അന്യഗ്രഹജീവികളെ കണ്ടെത്തിയാല്‍... എങ്ങനെയാവും നമ്മുടെ പ്രതികരണം ? ഏതുരീതിയിലാവും ആശയവിനിമയം ? എന്തൊക്കെ കാര്യങ്ങളാണ് അറിയാനും പറയാനും ശ്രമിക്കേണ്ടത് ? ഇങ്ങനെ ചോദ്യങ്ങള്‍ നിരവധി നമുക്ക് മുന്നിലുണ്ട്. പെട്ടെന്നൊരു ദിവസം അന്യഗ്രഹജീവികളുമായി ബന്ധമുണ്ടായാല്‍ എങ്ങനെ വേണം പ്രതികരിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. സ്‌കോട്ട്‌ലൻഡ്സിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പരിശ്രമത്തിന് പിന്നില്‍.
ആഗോളതലത്തില്‍ സമാന താല്‍പര്യമുള്ള ശാസ്ത്രജ്ഞരുടേയും വിദഗ്ധരുടേയും കൂട്ടായ്മയുണ്ടാക്കുക, അന്യഗ്രഹജീവികളുമായി ആശയവിനിമയത്തിന് അവസരമുണ്ടായാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ തയാറാക്കുക, ഇതിനെ അടിസ്ഥാനമാക്കി ആഗോളകരാറുകള്‍ ഉണ്ടാക്കുക എന്നിങ്ങനെ പോകുന്നു ഈ ഗവേഷക സംഘത്തിന്റെ പദ്ധതികള്‍. ഒരുദിവസം അന്യഗ്രഹജീവികളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ പിന്നീട് ചെയ്യേണ്ട കാര്യങ്ങളില്‍ സംഭവിക്കാനിടയുള്ള ആശയക്കുഴപ്പം ഒഴിവാക്കുകയാണ് ഗവേഷകസംഘത്തിന്റെ പ്രധാന ലക്ഷ്യം.
അന്യഗ്രഹജീവികളെ കണ്ടെത്തിയാല്‍ മനുഷ്യരെ അത് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചാണ് നമ്മള്‍ പലപ്പോഴും ചിന്തിക്കാറ്. എന്നാല്‍ നമ്മള്‍ ഏതുരീതിയില്‍ അന്യഗ്രഹജീവികളുമായി ആശയവിനിമയം നടത്തണമെന്നതും പ്രധാനമാണെന്ന് ഗവേഷക സംഘത്തിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനും കോര്‍ഡിനേറ്ററുമായ ഡോ. ജോണ്‍ എലിയറ്റ് പറയുന്നു. നമ്മുടെ വിദഗ്ധരുടെ അറിവുകളും ശാസ്ത്രീയ തെളിവുകളും പരസ്പരം പങ്കുവെക്കേണ്ടതുണ്ട്. നമുക്ക് എന്ത് അറിയാം, എന്ത് അറിയില്ല തുടങ്ങിയ കാര്യങ്ങളും വ്യക്തമാവേണ്ടതും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇതുവരെ മനുഷ്യര്‍ക്ക് അന്യഗ്രഹജീവനെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നു കരുതി ആ സാധ്യത ഒരു കാരണവശാലും നമുക്ക് മുഴുവനായി തള്ളിക്കളയാനും സാധിക്കില്ല. ജൂണിലാണ് തിരിച്ചറിയാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാന്‍ നാസ തീരുമാനിക്കുന്നത്. യുഎഫ്ഒ എന്നും പറക്കുംതളികയെന്നും പൊതുവേ വിളിക്കപ്പെടുന്ന പ്രതിഭാസങ്ങളാണിവ. നമുക്ക് ലഭിച്ചിട്ടുള്ള പല തെളിവുകളും ശാസ്ത്രീയമായി വിശദീകരിക്കണമെങ്കില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് നാസയുടെ ഈ തീരുമാനം.
ഒരുകാലത്തും അന്യഗ്രഹജീവികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ നമ്മളെ തേടിയെത്തില്ലെന്ന് പറയാനാവില്ല. അങ്ങനെയൊന്ന് സംഭവിച്ചാല്‍ മനുഷ്യന്റെ പ്രതികരണം കൂട്ടായിട്ടുള്ളതും ഐക്യരൂപത്തിലുമുള്ളതാവണം. ശാസ്ത്രീയമായും സാമൂഹ്യമായും രാഷ്ട്രീയമായും യാതൊരു തയ്യാറെടുപ്പുകളുമില്ലാത്ത പ്രതികരണങ്ങളാവരുത് അതെന്നാണ് ഡോ. ജോണ്‍ എലിയറ്റ് ഗവേഷകസംഘത്തിന്റെ നയം വിശദീകരിക്കുന്നത്.
English Summary: Scientists say earth needs to prepare for an alien encounter now before it's too late