ADVERTISEMENT

ചൈനീസ് ശാസ്ത്രജ്ഞര്‍ കാലാവസ്ഥയെ മാറ്റുന്നതില്‍ വിജയിച്ചെന്ന് സിന്‍ഹുവ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബെയ്ജിങ്ങിന് മുകളില്‍ തെളിഞ്ഞ ആകാശം ഉറപ്പുവരുത്തുന്നതിലാണ് ഗവേഷകര്‍ വിജയിച്ചത്. ടിയാനന്‍മെന്‍ ചത്വരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ചടങ്ങ് നടക്കുമ്പോള്‍ അന്തരീക്ഷത്തിലെ മലിനീകരണം കുറച്ചുകൊണ്ട് തെളിഞ്ഞ ആകാശം ഉറപ്പാക്കാനും ചൈനക്ക് സാധിച്ചു.

 

ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചൈന കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ വിജയിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജലകണങ്ങളെ ആകര്‍ഷിക്കുന്ന സില്‍വര്‍ അയോഡൈഡ് കണങ്ങള്‍ മേഘങ്ങളില്‍ വിതറിയാണ് കാലാവസ്ഥയെ മാറ്റുന്നത്. രാജ്യത്തെ കാലാവസ്ഥ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ദീര്‍ഘകാല പദ്ധതികള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യമാണ് ചൈന. 

 

2025 ആകുമ്പോഴേക്കും 55 ലക്ഷം ചതുരശ്ര മൈല്‍ ചുറ്റളവിലുള്ള പ്രദേശത്തെ കാലാവസ്ഥ നിയന്ത്രിക്കാന്‍ പദ്ധതിയുണ്ടെന്ന് ഒരു വര്‍ഷം മുൻപ് തന്നെ ചൈന പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ആകെ വലുപ്പത്തേക്കാള്‍ (32.80 ലക്ഷം ചതുരശ്ര മൈല്‍) കൂടുതലാണ് ചൈനീസ് കാലാവസ്ഥാ നിയന്ത്രണ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശം. ഇത്രയും വലിയ പ്രദേശത്തെ കാലാവസ്ഥ മാറ്റുമ്പോള്‍ ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളിലേയും ഭൂമിയിലെ മറ്റു പ്രദേശങ്ങളിലേയും കാലാവസ്ഥയില്‍ ഈ ചൈനീസ് നടപടി എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്ക സജീവമാണ്.

 

നേരത്തെയും ക്ലൗഡ് സീഡിങ് വഴി ചൈന കാലാവസ്ഥയെ നിയന്ത്രിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിന്റെ സമയത്തായിരുന്നു ലോകത്തെ തന്നെ ഏറ്റവും വലിയ ക്ലൗഡ് സീഡിങ് വഴിയുള്ള കാലാവസ്ഥാ നിയന്ത്രണം ചൈന നടപ്പാക്കിയത്. ഇക്കുറി ജൂലൈ ഒന്നിന് നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബെയ്ജിങ്ങിനോട് ചേര്‍ന്നുള്ള മലനിരകളില്‍ നിന്നും റോക്കറ്റുകള്‍ പറന്നുയര്‍ന്നിരുന്നു. ഈ റോക്കറ്റുകള്‍ വഴിയാണ് ക്ലൗഡ് സീഡിങ് ചൈന നടത്തിയതെന്നാണ് സിന്‍ഹുവ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. 

 

അമേരിക്ക അടക്കം പല രാജ്യങ്ങളും ക്ലൗഡ് സീഡിങ്ങില്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ചൈനയുടേതിന് സമാനമായ രീതിയില്‍ വിപുലമായി പ്രാവര്‍ത്തികമാക്കിയതിന് തെളിവുകളില്ല. സ്വന്തം ആവശ്യങ്ങള്‍ക്കായി കാലാവസ്ഥയെ മാറ്റിയ ചൈന പ്രതിരോധ ആവശ്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളിലെ കാലാവസ്ഥയെ തകിടം മറിക്കാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ക്ലൗഡ് സീഡിങ് വ്യാപകമായി ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന കാലാവസ്ഥയിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് കാര്യമായ ധാരണ ഇന്നും നമുക്കില്ല. ആഗോള താപനം പോലുള്ള പ്രതിസന്ധികളെ കൂടുതല്‍ ആഴത്തിലാക്കാന്‍ ഇത്തരം നീക്കങ്ങള്‍ കാരണമാവുമോ എന്ന ആശങ്കയും സജീവമാണ്.

 

English Summary: Scientists Say They Caught China Successfully Changing the Weather

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com