ബഹിരാകാശ നിലയത്തിൽ ‘ഗൊറില്ല’, നിലം തൊടാതെ ഓടുമെന്ന് തെളിയിച്ച് വിഡിയോ

gorilla-gorilla
SHARE

ഭൂമിക്ക് മുകളില്‍ 400 കിലോമീറ്റര്‍ ഉയരത്തിലാണ് ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നത്. അവിടേക്ക് പൊടുന്നനെ ഒരു ഗൊറില്ല വന്നാലോ? അങ്ങനെയൊരു സാധ്യത ഒട്ടുമില്ലെന്ന് അറിയാമെങ്കില്‍ പോലും ഗൊറില്ലയെ കണ്ടാല്‍ ബഹിരാകാശത്തും നിലം തൊടാതെ ഓടുമെന്ന് ഒരിക്കല്‍ തെളിയിച്ചിട്ടുണ്ട് നാസയുടെ സഞ്ചാരി ടിം പിയേറ്റ്. 

തിരക്കഥാകൃത്ത് സ്‌പെന്‍സ് ടോഡ് ആണ് ആ രസകരമായ പ്രാങ്കിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിനുള്ളിലെ കാഴ്ചകളോടെയാണ് വെറും 14 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ തുടങ്ങുന്നത്. വലിയൊരു കടലാസ് കൂടിനുള്ളില്‍ നിന്നും ഒരു ഗൊറില്ല പുറത്തിറങ്ങുകയും അടുത്ത മുറിയിലേക്ക് പോവുകയും ചെയ്യുന്നു. പിന്നീട് കാണുന്നത് അതിവേഗത്തില്‍ ജീവനും കയ്യില്‍ പിടിച്ച് പറന്നു പോവുന്ന ടിം പിയേറ്റിനെയാണ് കാണുന്നത്. 

വിഡിയോക്ക് പിന്നിലെ സംഭവത്തെക്കുറിച്ച് ടോഡ് സ്‌പെന്‍സ് ട്വിറ്ററില്‍ വിവരിക്കുന്നുണ്ട്. ബഹിരാകാശ സഞ്ചാരിയായ സ്‌കോട്ട് കെല്ലിയായിരുന്നു ഈ രസകരമായ പ്രാങ്കിന് പിന്നില്‍. 2016ലായിരുന്നു സംഭവം നടന്നത്. ബഹിരാകാശ സഞ്ചാരികള്‍ക്ക് നിശ്ചിത അളവില്‍ അവരുടെ സ്വകാര്യ സാധനങ്ങള്‍ കൂടി കൊണ്ടുപോകാന്‍ അനുവാദമുണ്ട്. ഇത് മുതലാക്കിയാണ് സ്‌കോട്ട് കെല്ലി ഒരു ഗൊറില്ല സ്യൂട്ട് കൂടെ കൂട്ടിയത്. ഇക്കാര്യം അദ്ദേഹം ആരോടും പറയാതെ രഹസ്യമായിട്ടായിരുന്നു ഗൊറില്ല വേഷവും കൂടെ കരുതിയത്. 

ബഹിരാകാശത്ത് എത്തിയ ശേഷം അവസരം ലഭിച്ചപ്പോള്‍ കെല്ലി തന്റെ ഗൊറില്ല സ്യൂട്ട് ധരിച്ചിറങ്ങുകയായിരുന്നു. ഇതേസമയം, പിയേറ്റ് ബഹിരാകാശ നിലയത്തിന്റെ മറ്റൊരു ഭാഗത്ത് കാര്യമായ ജോലിയിലായിരുന്നു. ഗൊറില്ലയുടെ വേഷം ധരിച്ച കെല്ലി അപ്രതീക്ഷിതമായ പിയേറ്റിനെ സമീപിച്ചതിന് ശേഷമുള്ള കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്. 

സ്‌കോട്ട് കെല്ലിയുടെ ഈ പ്രാങ്ക് ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്കിടയില്‍ അല്‍പനേരം ആശങ്കയും പിന്നീട് ചിരിയും പടര്‍ത്തി. മുഴുവന്‍ സമയവും ജോലിത്തിരക്കിലുള്ള ബഹിരാകാശ സഞ്ചാരികളെ സംബന്ധിച്ച് അപൂര്‍വമായ ഒരു ചിരി നിമിഷമാണ് കെല്ലിയുടെ ഈ പ്രാങ്ക് സമ്മാനിച്ചത്. 

ബഹിരാകാശത്ത് തുടര്‍ച്ചയായി 340 ദിവസം കഴിഞ്ഞിട്ടുള്ളയാളാണ് സ്‌കോട്ട് കെല്ലി. സ്‌കോട്ടിന്റെ ഇരട്ട സഹോദരന്‍ മാര്‍ക്ക് കെല്ലിയും ബഹിരാകാശ സഞ്ചാരിയായിരുന്നു. ഇരട്ടകളെ വെച്ചുള്ള നാസയുടെ വിഖ്യാതമായ ബഹിരാകാശ ദൗത്യത്തിലും ഇവര്‍ പങ്കാളികളായിരുന്നു. സ്‌കോട്ട് കെല്ലി ബഹിരാകാശത്തും മാര്‍ക്ക് ഭൂമിയിലുമായി ഒരു വര്‍ഷത്തോളം കഴിയുകയും ഇരുവരുടേയും ശരീരത്തിനുണ്ടായ മാറ്റങ്ങള്‍ രേഖപ്പെടുത്തുകയുമാണ് നാസ ചെയ്തത്.

English Summary: Did an Astronaut Smuggle a Gorilla Suit Onto the International Space Station?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA