ADVERTISEMENT

ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് ആവേശകരമായ രണ്ടു പുതിയ വാര്‍ത്തകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആദ്യത്തേതില്‍ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്റോ) ഒരു പറ്റം പുതിയ ദൗത്യങ്ങള്‍ക്കിറങ്ങുന്ന കാര്യമാണ്. രണ്ടാമത്തെ വാര്‍ത്ത ഒരു ഇന്ത്യന്‍ സ്വകാര്യ കമ്പനി ബഹിരാകാശ ടൂറിസം പദ്ധതി നടത്താന്‍ ഒരുങ്ങുന്നു എന്നതാണ്. അതായത്, പുതിയ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന്റെ സുപ്രശസ്ത സംരംഭമായ സ്‌പേസ്എക്‌സിനെ അനുകരിക്കാന്‍ ഒരുങ്ങുകയാണ് ഒരു ഇന്ത്യന്‍ കമ്പനി.

 

∙ ഇസ്രോ-ജപ്പാന്‍ സഹകരണം

 

ജപ്പാനുമായി സഹകരിച്ച് ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്ക് അന്വേഷണാര്‍ഥം കടന്നു ചെല്ലാനാണ് ഇസ്രോയുടെ വമ്പന്‍ പദ്ധതികളിലൊന്ന് എന്ന് ഫിസിക്കല്‍ റിസര്‍ച് ലബോറട്ടറി ഡയറക്ടര്‍ അനില്‍ ഭര്‍ദ്വാജ് വെളിപ്പെടുത്തി. ആകാശ് തത്വ കോണ്‍ഫറന്‍സില്‍ ( conference on Akash Tatva) സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യമടക്കം ഇസ്രോയുടെ ഭാവി പരിപാടികളെക്കുറിച്ച് പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ജാപ്പനീസ് ഏയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി (ജാക്‌സ) ആണ് പുതിയ ചാന്ദ്ര ദൗത്യത്തില്‍ ഇസ്രോയോട് സഹകരിക്കുക.

 

∙ ചന്ദ്രന്റെ ഇരുണ്ട ഭാഗം 

 

Representative image. Photo Credits: pradeep_kmpk14/ Shutterstock.com
Representative image. Photo Credits: pradeep_kmpk14/ Shutterstock.com

ചന്ദ്രനിലെ സ്ഥിരം ഇരുണ്ട ഭാഗത്തേക്ക് വിവരശേഖരണത്തിനായി സഞ്ചരിക്കാനാണ് ഇസ്രോയും ജാക്‌സയും സഹകരിക്കുന്നത്. ഇതിനായി ഒരു ലൂനാര്‍ റോവര്‍ ഇരു സംഘടനകളും സംയുക്തമായി അയയ്ക്കും. ഇതേക്കുറിച്ച് ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ പ്രകാരം ഇസ്രോ നിര്‍മിച്ചെടുത്ത ലൂനാര്‍ ലാന്‍ഡറും റോവറും ബഹിരാകാശത്ത് എത്തിക്കുന്നത് ജാപ്പനീസ് റോക്കറ്റ് ആയിരിക്കും. ഇത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. അവിടെ നിന്ന് റോവര്‍ ചന്ദ്രന്റെ സ്ഥിരം നിഴല്‍ വീണു കിടക്കുന്ന മേഖലയിലേക്ക് (പെര്‍മനെന്റ് ഷാഡോ റീജെന്‍, പിഎസ്ആര്‍) യാത്രയാകും. ഇവിടെ ഒരിക്കലും സൂര്യപ്രകാശം പതിക്കുന്നില്ലെന്നും അനില്‍ വിശദീകിരിച്ചു.

 

∙ ആദിത്യ എല്‍-1

 

2020 ന്റെ തുടക്കത്തില്‍ തീരുമാനിച്ചിരുന്ന ദൗത്യം കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. 400 കിലോ ഭാരമുള്ള ഉപഗ്രഹം വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വിഇഎൽസി) എന്ന പേലോഡുമായാണ് ദൗത്യത്തിൽ പങ്കെടുക്കുക. ഭൂമിക്കും സൂര്യനുമിടയിലുള്ള ലഗ്രാംജിയൻ പോയിന്റ് ഒന്നിൽ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം നടത്താനാണു പദ്ധതി. സൂര്യനെ മുഴുവൻ സമയവും തടസ്സങ്ങളില്ലാതെ കാണാനാകുമെന്നതാണ് എൽ-1 പോയിന്റിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആദിത്യ -എൽ 1 എന്ന പേരിലാണ് ഇപ്പോൾ ഇന്ത്യയുടെ സൂര്യദൗത്യം അറിയപ്പെടുന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ-1. വിശദമായ പഠനങ്ങൾക്കായി ആറ് പേലോഡുകളാണ് ദൗത്യത്തിലുണ്ടാവുക.

 

സൂര്യന്റെ ബാഹ്യവലയങ്ങളെക്കുറിച്ചുള്ള (കൊറോണ) പഠനമാണ് ആദിത്യയുടെ മുഖ്യലക്ഷ്യം. സൂര്യന്റെ കേന്ദ്രബിന്ദുവായ ഫോട്ടോസ്ഫിയറിനേക്കാൾ കൂടുതലാണ് അവിടെ താപനില. എങ്ങനെ ഇത്രയും ഉയർന്ന താപനിലയിലെത്തിയെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ്. ഇതിനു പുറമെ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. സൂര്യനിൽ നിന്ന് ഉദ്ഭവിച്ച് എൽ-ഒന്നിൽ എത്തുന്ന കണങ്ങളെക്കുറിച്ചുള്ള പഠനം നടത്താനുള്ള ഉപകരണങ്ങളും ആദിത്യയിലുണ്ട്. എൽ ഒന്നിനു ചുറ്റുമുള്ള ശൂന്യഭ്രമണപഥത്തിലെ കാന്തികമേഖലയുടെ ശക്തി അറിയാനുള്ള മാഗ്നറ്റിക് മീറ്ററും പേ ലോഡുകളുടെ കൂട്ടത്തിലുണ്ടാകും.

 

∙ ചന്ദ്രയാന്‍-3, ആദിത്യാ-എല്‍1നും ഇനി പ്രാധാന്യം

 

അടുത്ത വര്‍ഷം മുതല്‍ ഇസ്രോ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന ദൗത്യങ്ങളായിരിക്കും ചന്ദ്രയാന്‍-3, ആദിത്യ-എല്‍1 എന്ന് അനില്‍ പറഞ്ഞു. ഇതിനു പിന്നിലായി ജാക്‌സയുമായി സഹകരിച്ചുള്ള ചാന്ദ്ര ദൗത്യവും ശ്രുക്രനിലേക്കുള്ള (Venus) ദൗത്യവുമായിരിക്കും ഇസ്രോ പ്രധാന്യമുളളതായി കാണുന്നത്. ചന്ദ്രയാന്‍-3 ന്റെ വിജയം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇതു വിജയിച്ചു കഴിഞ്ഞാല്‍ ഇതേ റോവര്‍ തന്നെ ജാക്‌സയുമൊത്തുള്ള ദൗത്യത്തിലും ഉപയോഗിക്കാമെന്ന് ഇസ്രോ കരുതുന്നു.

 

∙ ബ്ലൂ ഒറിജിനെ അനുകരിക്കാന്‍ ഇന്ത്യന്‍ കമ്പനി

 

ഹൈ-ഓള്‍ട്ടിട്യൂഡ് (സമുദ്ര നിരപ്പില്‍ നിന്ന് ഉയര്‍ന്ന) ബലൂണ്‍ സിസ്റ്റം ഉപയോഗിച്ച് ബഹിരാകാശ പേടകത്തെ ഉയര്‍ത്തി ആളുകള്‍ക്ക് ബഹിരാകാശ അനുഭവം നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കമ്പനിയെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ഓറാ എയ്‌റോസ്‌പേസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് ഒരു ബഹിരാകാശ പേടകത്തിന്റെ ആദിമ രൂപം നിര്‍മിച്ചിരിക്കുന്നത്. ( അതേസമയം, സ്‌പേസ് ടൂറിസത്തില്‍ ഇതേ വരെ വിജയക്കൊടി പാറിച്ച കമ്പനികള്‍ വെര്‍ജിന്‍ അറ്റ്‌ലാന്റിക്കും ആമസോണിന്റെ ബ്ലൂ ഒറിജിനുമാണ്.) ഇന്ത്യന്‍ കമ്പനിയുടെ സ്‌പേസ് ക്യാപ്‌സ്യൂളിന് 10 x 8 അടി വലുപ്പമാണ് ഉണ്ടാകുക. ഇതില്‍ പൈലറ്റിനെ കൂടാതെ ആറു പേര്‍ക്കു വരെ സഞ്ചരിക്കാം. 

 

∙ പരമാവധി 35 കിലോമീറ്റര്‍

 

എന്നാല്‍, ഇത് ഭൗമോപരിതലത്തില്‍ നിന്ന് പരമാവധി 35 കിലോമീറ്റര്‍ ഉയരത്തിലാണ് എത്തുക. ഈ ഉയരത്തില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം ഇല്ലാതായാല്‍ എന്തു സംഭവിക്കുമെന്നുള്ള അനുഭവമൊന്നും ലഭിക്കില്ല. എന്തായാലും തങ്ങള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്ന സ്‌പേസ് ക്യാപ്‌സ്യൂളിന്റെ ആദിമ രൂപം കമ്പനി ആകാശ് തത്വ സയന്‍സ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു എന്നും പിടിഐ പറയുന്നു. എസ്‌കെഎപി-1 എന്നാണ് ക്യാപ്‌സ്യൂളിനു പേരിട്ടിരിക്കുന്നത്. ഇതിന് ശാസ്ത്രജ്ഞരുടെയും പൊതുജനത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റാനായി. തങ്ങളുടെ എസ്‌കെഎപി-1ന്റെ കന്നിപ്പറക്കല്‍ 2025ല്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്‌പേസ് ഓറാ മേധാവി ആകാശ് പൊര്‍വാള്‍ പറഞ്ഞു.

 

∙ സഹായത്തിന് ഇസ്രോയും ടിഫറും

 

തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ സ്‌പേസ് ഓറ ഇസ്രോയുടെയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ചിന്റെയും (ടിഫര്‍) സഹായം തേടും. എന്തായാലും ഹീലിയം അല്ലെങ്കില്‍ ഹൈഡ്രജന്‍ നിറച്ച ബലൂണില്‍ ക്യാപ്‌സ്യൂള്‍ പിടിപ്പിച്ച് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 30-35 കിലോമീറ്റര്‍ വരെ ഉയര്‍ത്താനാണ് കമ്പനിയുടെ ഉദ്ദേശം. ഇത്ര ഉയരത്തിലെത്തിയാലും ഭൂമിയുടെ വളവ് (curvature) കാണാനാകും. കൂടാതെ ബഹിരാകാശത്തിന്റെ കറുപ്പു നിറവും കാണാം. ഏകദേശം 1 മണിക്കൂറായിരിക്കും ബഹിരാകാശ ടൂറിസ്റ്റുകള്‍ക്ക് ക്യാപ്‌സ്യൂളില്‍ സഞ്ചരിക്കാന്‍ സാധിക്കുക.

 

∙ പാരഷൂട്ടില്‍ താഴെ ഇറക്കും

 

ഉദ്ദേശിച്ച ഉയരത്തില്‍ എത്തിക്കഴിയുമ്പോള്‍ സ്‌പേസ് ബലൂണിലുള്ള വാതകം മെല്ലെ തുറന്നു വിട്ടു തുടങ്ങും. ഒപ്പം സ്‌പേസ്ഷിപ്പിനു താങ്ങായി പാരഷൂട്ടുകള്‍ വിടര്‍ന്നും തുടങ്ങും. ഒരു പോയിന്റില്‍ വച്ച് ബലൂണുകളുമായുള്ള ബന്ധം വിച്ഛേദിക്കും. തുടര്‍ന്ന് സ്‌പേസ് ടൂറിസ്റ്റുകളെ സുരക്ഷിതരായി താഴെ ഇറക്കുമെന്ന് കമ്പനി പറയുന്നു. 

 

∙ ഉദ്ദേശം സ്‌പേസ് ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍

 

തങ്ങളുടെ ഉദ്ദേശം സ്‌പേസ് ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും രാജ്യത്തിന്റെ സംസ്കാരത്തെക്കുറിച്ച് അറിവു പകരാനുമാണെന്ന് കമ്പനി പറയുന്നു. ബ്ലൂഒറിജിനെയും വെര്‍ജിൻ അറ്റ്‌ലാന്റിക്കിനെയും അപേക്ഷിച്ച് കുറച്ചു പണം ചെലവിട്ടാല്‍ മതിയാകുമെന്നാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി പറയുന്നു. എത്ര രൂപ കുറവു കിട്ടും? അതേപ്പറ്റി ഇപ്പോള്‍ വ്യക്തതയില്ല. എന്നാല്‍, ഒരു 50 ലക്ഷം രൂപയൊക്കെ മുടക്കിയാല്‍ മതിയാകുമെന്നാണ് കരുതുന്നതെന്ന് കമ്പനി പറയുന്നു.

 

English Summary: ISRO's bucket list: Plans to study Sun, return to Mars, lunar mission with Japan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com