ADVERTISEMENT

മനുഷ്യ നിര്‍മിത സാറ്റലൈറ്റുകളുടെ എണ്ണം കുത്തനെ കൂടുന്നതു മൂലം സമീപ ഭാവിയില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന് രാജ്യാന്തര തലത്തിലുള്ള ഗവേഷക സംഘത്തിന്റെ മുന്നറിയിപ്പ്. ഭൂമിയില്‍ നിന്നും 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഏതാണ്ട് 36,000 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബഹിരാകാശമാണ് സാറ്റലൈറ്റുകളുടെ ഭ്രമണപഥം. എഡിന്‍ബര്‍ഗ് (യുകെ), വാഷിങ്ടണ്‍ (യുഎസ്), ബ്രിട്ടിഷ് കൊളംബിയ (കാനഡ) എന്നിവിടങ്ങളിലെ സര്‍വകലാശാലകളിലേയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലേയും ഗവേഷകരാണ് ഭൂമിയുടെ ഭ്രമണപഥം സാറ്റലൈറ്റുകള്‍ നിറയുന്നതില്‍ നിന്നും സംരക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 

 

ഭൂമിയിലെ സമുദ്രവും അന്തരീക്ഷവും സംരക്ഷിക്കാന്‍ നിലവിലുള്ള രാജ്യാന്തരതലത്തിലുള്ള സഹകരണം ഭ്രമണപഥം സംരക്ഷിക്കുന്നതിലും വേണമെന്നാണ് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നത്. സാറ്റലൈറ്റുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നതോടെ രാത്രിയിലെ ആകാശ കാഴ്ചകളേയും വാനനിരീക്ഷകരേയും അത് ബാധിച്ചേക്കാമെന്ന ആശങ്കയുമുണ്ട്. നേച്ചുര്‍ അസ്‌ട്രോണമി ജേണലിലാണ് പഠനഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ലിങ്ക് പോലുള്ള പദ്ധതികള്‍ക്ക് സാറ്റലൈറ്റുകളുടെ വന്‍ കൂട്ടം തന്നെ ആവശ്യമാണ്. സ്റ്റാര്‍ലിങ്ക് അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയില്‍ മാത്രം 12,000 സാറ്റലൈറ്റുകള്‍ വിക്ഷേപിക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി സാറ്റലൈറ്റ് കോണ്‍സ്റ്റലേഷനുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2018ല്‍ ഭൂമിക്ക് ചുറ്റും ആകെ 2000 സാറ്റലൈറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ 2030 ആകുമ്പോഴേക്കും ഇത് ഒരു ലക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. 

 

വാനനിരീക്ഷണത്തെ മാത്രമല്ല വിമാനങ്ങള്‍ക്ക് പോലും അപകടസാധ്യതയാവുന്നുണ്ട് ഈ സാറ്റലൈറ്റുകള്‍. കാലാവധി പൂര്‍ത്തിയാവുന്നതും നിയന്ത്രണം നഷ്ടപ്പെടുന്നതുമായ സാറ്റലൈറ്റുകള്‍ ഭൂമിയിലേക്ക് വീഴാനും അത് വിമാനങ്ങളിലും മറ്റും ഇടിച്ച് അപകടം ഉണ്ടാവാനും സാധ്യതയുണ്ട്.

 

'നമ്മള്‍ പലപ്പോഴും ബഹിരാകാശത്തെ സാറ്റലൈറ്റുകളുടെ സാധ്യതകള്‍ മാത്രമാണ് നോക്കാറ്. അതുകൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കൂടി കണക്കാക്കേണ്ടതുണ്ട്. വാനനിരീക്ഷണത്തിനും സാധാരണ രാത്രി കാഴ്ചകള്‍ക്കും സാറ്റലൈറ്റുകള്‍ പ്രതിസന്ധിയാവും. ആകാശത്തിന്റെ സാംസ്‌ക്കാരിക പ്രാധാന്യവും നമ്മള്‍ മനസിലാക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

 

ഭൂമിയുടെ സമീപ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കപ്പെടുന്ന സാറ്റലൈറ്റുകള്‍ രാത്രിക്കാഴ്ചകളുടെ ഭാഗമായേക്കും. സാറ്റലൈറ്റുകളില്‍ നിന്നുള്ള പ്രകാശത്തിന്റെ പ്രതിഫലനങ്ങളാണ് വാനനിരീക്ഷകര്‍ക്ക് ഭീഷണിയാവുക. ഇതിനെതിരെ എത്രയും പെട്ടെന്ന് രാജ്യാന്തരതലത്തില്‍ കൂട്ടായി പ്രതിരോധം വേണമെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കരയും സമുദ്രവും ആകാശവും സംരക്ഷിക്കാന്‍ ആഗോള കൂട്ടായ്മകള്‍ വന്നതുപോലെ സാറ്റലൈറ്റുകളുടെ അതിപ്രസരവും നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

English Summary: Rise In Satellites Threatening Orbital Space Around Earth: Scientists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com