ADVERTISEMENT

ലോകത്ത് പ്രവചനങ്ങൾക്ക് ഒരു കുറവുമില്ല. നാളെ എന്ത് സംഭവിക്കുമെന്ന് അന്വേഷിക്കുന്നവർക്കും കാത്തിരിക്കുന്നവർക്കും ഇത്തരം പ്രവചനങ്ങൾ പിന്തുടരാൻ വലിയ ആവേശവുമാണ്. ഇത്തരത്തിലൊരു പ്രവചനം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കേവലം ഒരു ടിക് ടോക്ക് ഉപയോക്താവിന്റെ അവകാശവാദമാണെങ്കില്‍ പോലും രാജ്യാന്തര മാധ്യമങ്ങളെല്ലാം ഈ വിഡിയോ വാർത്തയാക്കിയിട്ടുണ്ട്.

2022ലെ പുതിയ ചില പ്രവചനങ്ങളാണ് ടിക് ടോക് വിഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഭാവിയിൽ നിന്നുള്ള ടൈംട്രാവലർ എന്ന് അവകാശപ്പെടുന്നയാളാണ് പ്രവചനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 2022 ഓ​ഗസ്റ്റിൽ ഒരു ഭൂഗർഭ അന്യഗ്രഹ വംശത്തെ ഭൂമിയിൽ തന്നെ കണ്ടെത്തുമെന്നാണ് ഇയാളുടെ വാദം. പാസ്റ്റ് ടൈം ട്രാവൽ എന്ന അക്കൗണ്ടിലൂടെയാണ് പ്രവചനങ്ങൾ പുറത്തുവന്നത്. താൻ ടൈം ട്രാവലർ അല്ലെന്ന് പറയുന്നവർ ഈ പ്രവചനങ്ങൾ യാഥാർഥ്യമാകുമ്പോൾ വിശ്വസിക്കുമെന്നും ഇയാൾ പറയുന്നു. 

പ്രധാനമായും മൂന്ന് തിയതികളാണ് കൃത്യമായി പരാമർശിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 2ന്, ഭൂമിയിൽ ഒരു ഭൂഗർഭ അന്യഗ്രഹ വംശത്തെ തന്നെ കണ്ടെത്തും, മാർച്ച് 15ന് ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലോകത്തിന്റെ പകുതിയോളം ഭാഗം ചാരമേഘത്തിൽ മുങ്ങും, ജൂൺ 22ന് ഒരു മാസത്തിനു മുൻപ് കാണാതായ വിമാനം തിരിച്ചെത്തും. പക്ഷേ, 3 മണിക്കൂർ നേരം മാത്രമാണ് യാത്ര പോയതെന്ന് വിമാനത്തിലുള്ളവർ പറയും – എന്നിങ്ങനെ പോകുന്നു പ്രവചനങ്ങൾ.

അടുത്തിടെ, ഏരി യോർമനി എന്ന ടൈംട്രാവലറും 2022 നെ കുറിച്ച് മൂന്ന് പ്രവചനങ്ങൾ നടത്തിയിരുന്നു. മാർച്ച് 11ന് മനുഷ്യന് ആദ്യമായി ചിമ്പാൻസിയിൽ ഒരു കുഞ്ഞ് ജനിക്കുമെന്നും, അതിന് സംസാരിക്കാനും മറ്റ് സവിശേഷതകൾ ഉണ്ടാകുമെന്നുമാണ് ഒരു പ്രവചനം. ഏപ്രിൽ 19ന് ഇതുവരെയുള്ള എല്ലാ കോവിഡ് വകഭേദത്തെക്കാൾ അഞ്ചിരട്ടി തീവ്രതയുള്ള 'ഒമേഗ' വകഭേദം വരും. സെപ്റ്റംബർ 17ന് തിമിംഗലത്തെക്കാൾ വലുപ്പമുള്ള ഒരു കടൽ ജീവിയെ കണ്ടെത്തുമെന്നും പ്രവചനമുണ്ട്.

ബൾഗേറിയയിൽ നിന്നുള്ള ബാബ വംഗ മരണത്തിന് മുൻപ്, 2022നെ കുറിച്ച് മറ്റു ചില പ്രവചനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഇത് കാർഷിക മേഖലകളിൽ വെട്ടുക്കിളി ആക്രമണത്തിനും ക്ഷാമത്തിനും കാരണമാകുമെന്നുമായിരുന്നു പ്രവചനങ്ങളിലൊന്ന്. മാത്രമല്ല, മാരകമായ ഒരു വൈറസിനെ ഗവേഷകർ സ്വീഡനിൽ കണ്ടെത്തുമെന്നും പ്രവചിച്ചു. 2022ൽ ലോകമെമ്പാടുമുള്ള ജനങ്ങൾ കൂടുതൽ സമയം സ്‌ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുമെന്നും വിർച്വൽ റിയാലിറ്റിക്ക് പ്രസക്തിയേറുമെന്നും പ്രവചിച്ചു. ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് കണ്ടെത്താൻ അന്യ​ഗ്രഹജീവികൾ ഭൂമിയിലേക്ക് 'ഔമുവാമുവ' എന്ന ക്ഷുദ്രഗ്രഹം അയയ്ക്കുമെന്നും പ്രവചിച്ചു.

 

∙ മനുഷ്യർക്ക് ‘ടൈം ട്രാവല്‍’ സാധ്യമെന്ന് ശാസ്ത്രജ്ഞർ! പഴയകാലത്തേക്ക് പോവുന്നത് ദുരന്തമാകുമെന്ന് മുന്നറിയിപ്പ്

 

ലഭ്യമായ അറിവില്‍ ഇതുവരെ ആര്‍ക്കും ടൈം ട്രാവല്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, അതിപ്പോഴും സാങ്കേതികമായി സാധ്യമാണെന്ന ചിന്ത പല ശാസ്ത്രജ്ഞരുടേയും ചിന്തകളെ ചൂടുപിടിപ്പിക്കാറുണ്ട്. ഭൂതകാലത്തിലേക്ക് സഞ്ചരിക്കാനും നിങ്ങളുടെ മാതാപിതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച ഇല്ലാതാക്കാനും കഴിഞ്ഞാല്‍ നിങ്ങളുടെ നിലനില്‍പ്പ് തന്നെ ഏങ്ങനെ സാധ്യമാണ്? എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുമുണ്ട്. 

time-travel

 

നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തിന്റെ തലപെരുപ്പിക്കുന്ന ഒരു ചിന്തയാണ് ടൈം ട്രാവലെന്നത്. 'ഗ്രാന്റ് ഫാദര്‍ പാരഡോക്‌സ്' എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്റ് സര്‍വകലാശാലയിലെ ജെര്‍മെയ്ന്‍ ടോബറാണ് ഈ വിഷയത്തില്‍ പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിരിക്കുന്നത്. ഏതെങ്കിലും വസ്തുവിന്റെ നിശ്ചിത സമയത്തെ നിലയെക്കുറിച്ച് അറിവുണ്ടെങ്കില്‍ ആ വസ്തുവിന്റെ മുഴുവന്‍ ചരിത്രവും വെളിവാകുമെന്നാണ് ക്ലാസിക്കല്‍ ബലതന്ത്രം നിര്‍വചിക്കുന്നതെന്ന് ടോബര്‍ പറയുന്നു. മാത്രമല്ല ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ടൈം ലൂപ്പുകളും ടൈം ട്രാവലും സാധ്യമാണെന്ന പ്രവചനവും നടത്തിയിട്ടുണ്ട്. ഇതുപ്രകാരം ഒരേ സംഭവം ഭാവിയിലും ഭൂതകാലത്തും സാധ്യമാണ്. 

 

ഇതുപ്രകാരം ഭൂതകാലത്തേക്ക് പോയി ഒരാള്‍ക്ക് കോവിഡ് പോലുള്ള മഹാമാരി ആരംഭിക്കുന്നത് തടയാനാകും. അതേസമയം, ഈ പ്രത്യേക ദൗത്യം സാധ്യമായാല്‍  പോലും വെല്ലുവിളികള്‍ വേറെയുമുണ്ടെന്ന വസ്തുതയാണ് ടോബര്‍ ഓര്‍മിപ്പിക്കുന്നത്. നേരത്തെ അറിവില്ലാത്ത മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ അസുഖം പടര്‍ന്നുപിടിക്കാനുള്ള സാധ്യത അപ്പോഴുമുണ്ടെന്നാണ് ടോബര്‍ ഓര്‍മിപ്പിക്കുന്നത്. 

 

ടൈം ട്രാവല്‍ സാധ്യമാണെങ്കിലും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ നിന്നും ടൈം ട്രാവലേഴ്‌സിനെ വിലക്കണമെന്നാണ് പഠനം പറയുന്നത്. ഈ പഠനം സയന്‍സ് ഫിക്ഷൻ പോലെ തോന്നിപ്പിക്കുന്നതാണെന്നാണ് കോബറിന്റെ പഠനത്തിന് മേല്‍നോട്ടം വഹിച്ച ക്യൂന്‍സ്‌ലാന്റ് സര്‍വകലാശാലയിലെ ഫിസിസിസ്റ്റ് ഫാബിയോ കോസ്റ്റ പറയുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ടൈം ട്രാവല്‍ എന്നത് ശാസ്ത്രലോകത്തിന്റെ പഠനങ്ങളിലും ശാസ്ത്രജ്ഞരുടെ ഗവേഷണ പ്രബന്ധങ്ങളിലും മാത്രം ഒതുങ്ങിയിട്ടുള്ള ഒന്നാണ്. സ്റ്റീഫന്‍ ഹോക്കിങിനെ പോലുള്ള പല മുതിര്‍ന്ന ശാസ്ത്രജ്ഞരും ഭാവിയില്‍ ടൈംട്രാവല്‍ എന്നത് സംഭവ്യമാണെന്ന് കരുതിയവരായിരുന്നു. ഭൂതകാലത്തേക്ക് എത്താനായാല്‍ ഇഷ്ടമുള്ളതെന്തും ചെയ്യാനാവുമെന്നും ഈ പഠനം പറയുന്നു. 

 

English Summary:  ‘Time traveller’ reveals wild predictions for 2022, including new Covid strain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com