ADVERTISEMENT

ഉത്തര ധ്രുവദീപ്തി കാണാന്‍ മാത്രമല്ല കേള്‍ക്കാനും കഴിയുമെന്ന് കണ്ടെത്തി ശാസ്ത്രലോകം. ധ്രുവദീപ്തിയുടെ ശബ്ദം രേഖപ്പെടുത്തുക മാത്രമല്ല കാണാനാവാത്ത സമയങ്ങളില്‍ പോലും ഇവ പുറപ്പെടുവിക്കുന്ന ശബ്ദം കേള്‍ക്കാനാകുമെന്നും കണ്ടെത്തിയിരിക്കുകയാണ്. ഫിന്‍ലന്റിലെ ആള്‍ട്ടോ സര്‍വകലാശാലയിലെ അക്വസ്റ്റിക് എൻജിനീയറായ ഉന്റോ ലെയ്‌നാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഡെന്‍മാര്‍ക്കില്‍ നടന്ന യൂറോറീജിയോ ജോയിന്റ് അക്വസ്റ്റിക് കോണ്‍ഫറന്‍സില്‍ തന്റെ കണ്ടെത്തല്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെ്തു. 

 

വിദൂരതയില്‍ നിന്നുള്ള ഒരു വെള്ളച്ചാട്ടത്തില്‍ നിന്നുള്ള ശബ്ദമായോ ഏതോ വിചിത്ര മൃഗത്തിന്റെ മുരള്‍ച്ച പോലെയോ മഞ്ഞു മല ഇടിയുന്നതുപോലെയോ ഒക്കെയാണ് ഉത്തരധ്രുവദീപ്തിയുടെ ശബ്ദം അനുഭവിക്കാനാവുക. 'ഉത്തരധ്രുവദീപ്തിയില്‍ നിന്നുള്ള ശബ്ദങ്ങള്‍ അത്യപൂര്‍വമാണെന്ന ധാരണയും തെറ്റാണ്. ഇവയെ കാണാത്ത സമയത്ത്  പോലും നമുക്ക് അവ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ അറിയാനാകുമെന്നും ലെയ്ന്‍ പറയുന്നു.

 

ഉത്തരധ്രുവദീപ്തിയുമായി ബന്ധപ്പെട്ട ശബ്ദ ദുരൂഹതകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂനിരപ്പില്‍ നിന്നും ഏതാണ്ട് 70 മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തില്‍ നിന്നാണ് ഈ ശബ്ദം വരുന്നത്. നേരത്തെ പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വളരെ കുറഞ്ഞ ഉയരപരിധിയാണിത്. സൂര്യനില്‍ നിന്നെത്തുന്ന സൗരകാറ്റ് ഭൂമിയുടെ കാന്തികമണ്ഡലവുമായി കൂട്ടിയിടിക്കുന്നതിന്റെ ഫലമായാണ് ഉത്തരധ്രുവദീപ്തി എന്ന പ്രതിഭാസം സൃഷ്ടിക്കപ്പെടുന്നത്.

 

2016 മുതല്‍ തന്നെ ലെയ്‌നും കൂട്ടാളികളും ഉത്തരധ്രുവദീപ്തിയുടെ ശബ്ദത്തിന് പിന്നാലെയുണ്ട്. പൊതുവേ തണുപ്പുള്ളതും തെളിഞ്ഞതും ശാന്തമായതുമായ രാത്രികളില്‍ ധ്രുവപ്രദേശങ്ങളില്‍ ഇളം ചൂടുള്ള ഒരു വായുപാളി തണുത്ത വായുവിന് മുകളിലായി രൂപപ്പെടാറുണ്ട്. ഈ രണ്ട് പാളികളിലും വിരുദ്ധ ഇലക്ട്രിക് ചാര്‍ജുകള്‍ സംഭവിക്കുകയും കാന്തികമണ്ഡലത്തിന്റെ ഇടപെടല്‍ കൂടിയാവുന്നതോടെ ധ്രുവദീപ്തിക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയുമാണ് സംഭവിക്കുന്നതെന്നും കരുതപ്പെടുന്നു.

 

ഗവേഷണത്തിന്റെ ഭാഗമായി ഫിന്‍ലന്റിലെ ഫിസ്‌കാസ് ഗ്രാമത്തില്‍ സംഘം ധ്രുവദീപ്തിയില്‍ നിന്നുള്ള ശബ്ദം രേഖപ്പെടുത്തുന്നതിനായി ഉപകരണങ്ങള്‍ സജ്ജീകരിച്ചിരുന്നു. ഇതില്‍ നിന്നും നൂറുകണക്കിന് ശബ്ദങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇവയില്‍ നിന്നും തിരഞ്ഞെടുത്ത 60 താരതമ്യേന ശക്തമായ ശബ്ദങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ഇവയ്ക്കും ഭൂമിയുടെ കാന്തികമണ്ഡലത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ക്കും ബന്ധമുണ്ടെന്നും അറിയാനായി. ഭൗമ കാന്തികമണ്ഡലത്തിന്റെ ചലനങ്ങള്‍ നിരീക്ഷിച്ച് ഉത്തരധ്രുവദീപ്തിയുടെ ശബ്ദത്തെ പോലും പ്രവചിക്കാനാകുമെന്ന നിര്‍ണായക കണ്ടെത്തലും ഗവേഷകര്‍ നടത്തി. ഏതാണ്ട് 90 ശതമാനം കൃത്യതയും ഈ പ്രവചനങ്ങള്‍ക്ക് ലഭിച്ചിരുന്നു.

 

ഉത്തരധ്രുവദീപ്തി ശബ്ദത്തിന്റെ അകമ്പടിയില്ലാതെ തന്നെ കാണുന്നതുപോലെ ഉത്തരധ്രുവദീപ്തി ദൃശ്യമാകാത്ത സമയത്ത് പോലും അവയില്‍ നിന്നുള്ള ശബ്ദം തിരിച്ചറിയാനാകുമെന്നും ലെയ്‌നും സംഘവും കണ്ടെത്തി. നേരത്തെ കരുതിയിരുന്നതിലും സാധാരണമായി ഉത്തരധ്രുവദീപ്തി മൂലമുണ്ടാകുന്ന ശബ്ദം കേള്‍ക്കുന്നുണ്ടെന്ന തിരിച്ചറിവിലേക്കാണ് ഇതോടെ കാര്യങ്ങളെത്തിയത്. വിദൂരതയില്‍ കേള്‍ക്കുന്ന പ്രകൃതിയില്‍ നിന്നുള്ള ഈ നേര്‍ത്ത ശബ്ദങ്ങള്‍ മറ്റെന്തെങ്കിലുമാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഈ പ്രകൃതി പ്രതിഭാസത്തിന്റെ ശബ്ദങ്ങളെ ഓറല്‍ സൗണ്ട്‌സ് എന്നു തന്നെയാവും ശാസ്ത്രലോകം വിളിക്കുക. ഉത്തരധ്രുവദീപ്തിയും ഈ ശബ്ദവും തമ്മിലുള്ള ബന്ധം ഉറപ്പിക്കാൻ ഈ പേര് സഹായിക്കുമെന്നും ലെയ്ന്‍ പറയുന്നു.

 

English Summary: The Ghostly Sounds of Auroras Can Be Heard, Even When They're Invisible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com