ADVERTISEMENT

ചൈനീസ് ബഹിരാകാശ നിലയം ടിയാങ്കോങ്ങിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗം വിജയകരമായി ഘടിപ്പിച്ചു. മെങ്ടിയാന്‍ എന്നു പേരിട്ടിരിക്കുന്ന മൂന്നാം ഭാഗം ചൊവ്വാഴ്ച രാവിലെയോടെ ടിയാങ്കോങ്ങില്‍ വിജയകരമായി ഘടിപ്പിച്ചെന്ന് ചൈനീസ് ദേശീയ മാധ്യമമായ സിസിടിവി റിപ്പോര്‍ട്ടു ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ഹെയ്‌നന്‍ പ്രവിശ്യയിലെ വെന്‍ചെങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട മെങ്ടിയാന്‍ 13 മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് ടിയാങ്കോങ്ങിന്റെ ഭാഗമായി മാറിയത്. 

 

ചൈനീസ് ബഹിരാകാശ നിലയത്തിന്റെ അവസാന ഭാഗത്തിന്റെ വിക്ഷേപണം കാണാനായി നിരവധി പേരാണ് എത്തിയിരുന്നത്. പ്രത്യേകം തയാറാക്കിയ ടി ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ പലരും ആവേശത്തോടെ ചൈനീസ് പതാകകള്‍ വീശുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബഹിരാകാശ പദ്ധതി ചൈനീസ് പ്രതിരോധ വിഭാഗത്തിന്റെ ആധുനികവല്‍ക്കരണത്തിന് വേഗം കൂട്ടും. ഇതിനൊപ്പം ചൈനക്കാരുടെ ദേശസ്‌നേഹം വര്‍ധിപ്പിക്കാനും ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്നാണ് ഷാങ്ഹായ് യൂണിവേഴ്‌സിറ്റി ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ആൻഡ് ലോയിലെ പ്രഫസര്‍ നി ലെക്‌സിയോങ് പ്രതികരിച്ചത്.

 

സ്വര്‍ഗീയ സ്വപ്‌നം എന്നര്‍ഥം വരുന്ന മെങ്ടിയാന്‍ ചൈനീസ് ബഹിരാകാശ നിലയത്തിലെ രണ്ടാമത്തെ പരീക്ഷണശാലയാണ്. ടിയാന്‍ഹേ എന്ന പ്രധാന മൊഡ്യൂളിലാണ് ബഹിരാകാശ സഞ്ചാരികളുള്ളത്. രണ്ട് പുരുഷന്മാരും ഒരു വനിതയുമാണ് ഇപ്പോള്‍ ടിയാങ്കോങ്ങിലുള്ളത്. ചെന്‍ ഡോങ്, കെയ് സൂസെ, ലിയു യാങ് എന്നിവര്‍ ജൂണിലാണ് ചൈനീസ് ബഹിരാകാശ നിലയത്തിലേക്കെത്തിയത്. ആറ് മാസത്തേക്കായാണ് ഇവര്‍ ടിയാങ്കോങിലെത്തിയിരിക്കുന്നത്.

 

സഞ്ചാരികള്‍ക്കു വേണ്ട ഭക്ഷണവും മറ്റു സാധനങ്ങളും അടുത്തമാസം എത്തിക്കും. ഡിസംബറിലായിരിക്കും അടുത്ത വിഭാഗം ബഹിരാകാശ സഞ്ചാരികളെ ചൈന നിലയത്തിലെത്തിക്കുക. മെങ്ടിയാന്‍ കൂടി എത്തിയതോടെ ആറ് പേര്‍ക്ക് ഒരേസമയം കഴിയാനുള്ള സൗകര്യം ചൈനീസ് ബഹിരാകാശ നിലയത്തിലുണ്ട്. 23 ടണ്‍ ഭാരമുള്ള മെങ്ടിയാന് 58.7 അടി നീളവും 13.8 അടി വീതിയുമുണ്ട്.

 

അടുത്ത വര്‍ഷം സുന്‍ടിയാന്‍ എന്ന പേരില്‍ ബഹിരാകാശ ടെലസ്‌കോപ് കൂടി വിക്ഷേപിക്കാന്‍ ചൈനയ്ക്ക് പദ്ധതിയുണ്ട്. ടിയാങ്കോങ്ങിന്റെ ഭാഗമാവില്ലെങ്കിലും ഇതിനോട് ചേര്‍ന്നായിരിക്കും സുന്‍ടിയാന്‍ എന്ന ബഹിരാകാശ ടെലസ്‌കോപ്പും പ്രവര്‍ത്തിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ അറ്റകുറ്റ പണികള്‍ക്കും മറ്റും സുന്‍ടിയാനെ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കാനും ചൈനീസ് ശാസ്ത്രജ്ഞര്‍ക്കാവും. 

 

ആകെ 3,880 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് ചൈനീസ് ബഹിരാകാശ നിലയത്തിന്. ബഹിരാകാശ നിലയത്തിനായുള്ള 25ാം വിക്ഷേപണത്തിലാണ് മെങ്ടിയാനെ ചൈന ബഹിരാകാശത്തേക്ക് എത്തിച്ചത്. 2003ലാണ് ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്‌ന പദ്ധതി ആരംഭിച്ചത്. അമേരിക്കക്കും റഷ്യക്കും ശേഷം സ്വന്തം വിഭവങ്ങളുപയോഗിച്ച് മനുഷ്യനെ ബഹിരാകാശത്തെത്തിച്ച രാഷ്ട്രമെന്ന നേട്ടവും ഇതോടെ ചൈന സ്വന്തമാക്കിയിരുന്നു.

 

അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിന് പിന്നിലെ കൂട്ടായ്മയില്‍ ചൈനയെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, തങ്ങളുടെ ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട് ചൈന യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമായും ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, റഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായും യുഎന്നുമായും സഹകരിക്കുന്നുണ്ട്. ബഹിരാകാശ നിലയം പൂര്‍ണ സജ്ജമായതോടെ ബഹിരാകാശ രംഗത്തെ അമേരിക്കയുമായുള്ള ചൈനയുടെ മത്സരം വര്‍ധിക്കുകയും എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തിയിട്ടുമുണ്ട്.

 

ഈ വര്‍ഷം അവസാനത്തോടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ചൈന നീക്കം നടത്തുന്നത്. ബഹിരാകാശ നിലയത്തിന്റെ പ്രധാനഭാഗമായ ടിയാന്‍ഹെ 2021 ഏപ്രിലിലായിരുന്നു വിക്ഷേപിച്ചത്. ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ഭാഗങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഭാഗങ്ങള്‍ക്ക് സമാനമായ ശാസ്ത്രീയ പരീക്ഷണശാലകളായിരിക്കും.

 

രാജ്യാന്തര ബഹിരാകാശ നിലയം സ്ഥാപിച്ചപ്പോള്‍ അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചൈനക്ക് അതിന്റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ ചൈന തീരുമാനിക്കുന്നത്. രണ്ട് പരീക്ഷണ ബഹിരാകാശ നിലയങ്ങള്‍ക്കു ശേഷമാണ് ടിയാങ്കോങ് ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്.

 

English Summary: China's 'Mengtian' Module Docks With Tiangong Space Station Ahead of Plans to Launch Xuntian Space Telescope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com