ADVERTISEMENT

ഭൂമിയില്‍ നിന്നും 9000 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രവ്യൂഹത്തില്‍ നടക്കുന്ന നക്ഷത്രസ്‌ഫോടനം പകര്‍ത്തി ഹബിള്‍ ടെലസ്‌കോപ്. നക്ഷത്രത്തില്‍ നിന്നും വാതകങ്ങളും പൊടിപടലങ്ങളും അതിവേഗത്തില്‍ പുറന്തള്ളുന്നതിന്റെ ദൃശ്യമാണ് ഹബിള്‍ പകര്‍ത്തിയിരിക്കുന്നത്. ഹബിള്‍ ടെലസ്‌കോപിലെ വൈഡ് ഫീല്‍ഡ് ക്യാമറ 3 ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

 

തോറസ് നക്ഷത്രവ്യൂഹത്തിലെ IRAS 00506+2414 എന്ന നക്ഷത്രത്തിന്റെ ദൃശ്യമാണ് ജ്യോതിശാസ്ത്രജ്ഞര്‍ പകര്‍ത്തിയത്. രണ്ട് യുവ നക്ഷത്രങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന കാഴ്ചയാണിതെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരം സാഹചര്യങ്ങള്‍ കണ്ടെത്താനും പഠിക്കാനും നമുക്ക് കഴിഞ്ഞിട്ടുള്ളൂ. നക്ഷത്രങ്ങള്‍ കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ ഒരിക്കല്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്.

 

സാധാരണഗതിയില്‍ യുവ നക്ഷത്രങ്ങളില്‍ നിന്നും പുറത്തുവരുന്ന പൊടിപടലങ്ങളും വാതകങ്ങളും നക്ഷത്രത്തിനു ചുറ്റും ഡിസ്‌ക് പോലെ കറങ്ങുകയാണ് ചെയ്യുക. എന്നാല്‍ IRAS 05506+2414 നക്ഷത്രത്തില്‍ നിന്നും ഫാന്‍ കറങ്ങുന്നതുപോലെ പൊടിപടലങ്ങളും വാതകങ്ങളും  പുറത്തേക്ക് വമിക്കുകയാണ്. സെക്കൻഡില്‍ 350 കിലോമീറ്റര്‍ വേഗത്തിലാണ് ഇത് സംഭവിക്കുന്നത്.

 

എത്ര അകലത്തിലാണ് ഈ നക്ഷത്രമെന്ന് കണ്ടെത്തുന്നതിന് ഹബിള്‍ ടെലസ്‌കോപിന്റെ വൈഡ് ഫീല്‍ഡ് ക്യാമറ 3 തന്നെയാണ് ഗവേഷകര്‍ ഉപയോഗിച്ചത്. നക്ഷത്രത്തില്‍ നിന്നും എത്ര വേഗത്തിലാണ് വസ്തുക്കള്‍ പുറന്തള്ളപ്പെടുന്നതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിയില്‍ നിന്നും ഈ നക്ഷത്രത്തിലേക്കുള്ള അകലമെന്ന് കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

 

നക്ഷത്രത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന വസ്തുക്കളുടെ വേഗം നിരീക്ഷിച്ച് ഭൂമിയില്‍ നിന്നുള്ള കൃത്യമായ അകലം കണക്കുകൂട്ടാനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം. നക്ഷത്രത്തിന്റെ തെളിച്ചവും ഊര്‍ജം പുറന്തള്ളാനുള്ള കഴിവും അറിയുന്നതോടെ ഭാരം കണക്കുകൂട്ടാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ നക്ഷത്രത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന വസ്തുക്കളെക്കുറിച്ചും പൊട്ടിത്തെറിയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശാസ്ത്രജ്ഞര്‍.

 

English Summary: Hubble captures mysterious astronomical explosion 9,000 lightyears away from Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com