ഇന്നോ നാളെയോ അത് സംഭവിക്കും, ഭൂമിയെ ലക്ഷ്യമാക്കി വമ്പൻ സൗരവാതം: മുന്നറിയിപ്പുമായി ഗവേഷകർ
Mail This Article
സൂര്യനിൽ നിന്ന് ഉടലെടുത്ത വമ്പൻ സൗരവാത പ്രവാഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നെന്നു ശാസ്ത്രജ്ഞർ. ഇന്നു വൈകുന്നേരമോ നാളെ രാവിലെയോ ഇതു ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കുമെന്നാണു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
സൂര്യനിലെ എആർ2936 എന്ന മേഖലയിലെ സൂര്യകളങ്കത്തിലാണു സൗരവാതം ഉടലെടുത്തത്. ഭൂമിയോളം വലുപ്പമുള്ള ഈ മേഖലയിൽ നിന്നു മുൻപും സൗരവാതങ്ങൾ ധാരാളമായി ഉടലെടുത്തിട്ടുണ്ട്. മണിക്കൂറിൽ 23 ലക്ഷം കിലോമീറ്റർ വേഗത്തിലാണു സൗരവാതം ഭൂമിയിലേക്ക് എത്തുന്നത്. ഭൂമിയിൽ പതിക്കും മുൻപ് എൻഒഎഎ ഡിസ്‌കവർ എന്ന ബഹിരാകാശ പേടകം സൗരവാതത്തെ കണ്ടെത്തും.തുടർന്നാകും പതിക്കൽ.
ജനുവരി 30നു സൂര്യനിൽ സംഭവിച്ച നാലുമണിക്കൂറോളം നീണ്ടു നിന്ന സൗരദീപ്തിയാണ് (സോളർ ഫ്‌ളെയർ) സൗരവാതത്തിനു വഴിവച്ചത്. ശതകോടിക്കണക്കിനു പദാർഥകണികകൾ ഉൾപ്പെട്ടതാണു സൗരവാതം. എആർ 2929 എന്ന മേഖലയിൽ നിന്ന് ഒരു സൗരവാതം ഉദ്ഭവിച്ച് ആഴ്ചകൾക്കു ശേഷമാണ് ഈ പുതിയ സൗരവാതം ഭൂമിയെത്തേടി എത്തുന്നത്. നേരത്തത്തെ സൗരവാതം മൂലം ഇന്ത്യൻ മഹാസമുദ്രത്തിലെ ആശയവിനിമയരംഗം താൽക്കാലികമായി സ്തംഭിച്ചിരുന്നു.
സൗരവാതം ഭൂമിക്കരികിലെത്തുമ്പോൾ, അതു ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തനം നടത്തുകയും ഭൗമകാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കുകയും ചെയ്യും. ഇതുമൂലം ബഹിരാകാശ പേടകങ്ങൾ, ഉപഗ്രഹങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിസന്ധി നേരിടാം. ഭൂമിയിലെ ആശയവിനിമയരംഗത്തെ ഇതു ചിലപ്പോഴൊക്കെ ബാധിക്കുകയും ചെയ്യാം. ധ്രുവധീപ്തികൾ എന്നറിയപ്പെടുന്ന ഓറോറ പ്രകാശങ്ങൾ ധ്രുവപ്രദേശത്ത് ഉടലെടുക്കുന്നതിനും സൗരവാതം കാരണമാകും. ഇത്തവണയും ഒരു ഭൗമകാന്തിക കൊടുങ്കാറ്റിനുള്ള സാധ്യത യുഎസ് അധികൃതർ പ്രവചിച്ചിട്ടുണ്ട്.
സാധാരണ ഗതിയിൽ സൗരവാതങ്ങൾ ജനജീവിതത്തെ കടുത്ത നിലയിൽ ബാധിക്കാറില്ല. എന്നാൽ 1989ൽ ഒരു സൗരവാത പതനത്തിന്റെ ഫലമായി കാനഡയിലെ ക്യുബെക്കിൽ 9 മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലും സൗരവാതം ഭൂമിയെ ആക്രമിച്ചെങ്കിലും ആശയവിനിമയത്തിലൊന്നും വലിയ തകരാർ സംഭവിച്ചില്ല.
English Summary: Powerful eruption from Sun to hit Earth today, Noaa warns of possible geomagnetic storm