ADVERTISEMENT

നിര്‍മിത ബുദ്ധി കൂടുതല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന കാലമാണിത്. മെഷീന്‍ ലേണിങ്ങിന്റെ സമീപനത്തിലെ പുതിയ രീതി ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്ന രീതിയിലുള്ള നിര്‍മിത ബുദ്ധിയുടെ കാലമാണ് വരാനിരിക്കുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്.

 

വളരെ കുറച്ചു വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി മികച്ച രീതിയിലുള്ള പ്രവചനങ്ങള്‍ നടത്താനും വിവരങ്ങള്‍ കൂടുതല്‍ ലഭ്യമാകുന്ന മുറക്ക് ഫലത്തിന്റെ കൃത്യത വര്‍ധിപ്പിക്കാനുമുള്ള ശേഷി ഈ രീതിക്കുണ്ട്. സ്പാറ്റിയോടെംപോറല്‍ ചാവോറ്റിക് സിസ്റ്റംസ് എന്നറിയപ്പെടുന്ന വിവര സംസ്‌കരണ രീതിയിലൂടെയാണ് നിര്‍മിത ബുദ്ധിയുടെ കാര്യക്ഷമതയും വേഗവും വര്‍ധിപ്പിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിരിക്കുന്നത്. കാലാവസ്ഥാ പ്രവചനം പോലുള്ള മേഖലകളില്‍ കുറഞ്ഞ വിവരങ്ങള്‍ വച്ചുകൊണ്ട് കൂടുതല്‍ കൃത്യതയുള്ള ഫലങ്ങള്‍ നേടിത്തരാന്‍ ഇതുകൊണ്ട് സാധിക്കും.

ai

 

വിവര സംസ്‌കരണ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന കണ്ടെത്തലാണിത്. വിവരങ്ങള്‍ സംസ്‌കരിച്ചുണ്ടാകുന്ന ഫലങ്ങളുടെ കാര്യക്ഷമതയും കൃത്യതയും ഇതുവഴി കൂട്ടാനാകുമെന്ന് ഓഹിയോ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്രജ്ഞനായ വെന്‍ഡ്‌സണ്‍ ബാര്‍ബോസ പറയുന്നു. കാലാവസ്ഥാ പ്രവചനമേഖലയില്‍ ഈ പുത്തന്‍ നിര്‍മിത ബുദ്ധി രീതിയെ ഗവേഷകര്‍ പരീക്ഷിക്കുകയും ചെയ്തു. നേരത്തേ സൂപ്പര്‍ കംപ്യൂട്ടറുകള്‍ വഴി മാത്രം സാധ്യമായിരുന്ന ഫലങ്ങള്‍ പുതിയ രീതിയിലുള്ള നിര്‍മിത ബുദ്ധി വഴി സാധാരണ വിന്‍ഡോസ് ലാപ്‌ടോപ്പില്‍ വരെ സാധ്യമായെന്നതാണ് പ്രധാന നേട്ടം. സാമ്പ്രദായിക അല്‍ഗരിതങ്ങളേക്കാള്‍ 2.40 ലക്ഷം വേഗത്തില്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ ഇതുവഴി സാധിക്കും. 

 

ഭാവിയില്‍ നടക്കാനിരിക്കുന്ന എന്തു കാര്യങ്ങളും പ്രവചിക്കാന്‍ ഇത്തരം മെഷീന്‍ ലേണിങ് അല്‍ഗോരിതങ്ങള്‍ക്കാവും. ഓര്‍മയില്‍ നിന്നുള്ള വിവര സംസ്‌കരണത്തിന്റെ കാര്യത്തില്‍ പലപ്പോഴും മനുഷ്യ മസ്തിഷ്‌കത്തേക്കാള്‍ മുന്നില്‍ നില്‍കാന്‍ പോലും ഇവയ്ക്കാവും. കയോസ്: ആന്‍ ഇന്റര്‍ഡിസിപ്ലിനറി ജേണല്‍ ഓഫ് നോണ്‍ലൈനിയര്‍ സയന്‍സിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: New Approach to Machine Learning Could Make Chaos More Predictable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com