ADVERTISEMENT

ലാവോസിലെ ഒരു ഗുഹയില്‍ നിന്നും ഗവേഷകര്‍ കണ്ടെടുത്ത ഒരു പല്ലിനാണ് മനുഷ്യ ചരിത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറാനുള്ള നിയോഗമുള്ളത്. 1.30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യ പൂര്‍വിക വിഭാഗമായ ഡെനിസോവനുകളിലെ ഒരു പെണ്ണിന്റെ അണപ്പല്ലാണിത്. 2010ല്‍ കണ്ടെത്തിയ ഈ അണപ്പല്ലാണ് നരവംശ ശാസ്ത്രജ്ഞര്‍ക്ക് വിട്ടുപോയ വിവരങ്ങളുടെ കണ്ണികള്‍ നല്‍കുന്നത്.  

 

തെക്കുകിഴക്കേ ഏഷ്യയില്‍ നിന്നും ലഭിക്കുന്ന ആദ്യത്തെ ഡെനിസോവന്‍ ഫോസില്‍ തെളിവുകളാണിത്. റഷ്യയിലെ സൈബീരിയന്‍ മേഖലയിലുള്ള അല്‍ടായ് മല നിരകളിലെ ഗുഹയില്‍ നിന്നാണ് വടക്കന്‍ ഏഷ്യയില്‍ നിന്നുള്ള ഏക ഡെനിസോവന്‍ ഫോസില്‍ ലഭിക്കുന്നത്. ഫിലിപ്പീന്‍സ്, പാപുവ ന്യൂഗിനിയ, ഓസ്‌ട്രേലിയ തുടങ്ങിയ തെക്കന്‍ പ്രദേശങ്ങളില്‍ ഡെനിസോവനുകളുടെ ജനിതക തെളിവുകള്‍ ലഭിച്ചിട്ടുമുണ്ട്. 

 

തെക്കേ ഏഷ്യയിലെ പ്രദേശങ്ങളിലും ഡെനിസോവനുകള്‍ വ്യാപകമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. തെക്കുകിഴക്കേ ഏഷ്യയില്‍ വച്ചായിരിക്കാം ആധുനിക മനുഷ്യരായ ഹോമോസാപിയന്‍സും ഡെനിസോവനുകളും തമ്മില്‍ കണ്ടുമുട്ടുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലാവോസിന്റെ തലസ്ഥാനത്തില്‍ നിന്നും 260 കിലോമീറ്റര്‍ ദൂരത്തുള്ള കോബ്ര ഗുഹകളില്‍ നിന്നാണ് ഡെനിസോവന്‍ യുവതിയുടെ പല്ല് ലഭിച്ചത്. ഇതിന് ഏതാണ്ട് 1.31 ലക്ഷം മുതല്‍ 1.64 ലക്ഷം വര്‍ഷം വരെയാണ് പഴക്കം കണക്കാക്കുന്നത്. 

 

ഗവേഷകര്‍ ഹോമോസാപിയന്‍സിന്റേയും മറ്റൊരു പുരാതന മനുഷ്യ വിഭാഗമായ ഹോമോ ഇറക്ടസിന്റേയും പല്ലു ഫോസിലുകളുമായി ഇത് താരതമ്യപ്പെടുത്തി നോക്കിയിരുന്നു. ഇതിനു ശേഷമാണ് ഡെനിസോവന്‍ വിഭാഗത്തില്‍ പെട്ട ജീവിയുടേതാണ് ഈ പല്ലുകളെന്ന് തിരിച്ചറിഞ്ഞത്. വായ്ക്കകത്തെ താഴേവരിയിലെ ഈയൊരു ചെറിയ അണപ്പല്ലില്‍ നിന്നും ഒരുപാട് നിര്‍ണായക വിവരങ്ങള്‍ ഗവേഷകര്‍ ചികഞ്ഞെടുക്കുകയും ചെയ്തു. 

 

ആധുനിക മനുഷ്യരില്‍ പലരിലും ഡെനിസോവനുകളുടെ ജനിതക സാന്നിധ്യമുണ്ട്. ഇതിനര്‍ഥം പരിണാമ ദശയിലേതോ തലമുറയില്‍ വെച്ച് ഹോമോസാപിയന്‍സും ഡെനിസോവനുകളും തമ്മില്‍ ഇടപഴകുകയും അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്തിരുന്നു എന്നാണ്. ഹോമോസാപിയന്‍സ് ആഫ്രിക്കയില്‍ നിന്നും ഭൂമിയുടെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് ഇതു സംഭവിച്ചിരിക്കുക. ഏതാണ്ട് അരലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപായിരിക്കണം ഡെനിസോവനുകളും ഹോമോസാപ്പിയന്‍സും ഇടകലര്‍ന്നതെന്നും കരുതപ്പെടുന്നു.

 

English Summary: Cave discovery in Laos could unlock more about human evolution's biggest mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com