ADVERTISEMENT

ബഹിരാകാശത്ത് നിന്ന് എന്തെല്ലാം സ്വന്തമാക്കാമെന്നും അതെല്ലാം ഭൂമിയിലുളളവർക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നുമാണ് ചൈനീസ് ഗവേഷകർ ഓരോ നിമിഷവും ആലോചിക്കുന്നത്. ഇപ്പോൾ ബഹിരാകാശത്ത് സൊളാർ പാനലുകൾ സ്ഥാപിച്ച് ഭൂമിയിലേക്ക് സൗരോർജം എത്തിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.

സൗരോർജം, കാറ്റ് തുടങ്ങിയ പ്രകൃതിദത്ത ഊർജ സ്രോതസ്സുകൾ മനുഷ്യന്റെ എല്ലാ ഊർജ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് തന്നെയാണ് ചൈനീസ് ഗവേഷകരും കരുതുന്നത്. ഭൂമിയിലേക്ക് ആവശ്യമായ ഊർജമെല്ലാം സൂര്യനിലുണ്ട്. എന്നാൽ, സൗരോർജം പൂർണമായി പ്രയോജനപ്പെടുത്താൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനൊരു ചെറിയ ശ്രമമാണ് ചൈനീസ് ഗവേഷകർ ആലോചിക്കുന്നത്.

വൻ സൊളാർ പവർ പ്ലാന്റ് ബഹിരാകാശത്ത് തന്നെ വിന്യസിക്കാനാണ് ചൈനീസ് പദ്ധതി. ഇതുവഴി ഭൂമിയിലെ ഉപയോഗത്തിനായി ഊർജം തിരികെ എത്തിക്കും. പദ്ധതിയുടെ ഭാഗമായി ചൈനയുടെ ആദ്യ വിക്ഷേപണം 2028 ൽ നടന്നേക്കും. ഇതിനായി ഒരു പരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുകയും ഇത് 400 കിലോമീറ്റർ ദൂരത്തിൽ ഭൂമിയെ ഭ്രമണം ചെയ്യുകയും ചെയ്യും. സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഉപഗ്രഹത്തിലെ സാങ്കേതിക സംവിധാനങ്ങൾ സൗരോർജത്തെ മൈക്രോവേവ് അല്ലെങ്കിൽ ലേസർ ആക്കി മാറ്റും. തുടർന്ന് ഭൂമിയിലേക്കും ഭൂമിക്ക് ചുറ്റും കറങ്ങുന്ന മറ്റു ഉപഗ്രഹങ്ങളിലേക്കും ഊർജ രശ്മികളെ അയക്കും. പീർ-റിവ്യൂഡ് ജേണൽ ചൈനീസ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഇത് സംബന്ധിച്ച് വിശദമായ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാസയും ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് സമാനമായ ഒരു ഊർജ പദ്ധതി നിർദേശിച്ചിരുന്നുവെങ്കിലും നടക്കാതെ പോയി. അതേസമയം, 2035 ഓടെ ഭൂമിയുടെ ഭ്രമണപഥത്തിലെ ഊർജ പദ്ധതിയ്ക്കായി 16 ബില്യൻ പൗണ്ടിന്റെ ഗവേഷണത്തിന് യുകെ സർക്കാരും നീക്കം നടത്തുന്നുണ്ട്. യുകെ നടത്തിയ ഗവേഷണ റിപ്പോർട്ടിൽ ഭ്രമണപഥത്തിലെ സമൃദ്ധമായ സൗരോർജം എങ്ങനെ ശേഖരിക്കുമെന്നും പിന്നീട് ഭൂമിയിൽ അത് സുരക്ഷിതമായി ഒരു നിശ്ചിത സ്ഥാനത്തേക്ക് ബീം ചെയ്യാമെന്നും എടുത്തുകാണിക്കുന്നു. ഭൂമിയുടെ ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ തീവ്രതയിൽ 99 ശതമാനം സമയവും സൂര്യപ്രകാശം ലഭിക്കുന്നതെങ്ങനെയെന്നും ഇത് പരാമർശിക്കുന്നു.

കൂടാതെ ഊർജം വഹിക്കുന്ന ബീമുകൾ ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കാനാവും. ഇത് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ദുരന്ത നിവാരണ ലക്ഷ്യങ്ങൾക്കും ഉപയോഗിക്കാനാകും. അത്തരം ഉപഗ്രഹങ്ങൾക്ക് കാലാവസ്ഥ പരിഗണിക്കാതെ തന്നെ ഭൂമിയിലേക്ക് 24x7 ഊർജം നൽകാൻ കഴിയും. ഇത്രയും ദൂരത്ത് നിന്ന് ഉയർന്ന ശക്തിയുള്ള മൈക്രോവേവുകൾ സ്വീകരിക്കാൻ ഭൂമിയിൽ വലിയ ആന്റിന ആവശ്യമാണ്. അതേസമയം, സൗരവാതങ്ങൾ, ഗുരുത്വാകർഷണം, ഉപഗ്രഹത്തിന്റെ ചലനം എന്നിവ ഊർജ പ്രക്ഷേപണത്തിന് തടസമാകാമെന്നും റിപ്പോർട്ടുകളുണ്ട്.

 

English Summary: Future Solar Power Plants In Space Will Beam Sun's Energy To Earth: Here's How

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com