ലാസിൽ സാധാരണ കാണപ്പെടുന്ന ഘടകങ്ങൾക്കു പുറമേ പാറയിലും മറ്റും കാണപ്പെടുന്ന ചില ധാതുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഗ്ലാസിൽ ധാതുക്കൾ എങ്ങനെ വന്നു എന്ന അന്വേഷണമാണു നാസയിലെത്തിയത്. നാസയുടെ ‘സ്റ്റാർഡസ്റ്റ്’ ദൗത്യത്തിന്റെ ഭാഗമായി ‘വൈൽഡ് 2’ എന്ന ധൂമകേതുവിൽ നിന്നു ശേഖരിച്ചു ഭൂമിയിലെത്തിച്ച പാറകളുടെ ഘടനയോട് അടുത്തു നിൽക്കുന്നതായിരുന്നു ഗ്ലാസിൽ കണ്ടെത്തിയ ധാതുക്കൾ. ഛിന്ന ഗ്രഹത്തിന്റെ സാന്നിധ്യം ഇതോടെ തീർച്ചയാക്കുകയായിരുന്നു. ‘തുടർന്നാണു ഉൽക്കയെന്ന രീതിയിൽ ചിന്തിക്കാൻ തുടങ്ങിയത്.

പുതിയ പഠനത്തിലൂടെ ഗ്ലാസ് കഷണങ്ങളുടെ ഉറവിടം ഭൂമിക്കു വെളിയിൽ നിന്നാണെന്ന് ഏറെക്കുറെ തെളിഞ്ഞിരിക്കുകയാണ്. ഉൽക്ക പതിച്ചതിനെത്തുടർന്നാകാം ഈ ഗ്ലാസ് കഷണങ്ങൾ അറ്റക്കാമയിൽ എത്തിപ്പെട്ടത് എന്നാണു മനസ്സിലാക്കുന്നത്. അറ്റക്കാമയിലെ ഗ്ലാസ് കഷണങ്ങളെക്കുറിച്ചുള്ള ഏറ്റവും വിശ്വസനീയവും തെളിവുകളുള്ളതുമായ സാധ്യത നിലവിൽ ഇതു തന്നെയാണ്. ഈ ഗ്ലാസ് കഷണങ്ങൾ രൂപപ്പെട്ടത് തെർമൽ റേഡിയേഷന്റെയും അതിശക്തമായ കാറ്റിന്റെയും ഫലമായാണ്. ഭൂമിയിൽ ഇത്രയും തെർമൽ റേഡിയേഷൻ ഏൽക്കാൻ സാധ്യതയില്ല. ഉൽക്കയിൽ ഭൂമിക്കു പുറത്തുവച്ചു രൂപപ്പെട്ട ഗ്ലാസ് കഷണങ്ങൾ ഭൗമോപരിതലത്തിലേക്കു പ്രവേശിച്ചപ്പോൾ ശക്തമായ കാറ്റിൽ വളയുകയും പിരിയുകയും ചെയ്തു എന്നാണു വ്യക്തമാകുന്നത്. മരുഭൂമിയിലെ മണ്ണുമായി ചേർന്നാണ് ഇന്നു കാണുന്ന ഗ്ലാസ് കഷണങ്ങളായി മാറിയത്’ – പഠനം നടത്തിയ ബ്രൗൺ യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.

‘പഠനങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി മുന്നൂറിലധികം ഗ്ലാസ് കഷണങ്ങളാണു ഗവേഷകർ ശേഖരിച്ചത്. തുടർന്ന് ഇവ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് അവയുടെ രാസഘടന പഠിച്ചു. അതിലൂടെയാണു ധാതുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ശേഖരിച്ച സാംപിളുകളിൽ പലതും വളഞ്ഞതോ തിരിഞ്ഞതോ പിരിഞ്ഞതോ ചുരുട്ടിയതോ തിളച്ച അവസ്ഥയിൽ തന്നെ ഭൂമിയിലേക്ക് എറിയപ്പെട്ടതോ ആയ രൂപത്തിലായിരുന്നു. അതിനു തക്ക ഊഷ്മാവും കാറ്റും ഉൽക്കയോ മറ്റോ ഭൂമിയിലേക്കു പതിച്ചതിന്റെ ഫലമായി ഉണ്ടായതാകുമെന്നാണു പഠനങ്ങളിൽ തെളിഞ്ഞതെന്നു പഠനത്തിനു നേതൃത്വം നൽകിയ പീറ്റ് ഷൽട്സ് പറഞ്ഞു.

atacama
Photo: Shutterstock

∙ അറ്റക്കാമയിലെ തുണി മാലിന്യം

അറ്റക്കാമ മരുഭൂമി ഇന്ന് ഒരു മാലിന്യം തള്ളൽ കേന്ദ്രമാണ്. തണുപ്പുകാലത്തെ വസ്ത്രങ്ങളും ക്രിസ്മസ് വസ്ത്രങ്ങളും ബൂട്ടുകളും എല്ലാം കൂട്ടിയിട്ടുണ്ടായ കുന്ന് അറ്റക്കാമയിൽ ഇന്നു കാണാവുന്ന ദൃശ്യമാണ്. ലോകം വേഗത്തിൽ വളരുമ്പോൾ മുൻപുപയോഗിച്ചിരുന്നവ തള്ളാവുന്ന സ്ഥലമായി ഈ മരുഭൂ പ്രദേശം മാറിയിരിക്കുന്നു. വസ്ത്രങ്ങളുടെയും മറ്റും ട്രെൻഡിനനുസരിച്ചു ജനങ്ങൾ പുതിയവ വാങ്ങുകയും പഴയവ ഉപേക്ഷിക്കുകയും ചെയ്യുന്നതാണു മാലിന്യക്കുന്ന് രൂപപ്പെടാനുള്ള കാരണങ്ങളിലൊന്ന്.

ഉപയോഗിച്ചതും വിൽപന നടക്കാതെ കെട്ടിക്കിടക്കുന്നതുമായ വസ്ത്രങ്ങളുടെ രാജ്യാന്തര ഹബ് ആണ് ഏറെക്കാലമായി ചിലെ. ചൈന, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലെ വമ്പൻ ഫാക്ടറികളിൽ ഉൽപാദിപ്പിക്കുന്ന വസ്ത്രങ്ങൾ ഏഷ്യ, യൂറോപ്പ് വഴിയോ യുഎസ് വഴിയോ ആണു ചിലെയിലെത്തുന്നത്. രണ്ടാം തരം തുണികൾ ഇവിടെ ഒരു വ്യവസായമായി മാറിയിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങൾ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കു വിൽപന നടത്തുകയാണു ചിലെ ചെയ്യുന്നത്. വിലക്കുറവിൽ വസ്ത്രങ്ങൾ ലഭിക്കുമെന്നതിനാൽ അധിക കാലം ഉപയോഗിക്കാതെ തുണികൾ ഉപേക്ഷിക്കുകയാണു ജനങ്ങൾ ചെയ്യുന്നത്. വസ്ത്രത്തിന്റെ വർധിച്ച ആവശ്യകത ബാലവേലയ്ക്കും ഇടയാക്കുന്നുണ്ട്.

വ്യവസായ മേഖലയിലെ ഒരു തുറമുഖത്തു മാത്രമായി 59,000 ടൺ വസ്ത്രങ്ങളാണു പ്രതിവർഷം എത്തുന്നത്. ഇതിൽ കുറച്ച് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വ്യാപാരികൾ വാങ്ങും. കുറച്ചു മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കു നികുതി വെട്ടിച്ചു കയറ്റുമതി ചെയ്യും. എന്നാലും പകുതിയോളം തുണിത്തരങ്ങളും ഉപേക്ഷിക്കേണ്ടി വരും. ഇവയാകട്ടെ ഗവൺമെന്റ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സ്വീകരിക്കുകയുമില്ല. അതിനാൽ മരുഭൂമിയിൽ തള്ളുകയാണ്. കൂടുതലും കോട്ടൺ വസ്ത്രങ്ങളല്ലാത്തതിനാൽ സ്വാഭാവികമായി ഇവ ദ്രവിച്ചു മാറുകയുമില്ല. രാസവസ്തുക്കൾ മണ്ണിൽ കലരുകയും ചെയ്യും. ധാരാളം ചരിത്രമുറങ്ങുന്ന മരുഭൂമിയാണ് ഇങ്ങനെ മലിനീകരിക്കപ്പെടുന്നത്.

English Summary: Researchers Find Mysterious Patches Of Glass Scattered Across Chile's Atacama Desert

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA