വിദൂരഭാവിയിൽ കേരളവും സൊമാലിയയും കൂടിച്ചേരും: പഠനവുമായി ശാസ്ത്രജ്ഞർ

somalia-keralam
SHARE

20 കോടി വർഷങ്ങൾക്കപ്പുറമുള്ള ഭാവിയിൽ കേരളവും സൊമാലിയയും ഒരേ കരഭാഗത്താൽ യോജിക്കപ്പെടുമെന്നു പഠന റിപ്പോർട്ട്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, കെനിയ, ടാൻസാനിയ, മഡഗാസ്‌കർ എന്നിവയടങ്ങിയ കരഭാഗം ആഫ്രിക്കൻ വൻകരയുമായി പൊട്ടിമാറി സമുദ്രത്തിലൂടെ നീങ്ങി പടിഞ്ഞാറൻ ഇന്ത്യൻ തീരവുമായി കോർക്കുന്നതോടെയാണ് ഇതു സംഭവിക്കുകയെന്ന് നെതർലൻഡ്‌സിലെ യൂട്രെക്ട്റ്റ് സർവകലാശാസ്ത്രജ്ഞനായ പ്രഫ. ഡൂ വാൻ ഹിൻസ്‌ബെർഗെന്റെ കീഴിലുള്ള ഗവേഷക സംഘം ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിതമായ സിമുലേഷൻ പഠനത്തിലൂടെ കണ്ടെത്തി. 

പഠനഫലങ്ങൾ അമേരിക്കൻ ജേണൽ ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഭൂമിയിലെ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനങ്ങൾ പഠിച്ചാണ് ഈ പ്രവചനത്തിലേക്കു ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്. വിദൂരഭാവിയിൽ നടക്കുന്ന ഈ പ്രതിഭാസത്തിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള പർവത റേഞ്ചുകളിലൊന്ന് ഇന്ത്യയ്ക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കുമിടയിൽ ഉടലെടുക്കുമെന്നും ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. സോമാലയ എന്നാണ് ഈ പർവത റേഞ്ചിന് അവർ നൽകിയിരിക്കുന്ന പേര്.  തിരുവനന്തപുരം മുതൽ മുംബൈ വരെയുള്ള നഗരങ്ങൾ ഈ പർവതമേഖലയുടെ താഴ്‌വരയിലാകും അന്നു സ്ഥിതി ചെയ്യുക.

വിദൂരഭൂതകാലത്ത് നഷ്ടപ്പെട്ടു പോയ കുറേയേറെ കരഭാഗങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഭൗമശാസ്ത്രജ്ഞനാണ് പ്രഫ. ഹിൻസ്‌ബെർഗൻ. മെഡിറ്ററേനിയൻ കടലിൽ നഷ്ടപ്പെട്ട കരഭാഗം, തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്നത്തെ ഇന്തൊനീഷ്യയ്ക്കു സമീപം സ്ഥിതി ചെയ്ത, പിന്നീട് മറഞ്ഞ കരഭാഗം എന്നിവയെക്കുറിച്ച് അദ്ദേഹം ശ്രദ്ദേയമായ കണ്ടെത്തലുകൾ നടത്തിയിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഭാവിയിൽ സംഭവിക്കാൻ പോകുന്ന ഒരു ഭൗമപ്രക്രിയയെക്കുറിച്ച് ഹിൻസ്‌ബെർഗൻ പഠനം നടത്തുന്നത്. രണ്ടുവർഷത്തോളം സമയം ചെലവിട്ടാണ് സംഘം സിമുലേഷൻ പഠനം നടത്തിയത്.

ഭാവിയിൽ തെക്കുകിഴക്കൻ ഏഷ്യൻ കരഭാഗങ്ങൾ ഇന്ത്യയുടെ കിഴക്കൻ തീരമേഖലയുമായും അടുക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഒരു വലിയ കരഭാഗമായി മേഖല മാറും. ഇപ്പോൾ കിഴക്കൻ ആഫ്രിക്കൻ മേഖലയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മഡഗാസ്‌കർ ദ്വീപ് ശ്രീലങ്കയുടെ കിഴക്കുഭാഗത്തായി പുതിയ സ്ഥാനം തേടും. ആഫ്രിക്കയിൽ നിന്നു പൊട്ടിമാറി വരുന്ന കരഭാഗവുമായി വിളക്കപ്പെടുന്ന ശ്രീലങ്ക ഒരു ദ്വീപ് അല്ലാതായി മാറുകയും ചെയ്യുമെന്ന് പഠനഫലങ്ങൾ വെളിപ്പെടുത്തുന്നു.

ആദിമകാലത്ത് ഭൂമിയിൽ പാൻജിയ എന്ന ഒറ്റ വൻകരയാണുണ്ടായിരുന്നത്. പിന്നീട് കരഭാഗങ്ങളുടെ വ്യാപനം മാറി മാറി വന്നു. ഇന്ത്യ ആദ്യകാലത്ത് ഒരു ദ്വീപായിരുന്നു. പിന്നീട് ഏഷ്യയിലേക്കുള്ള കൂടിച്ചേരലുണ്ടായി. ഇതിന്റെ ഫലമായി ഹിമാലയ പർവത റേഞ്ച് ഉയർന്നു വന്നു. ഇതുപോലെയുള്ള സംഭവങ്ങൾ ഭാവിയിലും സംഭവിക്കും. ഇതാണു തങ്ങൾ പഠനവിധേയമാക്കിയതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

English Summary: Mountains of the Future: the Somalaya Mountains and the collision of India, Somalia and Madagascar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA