ADVERTISEMENT

2021ല്‍ ആകെ 14 ദൗത്യങ്ങള്‍ നടത്താനായിരുന്നു ഇസ്രോ പദ്ധതിയിട്ടിരുന്നത്. ഇതില്‍ ബഹിരാകാശത്തേക്കുള്ള ആദ്യത്തെ ആളില്ലാ ദൗത്യവും ഉള്‍പ്പെടുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം രണ്ട് ദൗത്യങ്ങള്‍ മാത്രമാണ് ഇസ്രോയ്ക്ക് യാഥാര്‍ഥ്യമാക്കാനായത്. ഇതില്‍ തന്നെ ഒന്ന് പരാജയമാവുകയും ചെയ്തു. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്നുണ്ടായ ഈ അപ്രതീക്ഷിത തിരിച്ചടികള്‍ 2022ല്‍ മറികടക്കാനൊരുങ്ങുകയാണ് ഇസ്രോ. ചന്ദ്രയാന്‍ 3യും ഗഗന്‍യാന്‍ ഒന്നും രണ്ടും അടക്കമുള്ള ഇന്ത്യയുടെ അഭിമാന പദ്ധതികള്‍ ഈ വര്‍ഷം യാഥാര്‍ഥ്യമാകും. 

പുതിയ ദൗത്യങ്ങള്‍ക്കൊപ്പം 2021ല്‍ നടക്കാതെ പോയവ കൂടി വരുന്നതോടെ ഇസ്രോയ്ക്ക് തിരക്കേറിയ വര്‍ഷമാവുകയാണ് 2022. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെയാണ് കേന്ദ്ര ആണവോര്‍ജ- ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിങ് ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്തേക്കെത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതി 2023ലേക്ക് മാറ്റിയ വിവരം അറിയിക്കുന്നത്. നേരത്തെ ഇത് 2022ല്‍ നടത്താമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗഗന്‍യാന്റെ ഭാഗമായുള്ള മനുഷ്യരെ വഹിക്കാത്ത ബഹിരാകാശ ദൗത്യങ്ങള്‍ രണ്ടെണ്ണം 2022ല്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

2022ലെ ഇസ്രോയുടെ പ്രധാന ദൗത്യങ്ങള്‍ നോക്കാം

∙ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (SSLV)

എസ്എസ്എല്‍വി അവസാനഘട്ടത്തിലാണെന്ന് ഡിസംബര്‍ 16നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയെ അറിയിച്ചത്. 2022ന്റെ ആദ്യ പാദത്തില്‍ തന്നെ എസ്എസ്എല്‍വി വിക്ഷേപണം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നും 500 കിലോമീറ്റര്‍ ഉയരത്തില്‍ 500 കിലോഗ്രാം ഭാരം വഹിച്ചുകൊണ്ട് പോകാന്‍ ശേഷിയുണ്ട് എസ്എസ്എല്‍വിക്ക്. 

sslv

∙ റിസാറ്റ് –1 എ ( RISAT-1A)

റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് അഥവാ റിസാറ്റ് 1 എ ഒരു റിമോട്ട് സെന്‍സിംങ് സാറ്റലൈറ്റാണ്. ഇസ്രോ നിര്‍മിച്ച റിസാറ്റ് സീരീസിലെ ആറാമത്തെ സാറ്റലൈറ്റാണിത്. പ്രധാനമായും ഭൂപട നിര്‍മാണത്തിനും കര, സമുദ്ര, ജല ഉപരിതലങ്ങള്‍ നിരീക്ഷിക്കാനുമാണ് ഈ സാറ്റലൈറ്റ് ഉപയോഗിക്കുക. 

∙ ആദിത്യ എൽ1 (Aditya L1)

സൂര്യനെ പഠിക്കുകയെന്ന ലക്ഷ്യത്തിലുള്ള ദൗത്യമാണ് ആദിത്യ - എല്‍1. 2022 പകുതിയോടെയാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമാണിത്. സോളാര്‍ കൊറോണോഗ്രാഫ്, അള്‍ട്രാവയലറ്റ് ഉപകരണങ്ങള്‍, എക്‌സ്‌റേ സ്‌പെക്ട്രോസ്‌കോപിക് ഉപകരണം എന്നിവയെല്ലാം ഉപയോഗിച്ചാണ് സൂര്യനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദിത്യ ശേഖരിക്കുക. 

solar-aditya-l1

∙ ചന്ദ്രയാന്‍ 3

ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള മൂന്നാം ദൗത്യമാണിത്. ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം അവസാന നിമിഷത്തില്‍ പരാജയപ്പെട്ടിരുന്നു. ചാന്ദ്രയാന്‍ 2ന്റേതിന് സമാനമായ ഉപകരണങ്ങളാണ് ഇത്തവണയും. അതേസമയം ചന്ദ്രയാന്‍ 2ലേതു പോലെ ഓര്‍ബിറ്റര്‍ ഇത്തവണ ഉണ്ടാവില്ല. ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്ററും ചന്ദ്രനില്‍ സഞ്ചരിക്കാനുള്ള റോവറുമാണ് ദൗത്യത്തിന്റെ ഭാഗമായി ഉണ്ടാവുക. ഈ വര്‍ഷം മൂന്നാം പാദത്തില്‍ ചാന്ദ്രയാന്‍ 3 യാഥാര്‍ഥ്യമാകുമന്നാണ് പ്രതീക്ഷ. 

1200chandrayan

∙ ഗഗന്‍യാന്‍ 1 

ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായുള്ള ഗഗന്‍യാനിന് മുന്നോടിയായാണ് ഗഗന്‍യാന്‍ 1 നിശ്ചയിച്ചിരിക്കുന്നത്. മനുഷ്യരില്ലാതെയുള്ള ഗഗന്‍യാന്‍ ദൗത്യമായ ഗഗന്‍യാന്‍ 1 ഈ വര്‍ഷം രണ്ടാം പാദത്തിന്റെ തുടക്കത്തിലാകും സംഭവിക്കുക. ഗഗന്‍യാന്‍ 2  ഈ വര്‍ഷം അവസാനത്തോടെയും പ്രതീക്ഷിക്കാം. ഇസ്രോ നിര്‍മിച്ച വ്യോമമിത്ര എന്ന റോബോട്ടും ഇത്തവണ ബഹിരാകാശത്തേക്കെത്തും. ആദ്യ മനുഷ്യ ദൗത്യം വിജയിക്കണമെങ്കില്‍ ഈ രണ്ട് ദൗത്യങ്ങളുടേയും വിജയം അനിവാര്യമാണ്.

vyom-mitra-gaganyan

കൂടുതല്‍ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ സ്വപ്‌നങ്ങളും 2022ല്‍ യാഥാര്‍ഥ്യമാകും. സ്‌കൈറൂട്ട് എയറോസ്‌പേസ് ലിമിറ്റഡ്, അഗ്നികുല്‍ കോസ്‌മോസ് എന്നിവയും ഈ വര്‍ഷം അവസാനത്തോടെ ബഹിരാകാശത്തേക്ക് തങ്ങളുടെ വരവറിയിക്കും. പിക്‌സല്‍ എന്നറിയപ്പെടുന്ന സാറ്റലൈറ്റ് നിര്‍മാണ കമ്പനിയുടെ ഉപഗ്രഹവും ഈ വര്‍ഷം തന്നെ ബഹിരാകാശത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ മൂലം തിരിച്ചടികളേറ്റ വര്‍ഷമാണ് 2021 എങ്കില്‍ ഇന്ത്യന്‍ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് യാഥാര്‍ഥ്യമാവുന്ന വര്‍ഷമാവും 2022 എന്നാണ് കരുതപ്പെടുന്നത്. 

English Summary: Chandrayaan-3, Gaganyaan-1 and more—here’s what Isro has on the launchpad for 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com