ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാൻ വിക്ഷേപണം 2023 ൽ നടക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. 2022 അവസാനത്തോടെ, ‘ഗഗൻയാൻ’ എന്ന, മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്രയ്ക്ക് മുൻപുള്ള രണ്ട് ആളില്ലാ ദൗത്യങ്ങളും പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി വ്യാഴാഴ്ച പറഞ്ഞു. മറ്റു ബഹിരാകാശ പദ്ധതികളുടെ നിലവിലെ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ശുക്ര ദൗത്യം 2022 ലും സോളർ ദൗത്യം 2022-23 ലും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം 2030 ലും ആസൂത്രണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് -19 മഹാമാരി കാരണം ബഹിരാകാശ പദ്ധതികൾ വൈകുന്നതായി സഹമന്ത്രി പറഞ്ഞു. അടുത്ത വർഷം, ഗഗൻയാൻ വിക്ഷേപിക്കുന്നതിനു മുൻപ് രണ്ട് ആളില്ലാ ദൗത്യങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ട്. അതൊരു പതിവു നടപടിക്രമമാണ്. കോവിഡ് കാരണം അത് വൈകുകയായിരുന്നു. ‘വ്യോമമിത്ര’ എന്നു പേരിട്ടിരിക്കുന്ന റോബോട്ടുകളും ഇതിനോടൊപ്പം ഉണ്ടാകും. ആളില്ലാ ദൗത്യം പൂർത്തിയായാൽ 2023 ൽത്തന്നെ മനുഷ്യനെ വഹിച്ചുള്ള ഗഗൻയാൻ വിക്ഷേപണം നടക്കും. ഇതോടെ യുഎസ്, ചൈന, റഷ്യ എന്നിവയ്ക്കു ശേഷം ബഹിരാകാശത്തേക്ക് മനുഷ്യനെ അയച്ച നാലാമത്തെ രാജ്യമാകും ഇന്ത്യ.

ഗഗൻയാൻ മറ്റു രാജ്യങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളിൽനിന്ന് വ്യത്യസ്തമാകുമെന്നും ചെലവ് കുറഞ്ഞതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ ദൗത്യം ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്കുയർത്തും. ഇതിന്റെ ഭാഗമായി ഉപയോഗിക്കുന്ന റോബോട്ടിക് സംവിധാനങ്ങളെല്ലാം രാജ്യത്തെ യുവാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗഗൻയാനു പുറമേ മറ്റു നിരവധി ദൗത്യങ്ങളും നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. 2023 ഓടെ ശുക്രദൗത്യം പദ്ധതിയിലുണ്ട്. ‘ആദിത്യ സോളർ മിഷൻ’ എന്ന സോളർ ദൗത്യം 2022-23 ലേക്ക് ആസൂത്രണം ചെയ്യുന്നുണ്ട്. മഹാമാരി കാരണം ചന്ദ്രയാൻ ദൗത്യം വൈകിയിരുന്നു. അടുത്ത വർഷത്തോടെ ഇത് വിക്ഷേപിക്കും. 2030 ഓടെ, ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

gaganyaan-spacesuit

ഗഗൻയാൻ ദൗത്യത്തിൽ ഉപയോഗിക്കുന്നതിന് സ്റ്റാർട്ടപ്പുകളിൽനിന്ന് കുറഞ്ഞ ചെലവിൽ 17 സാങ്കേതികവിദ്യകൾ ഐഎസ്ആർഒ ലഭ്യമാക്കിയത് സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞത്, ഗഗൻയാൻ ദൗത്യത്തിനൊപ്പം നിരവധി ഗവേഷണ മൊഡ്യൂളുകളും ഉണ്ടാകുമെന്നാണ്, അതിൽ സ്റ്റാർട്ടപ്പുകളും മറ്റു ടെക് കമ്പനികളും ഉൾപ്പെടുന്നു. 500 വ്യവസായ സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാകും. ആദ്യമായാണ് ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയിൽ സ്വകാര്യ സംരംഭകർ പങ്കാളികളാകുന്നതെന്നും മന്ത്രി പറഞ്ഞു.

English Summary: India will launch 2 unmanned missions in 2022 before Gaganyaan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com