2021ൽ സംഭവിച്ചത് ശതകോടീശ്വരന്മാരുടെ ബഹിരാകാശ മത്സരം

Richard Branson and Jeff Bezos.
SHARE

ശാസ്ത്ര സാങ്കേതിക മേഖലയില്‍ നേട്ടങ്ങളുടേയും മുന്നേറ്റങ്ങളുടേയും വര്‍ഷം കൂടിയായിരുന്നു 2021. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധര്‍ തിരഞ്ഞെടുത്ത 2021ലെ ചില പ്രധാന ശാസത്ര സംഭവങ്ങൾ നോക്കാം. 

∙ ശതകോടീശ്വരന്മാരുടെ ബഹിരാകാശ മത്സരം

പോയവര്‍ഷം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ച വിഷയമാണ് ബഹിരാകാശവും അന്യഗ്രഹയാത്രകളും. നാസയുടെ  പെഴ്സിവീയറൻസ് ചൊവ്വയില്‍ ഇറങ്ങിയതും, ഛിന്നഗ്രഹത്തിലേക്ക് മനുഷ്യന്‍ ബഹിരാകാശ വാഹനം അയച്ചതും, പുതുതായി 200ലേറെ ഗ്രഹങ്ങളെ കണ്ടെത്തിയതുമെല്ലാം ബഹിരാകാശ ശാസ്ത്രമേഖലയിലെ നിര്‍ണായക നേട്ടങ്ങളാണ്. ഇതിനെയെല്ലാം മറികടക്കുന്നതാണ് സ്വകാര്യമേഖലയിലെ ബഹിരാകാശ കമ്പനികളുടെ നേട്ടങ്ങള്‍. 

90കാരന്‍ വില്യം ഷാറ്റ്‌നര്‍ ബഹിരാകാശത്ത് പോയിവന്നത് ആര്‍ക്കും ബഹിരാകാശത്തേക്ക് വിനോദ സഞ്ചാരം സാധ്യമാണെന്നതിന് തെളിവായി മാറി. ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി അലന്‍ ഷെപ്പേഡിന്റെ ബഹുമാനാര്‍ഥം പേരിട്ട ന്യൂ ഷെപ്പേഡ് റോക്കറ്റിലായിരുന്നു ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ വില്യം ഷാറ്റ്‌നറെ ബഹിരാകാശത്തേക്ക് എത്തിച്ചത്. എന്നാല്‍ ആദ്യം ബഹിരാകാശത്തേക്ക് പോവുന്ന സ്വകാര്യ കമ്പനിയാവാനുള്ള മത്സരത്തില്‍ ബെസോസിന്റെ ബ്ലൂ ഒറിജിനെ റിച്ചഡ് ബ്രാന്‍സനിന്റെ വെര്‍ജിന്‍ ഗലാക്റ്റിക്കിനെ തോല്‍പ്പിക്കുക തന്നെ ചെയ്തു. ബ്ലൂ ഒറിജിനേക്കാള്‍ ഒൻപത് ദിവസങ്ങള്‍ മുൻപ് വെര്‍ജിന്‍ ഗലാക്റ്റിക് പേടകം ബഹിരാകാശത്തേക്ക് കുതിച്ചു.

SPACE-EXPLORATION/VIRGINGALACTIC

ബ്രാന്‍സനും സംഘവും ഭൂമിയില്‍ നിന്നും 88 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് പറന്നത്. ബഹിരാകാശത്തിന്റെ അതിര്‍ത്തിയായി കണക്കാക്കുന്ന സാങ്കല്‍പിക ക്രാമന്‍ രേഖയ്ക്ക് മുകളിലേക്ക് എത്താന്‍ വെര്‍ജിന്‍ ഗലാക്റ്റിക്കിന് സാധിച്ചതുമില്ല. കാരണം 100 കിലോമീറ്റര്‍ ഉയരത്തിലാണ് ക്രാമന്‍ രേഖയെന്നാണ് കണക്കാക്കുന്നത്. അതേസമയം, ബെസോസ് ഒൻപത് ദിവസം വൈകിയാലും ക്രാമന്‍ രേഖയ്ക്ക് മുകളിലേക്ക് പറക്കുകയും ചെയ്തു. 

നിലവില്‍ ശതകോടീശ്വരന്മാരായ അപൂര്‍വം പേര്‍ക്ക് മാത്രമാണ് ബഹിരാകാശ യാത്ര സാധ്യമാവുക. എന്നാല്‍ ഭാവിയിലെ ശാസ്ത്രശാഖയെന്ന നിലയിലാണ് ഇതിന്റെ പ്രാധാന്യമേറുന്നത്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് പോലുള്ള കമ്പനികള്‍ സ്വന്തം റോക്കറ്റുകള്‍ വികസിപ്പിക്കുകയും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് വേണ്ടി ബഹിരാകാശത്തേക്കുള്ള ദൗത്യങ്ങള്‍ വിജയകരമായി ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. നാസക്കുവേണ്ടി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ചരക്കെത്തിക്കുന്ന ദൗത്യങ്ങള്‍ അടക്കം സ്‌പേസ് എക്‌സ് വിജയകരമായി നിര്‍വഹിക്കുന്നുണ്ട്. 

∙ ഫൈബ്രോമയാള്‍ജിയ 

അടുത്തകാലത്തായി മാത്രം കേട്ടു വരുന്ന രോഗങ്ങളിലൊന്നാണ് ഫൈബ്രോമയാള്‍ജിയ. യഥാര്‍ഥകാരണം പോലും പറയാനാവാത്ത ശാരീരിക വേദനയെന്ന രോഗാവസ്ഥയാണിത്. കുറച്ച് കാലം മുൻപ് വരെ മാനസിക രോഗങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിരുന്ന ഫൈബ്രോമയാള്‍ജിയയെ ആവശ്യമുള്ള ശാരീരിക രോഗമായി കണക്കാക്കാന്‍ തുടങ്ങിട്ട് പോലും അധികമായിട്ടില്ല. 

40ല്‍ ഒരാളില്‍ ഇത് കണ്ടുവരുന്നു എന്നതാണ് ഏറെ പ്രധാനം. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഒൻപതിരട്ടിയാണ് ഈ രോഗത്തിന്റെ വ്യാപനം. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പേശികളിലും അസ്ഥികളിലുമുള്ള വേദന, ശരീരത്തിന്റെ മര്‍മഭാഗങ്ങളില്‍ തൊടുമ്പോള്‍ ഉണ്ടാകുന്ന അതിശക്തമായ വേദന, ക്ഷീണം, ഉറക്കമില്ലായ്മ, കോച്ചിപ്പിടിത്തം എന്നിവയൊക്കെ ഫൈബ്രോമയാള്‍ജിയയുടെ ലക്ഷണങ്ങളാണ്. ഇത്തരത്തില്‍ വ്യാപകമായുള്ള രോഗത്തെ രോഗമാണെന്ന് തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും സാധിച്ചുവെന്നതാണ് പ്രധാനം. 2021ല്‍ പ്രസിദ്ധീകരിച്ച കിങ്‌സ് കോളജിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഹൈബ്രോമയാള്‍ജിയ സംബന്ധിച്ച തെറ്റിദ്ധാരണകളില്‍ പലതും നീക്കാന്‍ സഹായമായത്. 

∙ ആഗോളതാപനമെന്ന യാഥാര്‍ഥ്യം

ഈ വര്‍ഷത്തെ മാത്രം കാര്യമല്ല ആഗോളതാപനം. കഴിഞ്ഞ ഓഗസ്റ്റിലാണ് ഐപിസിസി തങ്ങളുടെ ആറാമത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലുകളുടെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പെന്ന രീതിയില്‍ 2014ല്‍ പ്രസിദ്ധീകരിച്ച അഞ്ചാം റിപ്പോര്‍ട്ടിലേതിന് സമാനമായിരുന്നു ഇതിലേയും ഉള്ളടക്കം. എന്നാല്‍ നമ്മള്‍ എങ്ങോട്ടാണ് പോവുന്നത് എന്നത് സംബന്ധിച്ച വ്യക്തമായ തെളിവുകളും ധാരണകളും പുതിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല തരത്തില്‍ പ്രകൃതി ദുരന്തങ്ങളുണ്ടായി. പ്രളയവും വരള്‍ച്ചയും ചുഴലിക്കാറ്റും കാട്ടുതീയും പലയിടത്തും സര്‍വനാശം വിതച്ചു. ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ പോലുള്ള വികസിത രാജ്യങ്ങള്‍ക്ക് പോലും പ്രകൃതിയുടെ കോപത്തിന് മുന്നില്‍ ഉത്തരമില്ലാതായി. 

വിവരങ്ങള്‍ക്ക് കടപ്പാട്: ദ ഗാര്‍ഡിയന്‍

English Summary: Year Ender 2021- Science

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA