ആ 2 ദിവസവും ചൈനീസ് ഗവേഷകർ ഭയന്നു, ഒഴിവായത് വൻ ദുരന്തം – റിപ്പോർട്ട് പുറത്ത്

china-space-station-
SHARE

ബഹിരാകാശത്തെ ഓരോ നീക്കവും വിവിധ രാജ്യങ്ങളും ബഹിരാകാശ ഏജൻസികളും തമ്മിൽ പരസ്പര ധാരണയോടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഈ വർഷം രണ്ടു തവണയാണ് ചൈനീസ് ബഹിരാകാശ നിലയത്തിനു നേരെ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ കുതിച്ചെത്തിയത്. ഉപഗ്രഹങ്ങൾ നേർക്കുവരുന്നത് മുൻകൂട്ടി കണ്ടെത്താൻ സാധിച്ചതിനാൽ നിലയത്തെ മുകളിലേക്ക് ഉയർത്തി വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഈ മാസം ആദ്യം ചൈന യുഎൻ ഔട്ടർ സ്‌പേസ് അഫയേഴ്‌സ് ഓഫിസിന് സമർപ്പിച്ച രേഖയിലാണ് ഇക്കാര്യം പറയുന്നത്.

യുഎന്നിൽ നൽകിയ രേഖകൾ പ്രകാരം ചൈന 2021 ൽ അഞ്ച് വിക്ഷേപണ ദൗത്യങ്ങൾ പൂർത്തിയാക്കി. ബഹിരാകാശ നിലയത്തിന്റെ ടിയാൻഹെ കോർ മൊഡ്യൂളായ ടിയാൻ‌ഷോ -2, ടിയാൻ‌ജൂ -3 കാർഗോ ബഹിരാകാശ പേടകങ്ങൾ, ഷെൻ‌സോ -13, ഷെൻ‌ഷോ -14 ക്രൂഡ് ബഹിരാകാശ പേടകങ്ങൾ എന്നിവ ഭ്രമണപഥത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി പരിക്രമണ ചരിവിൽ ഏകദേശം 390 കിലോമീറ്റർ ഉയരത്തിൽ സ്ഥിരതയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്.

എന്നാൽ ജൂലൈ 1, ഒക്ടോബർ 21 തിയതികളിൽ സ്പേസ്എക്സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ചൈനയുടെ ബഹിരാകാശ നിലയത്തിനു നേരെ വരികയായിരുന്നു. കൂട്ടിയിടി ഒഴിവാക്കൽ നിലയത്തിന്റെ ഭ്രമണപഥം മാറ്റിയെന്നും രേഖയിൽ പറയുന്നുണ്ട്.

സ്‌പേസ് എക്‌സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ എല്ലായ്പ്പോഴും 550 കിലോമീറ്റർ ഉയരത്തിലാണ് പരിക്രമണം ചെയ്യുന്നതെന്ന് എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ മുതിർന്ന വിദഗ്ധനായ ഹുവാങ് സിചെങ് ഗ്ലോബൽ ടൈംസിനോട് പറഞ്ഞു. എന്നാൽ, നിലവിലെ ഉപഗ്രഹങ്ങളുടെ ഭീഷണികൾ കൃത്യമായി പരിശോധിക്കാൻ ബഹിരാകാശത്ത് ചൈനയ്ക്ക് ശേഷിയുണ്ടോ എന്ന് പരീക്ഷിക്കാനാണ് ഈ നീക്കമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും ഹുവാങ് പറഞ്ഞു.

2020 ഏപ്രിൽ 19 മുതൽ സ്റ്റാർലിങ്ക്-1095 ഉപഗ്രഹം ശരാശരി 555 കിലോമീറ്റർ ഉയരത്തിൽ സ്ഥിരതയുള്ള ഭ്രമണപഥത്തിലായിരുന്നു. 2021 മെയ് 16 നും ജൂൺ 24 നും ഇടയിൽ സ്റ്റാർലിങ്ക്-1095 ഉപഗ്രഹം തുടർച്ചയായി 382 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് വന്നു. തുടർന്ന് ആ ഭ്രമണപഥത്തിൽ തന്നെ തുടരുകയായിരുന്നു. 2021 ജൂലൈ 1 നാണ് സ്റ്റാർലിങ്ക് -1095 ഉപഗ്രഹവും ചൈനയുടെ ബഹിരാകാശ നിലയവും തമ്മിൽ അടുത്തേക്ക് വന്നത്.

2021 ഒക്ടോബർ 21-നാണ് സ്റ്റാർലിങ്ക്-2305 ഉപഗ്രഹം ചൈനയുടെ ബഹിരാകാശ നിലയത്തിന്റേ അടുത്തേക്ക് വന്നത്. ഉപഗ്രഹം തുടർച്ചയായി ഭ്രമണപഥം മാറ്റുന്നതിനാൽ കൃത്യമായി ഒന്നും മനസിലാക്കാൻ ചൈനീസ് ഗവേഷകർക്കും സാധിക്കുന്നില്ല. ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ വിലയിരുത്താൻ പ്രയാസമാണ്. ഇതിനാൽ സ്റ്റാർലിങ്ക്-2305 ഉപഗ്രഹവും ബഹിരാകാശ നിലയവും തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയായിരുന്നു.

ഏകദേശം 30,000 ഉപഗ്രഹങ്ങളും മറ്റ് അവശിഷ്ടങ്ങളും ഭൂമിക്ക് ചുറ്റും പരിക്രമണം ചെയ്യുന്നുണ്ട്. ഇതിനാൽ തന്നെ വിനാശകരമായ ബഹിരാകാശ കൂട്ടിയിടികളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ഡേറ്റ പങ്കിടാൻ ശാസ്ത്രജ്ഞർ മറ്റു രാജ്യങ്ങളോട് അഭ്യർഥിക്കാറുണ്ട്. സ്‌പേസ് എക്‌സ് മാത്രം സ്റ്റാർലിങ്ക് ബ്രോഡ്‌ബാൻഡ് ശൃംഖലയ്ക്കായി ഏകദേശം 1,900 ഉപഗ്രഹങ്ങൾ വിന്യസിച്ചു, കൂടുതൽ വിക്ഷേപിക്കാൻ പദ്ധതിയിടുന്നുമുണ്ട്. ഇതെല്ലാം ഭാവിയിൽ വലിയ തലവേദനയാകും.

English Summary: SpaceX satellites' near collision with Chinese space station could be deliberate tests

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA