36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചു, 2022 ൽ ഇന്ത്യയിൽ അതിവേഗ ഇന്റർനെറ്റ് എത്തിയേക്കും

oneweb
Photo: Oneweb
SHARE

ഭാരതി എയർടെലിന്റെ നേതൃത്വത്തിലുള്ള വൺ‌വെബ് 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചു. 2022 പകുതിയോടെ ഇന്ത്യയിൽ അതിവേഗ ബ്രോഡ്‌ബാൻഡ് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഭാരതി ഗ്ലോബലിന്റെയും യുകെ സർക്കാരിന്റെയും ഉടമസ്ഥതയിലുള്ള ലോ എർത്ത് ഓർബിറ്റ് (ലിയോ) സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഓപ്പറേറ്ററായ വൺവെബ് കസാക്കിസ്ഥാനിലെ ബൈകോണൂർ കോസ്‌മോഡ്രോമിൽ നിന്നാണ് 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചത്. പ്രധാന ആഗോള വിപണികളിൽ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്നതിന് വഴിയൊരുക്കുന്നതാണിത്.

വൺവെബ് 2021-ൽ ഷെഡ്യൂൾ ചെയ്‌ത എട്ട് ലോഞ്ചുകളുടെ ശ്രേണിയിലെ അവസാനത്തേതാണ് കഴിഞ്ഞ ദിവസം നടന്നത്. ഫ്രഞ്ച് ആഗോള വിക്ഷേപണ സേവന കമ്പനിയായ ഏരിയൻസ്‌പേസ്, വൺവെബ്, റഷ്യയുടെ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് എന്നിവയെല്ലാം വിക്ഷേപണം തൽസമയം സംപ്രേക്ഷണം ചെയ്തിരുന്നു.

യുകെ, അലാസ്ക, വടക്കൻ യൂറോപ്പ്, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, യുഎസ്, ആർട്ടിക് സമുദ്രം, കാനഡ തുടങ്ങി പ്രദേശങ്ങളിലെല്ലാം പൂർണമായും കണക്റ്റിവിറ്റി നൽകാൻ ഇപ്പോഴത്തെ ഉപഗ്രഹങ്ങൾക്ക് സാധിക്കുമെന്നാണ് വൺവെബ് അകവാശപ്പെടുന്നത്. ഇതോടെ വൺവെബ് വിക്ഷേപിച്ച മൊത്തം ഉപഗ്രഹങ്ങളുടെ എണ്ണം 394 ആയി. 648 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് വൺവെബിന്റെ ലക്ഷ്യം.

ഇന്ത്യയിൽ 2022 പകുതിയോടെ ഉപഗ്രഹങ്ങൾ വഴി ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ലഭ്യമാക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് ഭാരതി എയർടെൽ മേധാവി സുനിൽ മിത്തൽ നേരത്തേ വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുമായും മറ്റ് അധികാരികളുമായും ചർച്ച നടത്തിവരികയാണെന്നും വൺവെബിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റ ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞിരുന്നു. വൺ വെബിന്റെ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഭാരതി എയർടെല്ലിന്റെ മൊബൈൽ സേവനങ്ങൾക്ക് വെല്ലുവിളിയാകില്ല. കാരണം മരുഭൂമികൾ, പർവതപ്രദേശങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലും വൺവെബ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭിക്കുമെന്നും മിത്തൽ വ്യക്തമാക്കിയിരുന്നു.

യുകെ സർക്കാരും ഭാരതി ഗ്ലോബലും അടങ്ങുന്ന നിക്ഷേപകരുടെ കൺസോർഷ്യം ഏറ്റെടുത്ത ബ്രോഡ്‌ബാൻഡ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വൺവെബ് ഇന്ത്യയിലും ആഫ്രിക്ക ഉൾപ്പെടെയുള്ള മറ്റ് വികസ്വര രാജ്യങ്ങളിലും ഗ്രാമീണ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വർധിപ്പിക്കുമെന്നാണ് കരുതുന്നത്.

ഗ്രാമീണ ബ്രോഡ്‌ബാൻഡിനെ സംബന്ധിച്ചിടത്തോളം ആഫ്രിക്ക, ഇന്ത്യ, വികസിത രാജ്യങ്ങൾ എന്നിവ വൺവെബിന്റെ ഉപഗ്രഹ ശൃംഖലയിൽ നിന്ന് പ്രയോജനം നേടും. അവർക്ക് ഏറ്റവും വലിയ നേട്ടമുണ്ടാകും. പ്രതിരോധം പോലുള്ള നിർണായക മേഖലകൾക്കായി, യുകെയിലെ പ്രതിരോധ മന്ത്രാലയം ഇതിനകം ഞങ്ങളുമായി ഇടപഴകുന്നു, കാരണം അവർക്ക് വളരെ വിദൂര പ്രദേശങ്ങളിൽ കണക്റ്റിവിറ്റി ആവശ്യമാണെന്നും മിത്തൽ പറഞ്ഞു.

സാങ്കേതികവിദ്യാ രംഗത്ത് താമസിയാതെ സംഭവിച്ചേക്കാവുന്ന ഒന്ന് തന്നെയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ്. കഴിഞ്ഞ വർഷമാണ് എയര്‍ടെല്ലിന്റെ ഉടമയായ ഭാരതി ഗ്ലോബൽ ലോകത്തെ ആദ്യ ലോ എര്‍ത് ഓര്‍ബിറ്റ് സാറ്റ്‌ലൈറ്റ് സമൂഹമായി അറിയപ്പെടുന്ന വണ്‍വെബിന്റെ ഉടമസ്ഥരില്‍ ഒരാളായത്. വണ്‍വെബ് ഇന്ത്യയുടെ ഉള്‍മേഖലകളിലേക്കു പോലും ഇന്റര്‍നെറ്റ് എത്തിക്കുമെന്ന് ഉറപ്പാണ്.

ലോകത്തെ ആദ്യത്തെ ലോ എര്‍ത് ഓര്‍ബിറ്റ് അഥവാ ലിയോ സാറ്റലൈറ്റ് സമൂഹമാണ് വണ്‍വെബ്. ഇതില്‍ 648 സാറ്റലൈറ്റുകളാണ് ഉണ്ടായിരിക്കുക. 1200 കിലോമീറ്റര്‍ ആള്‍ട്ടിട്യൂഡിലായിരിക്കും ഇവ കാണപ്പെടുകക. ലോകത്തിന്റെ ഓരോ ഇഞ്ചും ഇതിന്റെ പരിധിയിലായിരിക്കും. വണ്‍വെബ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ്, ഇസ്രോയുടെ സഹകരണത്തോടെ അടിസ്ഥാന സൗകര്യമൊരുക്കിക്കഴിഞ്ഞ് രാജ്യത്ത് ലാന്‍ഡിങ് അവകാശം ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് എയർടെൽ മേധാവി വെളിപ്പെടുത്തിയിരുന്നു. രാജ്യമെമ്പാടും ലാന്‍ഡിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ച ശേഷമായിരിക്കും വിതരണം തുടങ്ങുക. ഇന്ത്യയുടെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാവായ എയര്‍ടെല്ലിന്റെ ഉടമയായ ഭാരതി വണ്‍വെബിന്റെ ഉടമസ്ഥത പങ്കുവയ്ക്കുന്നത് ബ്രിട്ടിഷ് സർക്കാരുമായാണ്. ജപ്പാന്റെ സോഫ്റ്റ്ബാങ്കിന്റെ ഉടമസ്ഥതയിലായിരുന്ന വണ്‍വെബ് പാപ്പരായി നിന്ന സമയത്താണ് ബ്രിട്ടിഷ് സർക്കാരും ഭാരതിയും ചേര്‍ന്ന് അത് സ്വന്തമാക്കിയത്.

നേരത്തെ വണ്‍വെബ് അറിയപ്പെട്ടിരുന്നത് വേള്‍ഡ്‌വു (WorldVu) എന്നായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒടുവിലാണ് തങ്ങള്‍ പാപ്പരായെന്ന് കമ്പനി പ്രഖ്യാപിക്കുന്നത്. കമ്പനി വിക്ഷേപിച്ച 104 സാറ്റ്‌ലൈറ്റുകളും ഇപ്പോള്‍ ഭ്രമണപഥത്തിലുണ്ട്. മൊത്തം 74 സാറ്റലൈറ്റുകളാണ് പാപ്പരാകുന്നതിനു മുൻപ് കമ്പനി വിക്ഷേപിച്ചത്. ലണ്ടനാണ് ഇപ്പോള്‍ കമ്പനിയുടെ ആസ്ഥാനം. അവര്‍ക്ക് കലിഫോര്‍ണിയ, ഫ്‌ളോറിഡ്, വെര്‍ജിനിയ, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓഫിസുകളുണ്ട്.

English Summary: Bharti-backed OneWeb launches 36 more satellites, deploys 60% of targeted LEO satellite fleet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA