ADVERTISEMENT

ചന്ദ്രനിലേക്കു പോയശേഷം തിരികെയെത്തിയ ചൈനീസ് ചാന്ദ്രദൗത്യം ചാങ്ഇ 5 ശേഖരിച്ച സാംപിളുകൾ പരിശോധിച്ചപ്പോൾ അതിൽ വെള്ളത്തിന്റെ സാന്നിധ്യം. ചന്ദ്രനിലെ ഉപരിതലത്തിൽ ജലം അടങ്ങിയിട്ടുണ്ടെന്നതിനു ദൃഢസ്ഥിരീകരണമാണ് ഇതോടെ നടന്നിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഹൈഡ്രോക്സൈൽ രൂപത്തിലും ജലതന്മാത്രയുടെ രൂപത്തിലും 120 പാർട്സ് പെർ മില്യൻ എന്ന അളവിൽ ജലം ചന്ദ്രോപരിതലത്തിൽ സ്ഥിതി ചെയ്യുന്നെന്നാണു കണ്ടെത്തൽ നൽകുന്ന വിവരം.

 

ചന്ദ്രനെ മുൻനിർത്തി ഭാവിയിൽ വൻ പദ്ധതികളാണു ലോകത്ത് ആസൂത്രണം ചെയ്യപ്പെടുന്നത്. ഹീലിയം ത്രീ മുതൽ മറ്റ് അപൂർവ ധാതുക്കൾ വരെ ചന്ദ്രന്റെ മണ്ണിൽ നിന്നു കുഴിച്ചെടുക്കാനുള്ള ഖനന പദ്ധതി മുതൽ ചൊവ്വയിലേക്കുള്ള കവാടമായോ തുറമുഖമായോ ചന്ദ്രനെ ഉപയോഗിക്കാനുള്ള പ്ലാനുകൾ വരെയുണ്ട്. സാങ്കേതികവിദഗ്ധരും രാഷ്ട്രത്തലവൻമാരും വൻകിട കോർപറേറ്റ് മുതലാളിമാരും വരെ ഇത്തരം സ്വപ്നങ്ങൾ കാണുന്നു. ഏതു പദ്ധതി നടക്കണമെങ്കിലും ചന്ദ്രനിൽ കോളനി എന്ന സ്വപ്നം സഫലമാകണം. ഈ സ്വപ്നത്തിന് ഊർജം നൽകുന്ന ഒരു കണ്ടെത്തൽ കൂടിയാണ് ചാങ് ഇ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഭാവിയിൽ റോക്കറ്റുകൾക്കുള്ള ഇന്ധനം പോലും ഈ തന്മാത്രകളിൽ നിന്നു വികസിപ്പിക്കാമെന്നു ശാസ്ത്രനിരീക്ഷകർ പറയുന്നു.

 

ചൈനയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോളജി, ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ജിയോഫിസിക്സ് ഡിപ്പാർട്മെന്റ് എന്നിവരാണു ഗവേഷണം നടത്തിയത്. നേരത്തെയും പല ഉപഗ്രഹദൗത്യങ്ങളും ജലതന്മാത്രകളുടെ സാന്നിധ്യം ചന്ദ്രനിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ നേരിട്ടു സാംപിളുകൾ പരിശോധിച്ച് ഇങ്ങനെ ഒരു ദൗത്യം ആദ്യം.

 

ചൈനയുടെ ചാന്ദ്രപദ്ധതികളിലെ അഞ്ചാം പദ്ധതിയായാണ് ചാങ് ഇ 5 കഴിഞ്ഞ നവംബറിൽ ലോങ് മാർച്ച് 5 റോക്കറ്റിൽ വിക്ഷേപിച്ചത്. ഓർബിറ്റർ, ലാൻഡർ, അസൻഡർ, റിട്ടേണർ എന്നീ ഭാഗങ്ങളടങ്ങിയതായിരുന്നു ദൗത്യം. ലാൻഡർ ആദ്യമായി ചന്ദ്രോപരിതലത്തിലെത്തുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് അസൻഡർ ഈ സാംപിളുകളുമായി ചന്ദ്രോപരിതലത്തിൽ നിന്ന് ഉയർന്നുപൊങ്ങി ഓർബിറ്ററിൽ ചെന്നു ഡോക്കു ചെയ്യുകയും സാംപിളുകൾ കൈമാറുകയും ചെയ്തു. 

ഓർബിറ്റർ തുടർന്ന് ഭൗമഭ്രമണപഥത്തിലേക്കു താഴുകയും സാംപിളുകളുമായി റിട്ടേണർ പുറപ്പെടുകയും ചെയ്തു. ഇത് തിരികെയെത്തി ചൈനയുടെ ഇന്നർ മംഗോളിയ മേഖലയിൽ ചെന്നു വീണു. അവിടുന്നാണ് സാംപിളുകൾ ശേഖരിച്ചെടുത്തത്. 

ഇതോടെ യുഎസ്, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രസാംപിളുകൾ ഭൂമിയിലെത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറി.

 

ചാങ്ഇ പദ്ധതിയി‍ൽ ഇനി 3 ദൗത്യങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. ചാങ് ഇ 6 ,ചാങ് ഇ 7 ദൗത്യം 2024ലും അവസാന ദൗത്യമായ ചാങ് ഇ 8 2027ലും വിക്ഷേപിക്കും.

 

English Summary: Moon 'mystery hut' is just a rabbit-shaped rock, Chinese rover finds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com