ശനിയുടെ ഉപഗ്രഹത്തിൽ വലിയൊരു സമുദ്രമുണ്ട്, വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ

mimas
SHARE

ശനിയുടെ ഉപഗ്രഹമായ മിമാസില്‍ ഏതാണ്ട് 20 മൈല്‍ കനത്തില്‍ മഞ്ഞു മൂടിക്കിടക്കുന്നു എന്നാണ് കരുതപ്പെടുന്നത്. ആ കൂറ്റന്‍ മഞ്ഞു പാളിക്കടിയില്‍ വലിയൊരു സമുദ്രത്തെ മിമാസ് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് പ്രപഞ്ച ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഏതാണ്ട് 246 മൈല്‍ മാത്രം വിസ്തൃതിയുള്ള ശനിയോട് ഏറ്റവും അടുത്തുകിടക്കുന്ന ഉപഗ്രഹമാണ് മിമാസ്.  

ലഭ്യമായ ചിത്രങ്ങളില്‍ നിന്നും മിമാസില്‍ ജലം ദ്രവരൂപത്തിലുണ്ട് എന്നതിന് ഇതുവരെ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാല്‍ ഈ മഞ്ഞു പാളിക്ക് താഴെ വെള്ളമുണ്ടാകുമെന്നാണ് കൊളറാഡോ സൗത്ത്‌വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ വാദം. 2014ല്‍ നാസയുടെ കാസിനി ബഹിരാകാശ പേടകം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മിമാസിന്റെ ഉപരിതലത്തിന് അടിയില്‍ ജലമുണ്ടാകാമെന്ന നിഗമനം ഉണ്ടാവുന്നത്. 

മിമാസിന്റെ വലുപ്പവും നിര്‍മിക്കപ്പെട്ട രീതിയുമെല്ലാം വച്ച് ഉള്‍ഭാഗത്തെ ചൂട് കണക്കുകൂട്ടിയിരുന്നു. പുതിയ പഠന പ്രകാരം വെള്ളത്തിന് ഒഴുകാന്‍ വേണ്ട താപനില ഈ ശനിയുടെ ഉപഗ്രഹത്തിന്റെ ഉള്‍ഭാഗത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന നല്‍കുന്നത്. സ്‌പെയിന്റെ വിസ്തീര്‍ണത്തേക്കാള്‍ കുറവ് വലുപ്പം മാത്രമാണ് ശനി 1 എന്ന് വിളിക്കുന്ന മിമാസിനുള്ളൂ. 

മിമാസിനെ പോലുള്ള ചെറിയ കൊടും തണുപ്പുള്ള ഉപഗ്രഹങ്ങളില്‍ ജലം ദ്രവരൂപത്തിലുണ്ടാവാനുള്ള സാധ്യത നേരത്തെ ഗവേഷകര്‍ കണ്ടിരുന്നില്ല. എന്നാല്‍ 2014ലെ കാസിനി ബഹിരാകാശ പേടകമാണ് കാസിനിയുടെ മധ്യഭാഗം ഭ്രമണത്തിനിടെ ഉലയുന്നുവെന്ന് കണ്ടെത്തിയത്. ഈയൊരു സൂചനയാണ് മഞ്ഞുപാളികള്‍ക്കടിയില്‍ എന്തോ അജ്ഞാതമായ കാര്യം സംഭവിക്കുന്നുണ്ടെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. 

ശനിയില്‍ നിന്നുള്ള ഗുരുത്വബലം മിമാസിനെ വലിച്ച് ഉള്‍ഭാഗം ചൂടാക്കുന്നുണ്ട്. ഇതിനൊപ്പം തിരകളും സമുദ്രത്തെ ആ അവസ്ഥയില്‍ നിലനിര്‍ത്താന്‍ വേണ്ട ഊഷ്മാവിന് കാരണമാകുന്നുണ്ടാവാം. മിമാസിന്റെ ഉള്‍ഭാഗത്തെ ഊഷ്മാവ് 18 മൈല്‍ ആഴത്തില്‍ വരെ വെള്ളത്തെ ദ്രവരൂപത്തിലാക്കാമെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു. 

കാസിനി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 20 മൈല്‍ കനമുള്ള മഞ്ഞുപാളിക്കുള്ളില്‍ സമുദ്രത്തെ തന്നെ മിമാസ് ഒളിച്ചിട്ടുണ്ടാകാമെന്നാണ് ഇകാറസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മിമാസിന്റേതിന് സമാനമായ കൊടും തണുപ്പുള്ള അന്തരീക്ഷമുള്ള നിരവധി ഉപഗ്രഹങ്ങള്‍ നമ്മുടെ സൗരയൂഥത്തിലുണ്ട്. മിമാസില്‍ സമുദ്രമുണ്ടെന്ന് കണ്ടെത്തിയാല്‍ ഇത്തരം ഉപഗ്രഹങ്ങളിലും സമുദ്രത്തിനും ജീവനുമുള്ള സാധ്യത കൂടിയാണ് അതുവഴി തെളിയുക.

English Summary: Saturn's moon Mimas may be hiding a 'stealth' ocean buried beneath almost 20 miles of ice, study finds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA