തമോഗർത്തങ്ങളിൽ നിന്ന് ഗുരുത്വാകർഷണ തരംഗങ്ങൾ, നിർ‍ണായക കണ്ടെത്തലുമായി ഗവേഷകർ

black-hole-
SHARE

ആലപ്പുഴ ∙ പ്രപഞ്ചത്തിന്റെ ഉൽപത്തിയെക്കുറിച്ചും വികാസത്തെക്കുറിച്ചും നക്ഷത്രങ്ങളുടെ ജനനത്തെക്കുറിച്ചുമെല്ലാം കൂടുതൽ പഠനങ്ങൾക്ക് വഴികാട്ടുന്ന പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം. കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വാകർഷണ തരംഗങ്ങളുടെ (ലോ ഫ്രീക്കൻസി ഗ്രാവിറ്റേഷൻ വേവ്) സാന്നിധ്യമാണ് ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയത്. ഇന്റർനാഷനൽ പൾസർ ടൈമിങ് അറേയുടെ (ഐപിടിഎ) നേതൃത്വത്തിൽ ഒട്ടേറെ ജ്യോതിശാസ്ത്രജ്ഞരുടെ സഹകരണത്തോടെയാണ് ഇതു സംബന്ധിച്ച പഠനങ്ങൾ നടക്കുന്നത്. റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ജേണലിൽ പുതിയ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നക്ഷത്രങ്ങളെയും സൗരയൂഥത്തെയും നേരിട്ട് ടെലിസ്കോപ്പ് ഉപയോഗിച്ച് കാണുന്നതു പോലെ കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വാകർഷണ തരംഗങ്ങളെ നിരീക്ഷിക്കാൻ കഴിയില്ല. പകരം, ഈ തരംഗങ്ങൾ കടന്നുപോകുമ്പോൾ അവിടുത്തെ വസ്തുക്കൾക്കുണ്ടാകുന്ന സ്ഥാനമാറ്റം നിരീക്ഷിച്ചാണ് തരംഗങ്ങളും നീക്കം തിരിച്ചറിയുന്നത്. 5 വ്യത്യസ്ത റേഡിയോ ടെലിസ്കോപ്പുകളിൽ നിന്നുള്ള തെളിവുകളിൽ നിന്ന് ലോ ഫ്രീക്വൻസി ഗുരുത്വാകർഷണ തരംഗങ്ങളെക്കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു. മഹാവിസ്ഫോടനത്തിന് ശേഷമുണ്ടായ വലിയ പിണ്ഡമുള്ള തമോഗർത്തങ്ങൾ കൂടി ചേർന്നാണ് ഇത്തരം ഗുരുത്വാകർഷണ തരംഗങ്ങൾ ഉണ്ടായത്. 

മഹാവിസ്ഫോടന ശേഷം പ്രപഞ്ചം ഇരുട്ടിലാകുകയും പിന്നീട് നക്ഷത്രങ്ങൾ ഉണ്ടാവുകയും ചെയ്തിരിക്കാമെന്നാണ് ശാസ്ത്ര ലോകത്തെ അനുമാനം. എന്നാൽ ഇക്കാലത്തെ പ്രപഞ്ചത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾ പരിമിതമാണ്. പ്രപഞ്ച ഉൽപത്തിയിൽ തന്നെ ഉണ്ടായ ലോ ഫ്രീക്വൻസി ഗുരുത്വാകർഷണ തരംഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടമായ പൾസാറുകളും സംഘം നിരീക്ഷിച്ചിരുന്നു. വലിയ പിണ്ഡമുള്ള നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ ഉണ്ടാവുന്നത്. ലോ ഫ്രീക്വൻസി ഗുരുത്വാകർഷണ തരംഗങ്ങളെക്കുറിച്ചുള്ള പഠനം ഐപിടിഎയുടെ നേതൃത്വത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഐപിടിഎയിലെ ഏറ്റവും പുതിയ അംഗമായ പൂണെയിലെ ഇന്ത്യൻ പൾസർ ടൈമിങ് അറേയിൽ നിന്നുള്ള വിവരങ്ങളും നിർണായകമാകും.

∙ തമോഗർത്തം (ബ്ലാക്ക് ഹോൾ) 

ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനു പോലും പുറത്തു കടക്കാനാവാത്ത മേഖലയാണ് തമോഗർത്തം. ഉയർന്ന പിണ്ഡമുള്ള നക്ഷത്രങ്ങൾ പരിണാമത്തിന്റെ അവസാനത്തിൽ ഊർജ ഉൽപാദന കഴിവ് നശിച്ച് സ്വന്തം ഗുരുത്വാകർഷണത്തിൽ ചുരുങ്ങും. ഇതോടെ നക്ഷത്രങ്ങളുടെ ഗുരുത്വാകർഷണം വർധിച്ച് അവ തമോഗർത്തമായി മാറും.

English Summary: Are astronomers seeing a signal from giant black holes?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA