യുഎസ് വിമാനങ്ങൾ 11 തവണ പറക്കുംതളികകളുമായി കൂട്ടിയിടി ഒഴിവാക്കിയെന്ന് പെന്റഗൺ റിപ്പോർട്ട്

ufo-nasa-1248
പ്രതീകാത്മക ചിത്രം
SHARE

11 തവണ യുഎസ് വിമാനങ്ങളുമായി അപകടകരമായ രീതിയിൽ പറക്കുംതളികകൾ (യുഎഫ്ഒകൾ) അടുത്തുവന്നെന്നും തലമുടിനാരിഴ വ്യത്യാസത്തിലാണ് കൂട്ടിയിടി ഒഴിവായതെന്നും പെന്റഗൺ റിപ്പോർട്ട്. അരനൂറ്റാണ്ടിനു ശേഷം ആദ്യമായി അജ്ഞാത വാഹനങ്ങളെക്കുറിച്ച് യുഎസ് ജനപ്രതിനിധി സഭയ്ക്കു മുൻപിൽ ഇന്ന് നടത്തിയ ഹിയറിങ്ങിലാണ് വെളിപ്പെടുത്തൽ. പെന്റഗൺ ഇന്റലിജൻസ് വിഭാഗം മേധാവികളിലൊരാളായ റൊണാൾഡ് മൗൾട്രി കമ്മിറ്റിക്കു മുൻപിൽ സന്നിഹിതനായിരിന്നു. സമീപകാലത്ത് 400ൽ അധികം യുഎഫ്ഒ ദർശങ്ങൾ ഉണ്ടായതായി പെന്റഗൺ വെളിപ്പെടുത്തി.

മറ്റൊരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥനും യുഎസ് നേവൽ ഇന്റലിജൻസ് ഡപ്യൂട്ടി ഡയറക്ടറുമായ സ്കോട് ബ്രേ  പ്രതിനിധികൾക്ക് മുൻപിൽ കാര്യങ്ങൾ വിശദീകരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യുഎസ് സൈനിക ബേസുകൾക്കും പരിശീലനകേന്ദ്രങ്ങൾക്കും സമീപത്ത് അജ്ഞാത പേടകങ്ങൾ കണ്ടെത്തുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതിൽ തന്നെ കഴിഞ്ഞ പത്ത് വർഷമായി യുഎഫ്ഒ ഗണത്തിൽ പെടുത്താവുന്ന അജ്ഞാത വ്യോമപേടകങ്ങളെ സൈന്യവും മറ്റ് ഏജൻസികളും അഭിമുഖീകരിക്കുന്ന തോത് കൂടിയിട്ടുണ്ടെന്ന് ബ്രേ പറഞ്ഞു. നേരത്തെ ക്ലാസിഫൈ ചെയ്തിരുന്ന ചില രഹസ്യവിഡിയോകളും ബ്രേ പ്രതിനിധികൾക്കു മുൻപിൽ കാട്ടി. അപൂർവഘടനയുള്ള ഗോളാകൃതിയിലുള്ള വാഹനങ്ങളും മറ്റും ആകാശത്ത് പറക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.

മറ്റൊരു വിഡിയോയിൽ യുഎസ് വ്യോമസേനാ വിമാനത്തെ കടന്നുപോകുന്ന ഒരു അജ്ഞാത വാഹനത്തിന്റെ ദൃശ്യം കാട്ടിയിരുന്നു. മറ്റൊന്നിൽ പ്രകാശമാനമായ ത്രികോണാകൃതിയിലുള്ള വ്യോമ വാഹനങ്ങളും കണ്ടു. ത്രികോണാകൃതിയിലുള്ള വാഹനങ്ങൾ ഡ്രോണുകൾ പോലെയുള്ള മനുഷ്യനിർമിത വാഹനങ്ങളാണെന്നു പിന്നീട് കണ്ടെത്തിയതായി ബ്രേ പറഞ്ഞു. എന്നാൽ ആദ്യം കണ്ട ഗോളാകൃതിയിലുള്ള വാഹനം ഏതാണെന്നു സ്ഥിരീകരിക്കാൻ സൈന്യത്തിനോ ഇന്റലിജൻസ് വൃത്തങ്ങൾക്കോ കഴിഞ്ഞിട്ടില്ലെന്നും ബ്രേ വെളിപ്പെടുത്തി. അതുപോലെ തന്നെ 2004ലെ നിമിറ്റ്സ് എൻകൗണ്ടർ എന്ന പ്രശസ്ത സംഭവത്തിനും വിശദീകരണം ഹിയറിങ്ങിൽ ലഭിച്ചില്ല. അന്ന് യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനിക്കപ്പലിൽ യാത്ര ചെയ്ത സൈനികർ അപൂർവഘടനയും 12 മീറ്റർ നീളവുമുള്ള ഒരു പേടകം ഭൂമിയിൽ ഇതുവരെ കൈവരിച്ചിട്ടില്ലാത്ത വേഗത്തിൽ കടലിലേക്കു താഴ്ന്നു പറക്കുന്നത് കണ്ടെന്ന് അവകാശവാദം ഉയർത്തിയിരുന്നു. ഭൂമിയിലെ മറ്റു വ്യോമവാഹനങ്ങൾക്കൊന്നുമില്ലാത്ത ഘടനയും രൂപവുമാണ് അതിനെന്നാണ് അന്നു സൈനികർ പറഞ്ഞിരുന്നത്.

ഏതൊക്കെയാണ് ഈ അജ്ഞാത പേടകങ്ങൾ എന്നറിയാനുള്ള ഡേറ്റയോ മറ്റു വിവരങ്ങളോ തങ്ങളുടെ കൈവശമില്ലെന്നും ഇത്തരം അജ്ഞാത പേടകങ്ങളുമായി ഒരുതരത്തിലും ആശയവിനിമയത്തിന് തങ്ങൾ ശ്രമിച്ചില്ലെന്നും സ്കോട് ബ്രേ പറഞ്ഞു.

കഴിഞ്ഞവർഷം ജൂലൈയിൽ പുറത്തിറങ്ങിയ പെന്റഗൺ റിപ്പോർട്ടിനു തുടർച്ചയായായിരുന്നു ലോകശ്രദ്ധ നേടിയ ഹിയറിങ് യുഎസ് ജനപ്രതിനിധി സഭയിൽ നടന്നത്. കഴിഞ്ഞ റിപ്പോർട്ടിൽ 140 യുഎഫ്ഒ ദർശനങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഇവ അന്യഗ്രഹജീവിപേടകങ്ങളാണോ ഇവയെന്ന ആകാംക്ഷ മൂലമാണ് ആ റിപ്പോർട്ടും ഇന്നത്തെ ഹിയറിങ്ങും വലിയ രാജ്യാന്തര ശ്രദ്ധ നേടിയത്. എന്നാൽ കണ്ടെത്തിയ അജ്ഞാതപേടകങ്ങൾ അന്യഗ്രഹജീവികളാണെന്ന് ഉറപ്പിക്കാനുള്ള ഒരു തെളിവും തങ്ങളുടെ കൈവശമില്ലെന്നും ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ ഈ അവസരത്തിൽ സാധ്യമല്ലെന്നും സൈന്യം പറഞ്ഞു. 

അന്യഗ്രഹ പേടകങ്ങളെന്ന് വിചാരിക്കുന്ന പലതും റഡാർ സിസ്റ്റത്തിന്റെ തകരാറുകൾ മൂലം സംഭവിക്കുന്ന പിഴവുകളാണെന്നും പക്ഷികൾ, ഡ്രോണുകൾ, ബലൂണുകൾ തുടങ്ങിയവ ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും ചില വിദഗ്ധർ വിലയിരുത്തുന്നുണ്ട്. ഇതു കൂടാതെ റഷ്യ, ചൈന തുടങ്ങിയ യുഎസുമായി വിഭിന്ന നിലപാടുകൾ പുലർത്തുന്ന രാജ്യങ്ങളുടെ നിരീക്ഷണപേടകങ്ങളും ഇക്കൂട്ടത്തിൽ പെടാമെന്നും അഭ്യൂഹമുണ്ട്. ഇതിനാൽ തന്നെ അജ്ഞാത വ്യോമപേടകങ്ങളെ ദുരൂഹതാ സിദ്ധാന്തമെന്നു തള്ളിക്കളയാതെ ഇവ യുഎസിനു മേൽ ഉണ്ടാക്കാവുന്ന സുരക്ഷിതത്വ പ്രശ്നങ്ങളെക്കുറിച്ചും ചർച്ചവേണമെന്ന് ജനപ്രതിനിധികളിൽ ചിലർ ആവശ്യപ്പെട്ടു.

English Summary: In Rare Hearing, Pentagon Reports Rise In UFO Sightings In Past 20 Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA