ബാറുകള്‍, സിനിമ ഹാളുകള്‍, ഭക്ഷണശാലകള്‍... ലോകത്തെ ആദ്യ ബഹിരാകാശ ഹോട്ടല്‍ 2025ല്‍

space-hotel
SHARE

ലോകത്തെ ആദ്യ ബഹിരാകാശ ഹോട്ടല്‍ 2025ല്‍ അതിഥികള്‍ക്ക് മുൻപാകെ തുറക്കപ്പെടും. വോയേജര്‍ ക്ലാസ് സ്‌പേസ് സ്റ്റേഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഭൂമിക്ക് പുറത്തെ ആദ്യ ഹോട്ടലിന് 400 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ബാറുകള്‍, സിനിമ ഹാളുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി ജിംനേഷ്യം വരെ ഈ ബഹിരാകാശ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. 

അമേരിക്കന്‍ കമ്പനിയായ ഓര്‍ബിറ്റല്‍ അസംബ്ലി കോര്‍പറേഷന്റെ ഈ ബഹിരാകാശ ഹോട്ടലിന്റെ നിര്‍മാണം 2025ല്‍ ആരംഭിക്കാനാണ് പദ്ധതി. കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി തങ്ങളുടെ സ്വപ്‌ന സംരംഭത്തിന്റെ ചെലവ് വ്യക്തമാക്കിയിട്ടില്ല. ഭൂമിയെ ഓരോ 90 മിനിറ്റിലും ഒഎസിയുടെ ബഹിരാകാശ ഹോട്ടല്‍ വലം വെക്കും. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഈ ഹോട്ടലിലും സഞ്ചാരികള്‍ക്ക് അനുഭവിക്കാനാവുക. 

വൃത്താകൃതിയില്‍ ലോഹത്തിലാണ് നിര്‍മാണം. പ്രത്യേകമായി ബഹിരാകാശ ഹോട്ടലിന് പുറത്തേക്ക് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളില്‍ സഞ്ചാരികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശ ഗവേഷണത്തിനുമുള്ള അവസരമുണ്ടാവും. ബഹിരാകാശ ഹോട്ടലിന്റെ 24 ഭാഗങ്ങളാണ് അതിഥികള്‍ക്കായി നീക്കിവെക്കുക. ബാക്കിയുള്ള ഭാഗങ്ങള്‍ സര്‍ക്കാരുകള്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ വാടകക്കോ സ്വന്തമായോ നല്‍കാനും പദ്ധതിയുണ്ട്. 

ഒരു ക്രൂസ് കപ്പലിലേതിന് സമാനമായ സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായി ഹോട്ടലില്‍ ഒരുക്കുക. പ്രത്യേകം തീമുകള്‍ക്കനുസരിച്ചുള്ള റെസ്റ്ററന്റുകള്‍, ഹെല്‍ത്ത് സ്പാ, ലൈബ്രറി തുടങ്ങി കണ്‍സെര്‍ട്ട് വേദികള്‍ വരെ ഇവിടെയുണ്ടാകും. സഞ്ചാരികളെ ഭൂമിയില്‍ നിന്നും ബഹിരാകാശ ഹോട്ടലിലേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്‌പേസ് എക്‌സിനെയാണ് ഏല്‍പിച്ചിരിക്കുന്നത്.

ബഹിരാകാശ ഹോട്ടല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ആദ്യ കമ്പനിയാണ് ഒഎസി. ബഹിരാകാശ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച പ്രത്യേക പരിശീലനം നിര്‍ബന്ധമാണ്. ഇതിനുശേഷം പത്ത് ദിവസം ബഹിരാകാശ ജീവിതം ഭൂമിയില്‍ കൃത്രിമമായി അനുഭവിച്ച ശേഷമാകും സഞ്ചാരികള്‍ യാത്ര തിരിക്കുക.

English Summary: Inside the space hotel scheduled to open in 2025

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA