ADVERTISEMENT

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആരാധനാപാത്രമാണ് ക്രിസ്റ്റഫർ നോളാൻ. ഇൻസെപ്ഷൻ, പ്രസ്റ്റീജ്, ഇന്റർസ്റ്റെല്ലാർ, ടെനറ്റ്, ഡാർക്‌ൈനൈറ്റ് ട്രൈലജി തുടങ്ങിയ മാസ്മരിക ചിത്രങ്ങളൊരുക്കിയ സംവിധായകൻ. ശാസ്ത്രത്തെ ഒരുപാടിഷ്ടപ്പെടുന്ന നോളന്റെ അടുത്ത ചിത്രം ‘ഓപ്പൺഹൈമർ’ അടുത്ത വർഷം ജൂലൈ 21 ന് ലോകമെമ്പാടുമുള്ള തീയറ്ററിലെത്തും. പേരു സൂചിപ്പിക്കുന്നതു പോലെ ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ.റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ആറ്റംബോംബിന്റെ നിർമാണവും രണ്ടാംലോക മഹായുദ്ധവും ഇതിൽ പശ്ചാത്തലമാകും. ഇന്ന് ഹിരോഷിമാ ദിനം. ആണവ ബോംബിനെക്കുറിച്ചും അതിന്റെ പരിണത ഫലങ്ങളെക്കുറിച്ചുമെല്ലാം ലോകവ്യാപകമായി ഇന്ന് ചർച്ചകൾ നടക്കും. ഈ ചർച്ചകൾക്കൊന്നും ഒഴിവാക്കാൻ പറ്റാത്ത പേരാണ് റോബർട്ട് ഓപ്പൺഹൈമർ എന്നത്.

 

യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ ജൂത കുടിയേറ്റ ദമ്പതികളുടെ മകനായി 1904 ഏപ്രിൽ 22നാണ് ഓപ്പൺഹൈമർ ജനിച്ചത്. ഹാർവഡ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ശേഷം അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറുകയും വിഖ്യാതമായ കേംബ്രിജ് സർവകലാശാലയിലെ കാവൻഡിഷ് സർവകലാശാലയിൽ ഗവേഷണത്തിലേർപ്പെടുകയും ചെയ്തു. 1925 കാലമായിരുന്നു അത്. ആണവശാസ്ത്രഗവേഷണം വികസിച്ചുവരുന്ന കാലം. യുവാവായ ഓപ്പൺഹൈമർ പിന്നീട് ഗോട്ടിൻജൻ സർവകലാശാലയിൽ തന്റെ ഗവേഷണം തുടർന്നു. മാക്സ് ബോൺ, നീൽസ് ബോർ തുടങ്ങിയ പിൽക്കാല ഭൗതികശാസ്ത്രത്തിലെ അതിപ്രശസ്തരായ ശാസ്ത്രജ്ഞരുമായി സഹകരിക്കാൻ ഇവിടെ ഓപ്പൺഹൈമറിന് അവസരമൊരുങ്ങി. മാക്സ് ബോണുമായി ചേർന്ന് അദ്ദേഹം വികസിപ്പിച്ച ബോൺ ഓപ്പൺഹൈമർ മേതേഡ് ഭൗതികശാസ്ത്രത്തിലെ വിഖ്യാതമായ സംഭാവനകളിലൊന്നാണ്.

 

1930ൽ യൂറോപ്പിൽ നടമാടുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ ഓപ്പൺഹൈമറുടെ ശ്രദ്ധ പിടിച്ചുപറ്റി. അഡോൾഫ് ഹിറ്റ്ലർ പുലർത്തി വന്ന ജൂതവിരുദ്ധ നാത്സി രാഷ്ട്രീയത്തെ ഓപ്പൺഹൈമർ എതിർത്തു. ശാസ്ത്ര സാങ്കേതിക ഗവേഷണത്തിനു വലിയ പ്രാധാന്യം കൊടുക്കുന്ന നാത്സികൾ ആണവ ശക്തി ഉപയോഗിച്ച് നശീകരണായുധങ്ങൾ നിർമിക്കാൻ സാധ്യതയുണ്ടെന്നുള്ള ആൽബർട് ഐൻസ്റ്റീൻ, ലിയോ സിലാഡ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ വാദങ്ങളെ ഓപ്പൺഹൈമർ പിന്തുണച്ചിരുന്നു.

 

1939ൽ നാത്സി ജർമനി തങ്ങളുടെ കുപ്രസിദ്ധമായ പോളണ്ട് അധിനിവേശം നടത്തി. ഇതേ കാലയളവിലാണ് ഓപ്പൺഹൈമർ ആറ്റംബോബ് നിർമിക്കാനുള്ള യുഎസ് പദ്ധതിയായ മൻഹാറ്റൻ പ്രോജക്ടിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 1942ൽ മൻഹാറ്റൻ പ്രോജക്ടിന്റെ ശാസ്ത്ര വിഭാഗത്തെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിനു വന്നുചേർന്നു.

 

മൻഹാറ്റൻ പ്രോജക്ടിൽ ഹിറ്റ്ലറിന്റെ അധിനിവേശത്തിൽ നിന്നു രക്ഷപ്പെട്ട് അമേരിക്കയിൽ വന്ന ഒട്ടേറെ ശാസ്ത്രജ്ഞരുണ്ടായിരുന്നു. സ്വാഭാവികമായും ഹിറ്റ്ല‌റിനെ എതിർത്തിരുന്ന ഇവർ, നാത്സികൾ അണുബോംബ് വികസിപ്പിക്കുന്നതിനു മുൻപ് തന്നെ അണുബോംബ് നിർമിക്കാൻ ഊർജിതമായി ശ്രമിച്ചു. ഓപ്പൺഹൈമറുടെ ശക്തമായ നേതൃശേഷിയും ശാസ്ത്രപരിജ്ഞാനവുമാണ് 200 കോടി യുഎസ് ഡോളറോളം ചെലവു വന്ന അണുബോംബിന്റെ യാഥാർഥ്യവൽക്കരണത്തിന് ഇടയാക്കിയത്.

 

താമസിയാതെ ബോംബുകൾ ജർമനിയിൽ പതിച്ചു. രണ്ടാം ലോകയുദ്ധം കെട്ടടങ്ങി. എന്നാൽ അണുബോംബിന്റെ മാരകമായ പ്രഹരശേഷിയും അതുണ്ടാക്കുന്ന നാശനഷ്ടങ്ങളും ഓപ്പൺഹൈമറെ ഉലച്ചുകളഞ്ഞു. ആണവ ആയുധ പദ്ധതികൾ ഇനിയും വികസിപ്പിക്കരുതെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. മൻഹാറ്റൻ പദ്ധതിയിൽ നിന്നു രാജിവയ്ക്കുകയും ചെയ്തു.

 

എന്നാൽ ആണവോർജ കമ്മിഷന്റെ ഉപദേശക സമിതിയിൽ അദ്ദേഹം തുടർന്നു. 1949ൽ യുഎസ് മുന്നോട്ടുവച്ച ഹൈഡ്രജൻ ബോംബ് പദ്ധതിയെ ഓപ്പൺഹൈമർ ശക്തിയുക്തം എതിർത്തു. എന്നാൽ ഈ എതിർപ്പുമൂലം അദ്ദേഹം കമ്യൂണിസ്റ്റാണെന്നും സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന ആളാണെന്നും ആരോപണങ്ങളുയർന്നു. പല പ്രമുഖ ആണവ പദ്ധതികളിൽ നിന്നും യുഎസ് അദ്ദേഹത്തെ ഒഴിവാരക്കി. 1967ൽ തന്റെ 63ാം വയസ്സിൽ തൊണ്ടയിലെ കാൻസർ മൂലം ഓപ്പൺഹൈമർ മരണത്തിനു കീഴടക്കി.

 

English Summary: Christopher Nolan's 'Oppenheimer': everything we know so far

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com