ബഹിരാകാശത്ത് മനുഷ്യനു സംഭവിക്കുന്നത് വൻ മാറ്റങ്ങൾ, ഭൂമിയിലെത്തിയാൽ നടക്കാൻ പോലും കഴിയില്ല, എന്തുകൊണ്ട്?

space-asteronuts
SHARE

ബഹിരാകാശത്തു നിന്നും തിരികെയെത്തിയ ഉടനെ സഞ്ചാരികളെ കാണുക ഒരു വീല്‍ചെയറിലായിരിക്കും. എന്താണ് അതിന്റെ കാരണമെന്ന് അറിയുമോ? ബഹിരാകാശത്ത് നിന്നും ഭൂമിയിലെത്തിയ ഉടന്‍ മനുഷ്യര്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് കാരണം. എന്തുകൊണ്ടായിരിക്കും ബഹിരാകാശ യാത്രികര്‍ക്ക് തിരിച്ച് ഭൂമിയിലേക്കെത്തിയാല്‍ ഒറ്റക്ക് നടക്കാന്‍ പോലും സാധിക്കാത്തത്. 

1961 ഏപ്രില്‍ 12നാണ് സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിന്‍ ബഹിരാകാശത്തേക്കെത്തുന്ന ആദ്യ മനുഷ്യനായി മാറിയത്. ഇതിനു തൊട്ടു പിന്നാലെ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1961 മെയ് അഞ്ചിന് അലന്‍ ഷെപ്പേഡിനേയും അതേ വര്‍ഷം തന്നെ ജൂലൈ 21ന് വിര്‍ജില്‍ ഗ്രിംസോമിനേയും ബഹിരാകാശത്തേക്കെത്തിച്ച് അമേരിക്കയും നാസയും കഴിവ് തെളിയിക്കുകയും ചെയ്തു. ഭൂമിയിലെ മനുഷ്യ ജീവിതം കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന നിരവധി ഗവേഷണങ്ങളാണ് പല മേഖലകളിലായി ബഹിരാകാശത്ത് പിന്നീട് നടന്നത്.

ബഹിരാകാശത്തേക്കുള്ള യാത്രകളില്‍ നിരവധി വെല്ലുവിളികളാണ് ഓരോ യാത്രികരും നേരിടേണ്ടി വരുന്നത്. ഭക്ഷണവും ഉറക്കവും ഭാരക്കുറവും രക്തക്കുഴലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തുലനിലയിലെ പ്രശ്‌നങ്ങളും കാഴ്ചയിലെ താളപ്പിഴകളും മൂക്കടപ്പും തുടങ്ങി ബഹിരാകാശ സഞ്ചാരികളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം വരെ താറുമാറാകാറുണ്ട്. 

ഇതില്‍ ഭാരക്കുറവിന്റെ ഭാഗമായി മനുഷ്യ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. എല്ലുകളുടേയും പേശികളുടേയും ഭാരത്തില്‍ കുറവുണ്ടാവും. ഭൂമിയിലേതുപോലെ ശരീരത്തിന്റെ തുലന നില താങ്ങി നിര്‍ത്തേണ്ടതില്ലാത്തതിനാല്‍ മസിലുകള്‍ ചുരുങ്ങുകയും ശോഷിക്കുകയും ചെയ്യും. ബഹിരാകാശത്തുള്ളപ്പോള്‍ ഉപയോഗമില്ലാത്ത പേശികള്‍ ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ പഴയതുപോലെ അതേ ശേഷിയില്‍ ഉപയോഗിക്കാനാവില്ല. 

ഇതിന്റെയൊക്കെ ഫലമായി സാധാരണ ശരീര ഭാരത്തേക്കാള്‍ അഞ്ചിരട്ടിയോളം ഭാരം ഭൂമിയില്‍ തിരിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് അനുഭവപ്പെടുമെന്നും ചില ഗവേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെയൊക്കെ ഫലമായാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയ ഉടന്‍ സഞ്ചാരികളെ വീല്‍ചെയറിലേക്ക് മാറ്റുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ബഹിരാകാശ സഞ്ചാരികള്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങിയെത്താനാവുക.

English Summary: Why astronauts can’t walk immediately after landing on earth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA