കൂറ്റൻ സുനാമി കണ്ടവർ നാടുപേക്ഷിച്ച് ഭയന്നോടി, തിരിച്ചുവന്നത് ആയിരം വർഷങ്ങൾക്ക് ശേഷം

tsunami
SHARE

ഒരു ജനത ആയിരം വര്‍ഷത്തോളം ജനിച്ചുവളർന്ന നാടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കിയ ഭയാനക സുനാമിയുടെ തെളിവുകള്‍ കണ്ടെത്തി. 3,800 വര്‍ഷങ്ങള്‍ക്ക് മുൻപ് ചിലെയുടെ തീരദേശത്തെ മനുഷ്യരെയാണ് അതിഭീകര സുനാമി തൂത്തെറിഞ്ഞു കളഞ്ഞത്. ഇതിന്റെ ഭയാനകത മറക്കാനും വീണ്ടും തീരദേശത്തേക്ക് ജീവിതം വ്യാപിപ്പിക്കാനും പിന്നീട് ആയിരം വര്‍ഷത്തോളമെടുത്തെന്ന് ഗവേഷകര്‍ പറയുന്നു. 

ഏതാണ്ട് 9.5 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനമാണ് നൂറ്റാണ്ടുകളോളം ഒരു ജനതയുടെ പേടിസ്വപ്‌നമായി മാറിയ കൂറ്റന്‍ സുനാമിയെ സൃഷ്ടിച്ചത്. ഇതിന്റെ ഫലമായി കിലോമീറ്ററുകളോളം കരയിലേക്ക് സമുദ്രം കയറി വന്ന് സര്‍വനാശം വിതച്ചു. ഇതോടെ സുനാമി തിരകള്‍ക്ക് എത്താന്‍ സാധിക്കാത്ത ദൂരത്തേക്ക് ജീവിതം മാറ്റാന്‍ തീരദേശ ജനത നിര്‍ബന്ധിതരാവുകയായിരുന്നു. 

ചിലെയിലെ അറ്റക്കാമ മരുഭൂമിയില്‍ നിന്നാണ് ഈ സുനാമിയുടേയും ഒരു ജനതയുടെ പലായനത്തിന്റേയും തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. സമുദ്ര ജീവികളുടെ നിരവധി അവശേഷിപ്പുകള്‍ അറ്റക്കാമ മരുഭൂമിയില്‍ നിന്നും കണ്ടെത്താനായിട്ടുണ്ട്. കാലങ്ങളോളം സമുദ്രത്തില്‍ സമാധാനമായി കഴിഞ്ഞിരുന്ന അവ പൊടുന്നനെ മരുഭൂമിയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു എന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ഭൗമശാസ്ത്രകാരനും സുനാമി വിദഗ്ധനുമായ ജെയിംസ് ഗോഫ് പറയുന്നു. അറ്റക്കാമ മരുഭൂമിയില്‍ വര്‍ഷങ്ങളായി ഗവേഷണവും പഠനവും നടത്തുന്ന ചിലെ സര്‍വകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ദിയേഗോ സലാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായക കണ്ടെത്തലുകള്‍ക്ക് പിന്നില്‍. 

ഇന്നേവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ ഭൂകമ്പം സംഭവിച്ചത് 1960ല്‍ ദക്ഷിണ ചിലെയിലെ വാല്‍ഡിവിയയിലായിരുന്നു. ഈ ഭൂകമ്പത്തിന് കാരണമായ ഭൗമപാളികളുടെ ചലനം തന്നെയാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് ഇതേ പ്രദേശത്ത് വന്‍ ഭൂകമ്പത്തിനും തുടര്‍ന്നുള്ള സുനാമിക്കും കാരണമായത്. ഏതാണ്ട് ആയിരം കിലോമീറ്റര്‍ നീളത്തിലുള്ള പ്രദേശത്തെ ജീവിതങ്ങളെയാണ് ഈ സുപ്പര്‍ സുനാമി തകര്‍ത്തെറിഞ്ഞത്. 

ചിലെയിലെ തീരദേശത്തെ 600 കിലോമീറ്റര്‍ നീളമുള്ള പ്രദേശത്താണ് ഗവേഷകര്‍ പര്യവേഷണം നടത്തിയത്. ശേഖരിച്ച വസ്തുക്കളുടെ റേഡിയോ കാര്‍ബണ്‍ പരിശോധനയും കാലപ്പഴക്കം നിശ്ചയിക്കാനായി നടത്തി. വേട്ടയാടി ജീവിതം മുന്നോട്ടു നയിച്ചിരുന്ന സമൂഹമായിരുന്നു ഈ സുനാമി ആഞ്ഞടിക്കുമ്പോള്‍ പ്രദേശത്തുണ്ടായിരുന്നത്. അവരുടെ വാസസ്ഥലങ്ങളും നിര്‍മിതികളുമൊക്കെ നിമിഷനേരം കൊണ്ട് സുനാമിയില്‍ തീര്‍ന്നു. ദുരന്തത്തില്‍ ജീവന്‍ മാത്രം ബാക്കിയായവര്‍ ഈ പ്രദേശത്തു നിന്നും പലായനം ചെയ്യുകയും ചെയ്തു. 

സുനാമി തിരകള്‍ക്ക് എത്താനാവില്ലെന്ന് ഉറപ്പുള്ളത്രയും ദൂരം ഉള്ളിലേക്ക് നീങ്ങിയാണ് പിന്നീട് ഇവര്‍ ജീവിതം പുനരാരംഭിച്ചത്. ഈ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ തലമുറകളോളം അവരെ ഭയപ്പെടുത്തുകയും ചെയ്തു. പതിനായിരം വര്‍ഷത്തോളം കഴിഞ്ഞ പ്രദേശത്തു നിന്നും ഇവരെ പറിച്ചെറിഞ്ഞ സുനാമിക്കു ശേഷം ആയിരം വര്‍ഷം കഴിഞ്ഞാണ് പിന്നീട് പ്രദേശത്ത് ജനങ്ങള്‍ താമസിച്ചു തുടങ്ങിയത്. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് പഠനഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: An Atacama Super-Quake We Never Knew About Sent Humans Into Hiding For 1,000 Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA