ADVERTISEMENT

ബഹിരാകാശ ചരിത്രത്തിലെ കണ്ണീർത്തുള്ളി... അങ്ങനെ വിശേഷിപ്പിക്കാം ചലഞ്ചർ ദുരന്തത്തിനെ. രണ്ടാം ലോകയുദ്ധ സമയത്ത് തകർന്ന ഒരു യുദ്ധവിമാനം തേടിയുള്ള ടിവി ഡോക്യുമെന്ററി സംഘത്തിന്റെ തിരച്ചിലിനിടെ ചലഞ്ചർ ദൗത്യത്തിന്റെ ശേഷിപ്പുകൾ കടലിൽ നിന്നു കണ്ടെത്തിയതായി നാസ അറിയിച്ചു.

ഫ്ലോറിഡയ്ക്കു സമീപമുള്ള കടലാഴത്തിലാണ് ചലഞ്ചറിന്റെ അവശിഷ്ടം കിടന്നിരുന്നത്. ഇത് ടിവി സംഘത്തിന്റെ ഡൈവർമാരുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് നാസയെ വിവരമറിയിച്ചു. തുടർന്നു നാസയിൽ നിന്നു വിദഗ്ധരെത്തി അവശേഷിപ്പുകൾ ചലഞ്ചറിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

1986 ജനുവരി 28നാണു ചലഞ്ചറെന്ന സ്പേസ് ഷട്ടിൽ ഓർബിറ്റർ ദൗത്യം ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്നു യാത്ര തിരിച്ചത്. ഏഴു യാത്രികരുണ്ടായിരുന്നു ഇതിൽ. ട്രാക്കിങ് ആൻഡ് ഡേറ്റ റിലേ സാറ്റലൈറ്റ് എന്ന ഉപഗ്രഹം ബഹിരാകാശത്തെത്തിക്കുകയായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. അതുപോലെ തന്നെ സ്പാർട്ടൻ ഹാലി സ്പേസ്ക്രാഫ്റ്റ് എന്ന പേടകത്തിനെയും ബഹിരാകാശത്തെത്തിക്കാൻ ദൗത്യം പദ്ധതിയിട്ടു. ഹാലി വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ഉപഗ്രഹം.

ഒരു മത്സരത്തിൽ വിജയിച്ചതിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ച ക്രിസ്റ്റ മക്കോലിഫായിരുന്നു യാത്രയിലെ താരം. ബഹിരാകാശത്തു നിന്ന് വിദ്യാർഥികൾക്ക് ക്ലാസെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്റ്റ പുറപ്പെട്ടത്. നിരവധി തടസ്സങ്ങൾ വിക്ഷേപണത്തിനു മുൻപ് തന്നെ ദൗത്യം നേരിട്ടിരുന്നു. വിക്ഷേപണം പല തവണ മാറ്റി വച്ചു. ഒടുവിൽ നിശ്ചയിച്ച യാത്രയ്ക്കു തലേന്ന് ഫ്ലോറിഡയിലാകമാനം ശക്തമായ ശീതതരംഗവുമടിച്ചു.

വിക്ഷേപണം തുടങ്ങി. 73 സെക്കൻഡുകൾ കുഴപ്പമില്ലാതെ കടന്നുപോയി. അപ്പോഴേക്കും 14 കിലോമീറ്റർ ഉയരത്തിലെത്തിയിരുന്നു പേടകം. ഉടൻ അതു സംഭവിച്ചു. ഒരു പൊട്ടിത്തെറി. കൺട്രോൾ സെന്ററിലുള്ളവർ ഞെട്ടിത്തരിച്ചു നോക്കിയപ്പോഴേക്കും ചലഞ്ചർ തകർന്ന് തരിപ്പണമായി ഒരു പുകമേഘമായി. അറ്റ്ലാന്റിക് സമുദ്രത്തിലേക്കു പേടകത്തിന്റെ ശേഷിപ്പുകൾ വീണിരുന്നു. വമ്പൻ തിരച്ചിൽ പദ്ധതികൾ നടത്തിയെങ്കിലും യാത്രാസംഘത്തിന്റെ ഒരു വിവരവും പിന്നീട് ലഭിച്ചില്ല.

ഈ അപകടം നാസയുടെ പ്രവർത്തനരീതിയെ തന്നെ മാറ്റി. കൂടുതൽ മികവുറ്റതും തകരാറില്ലാത്തതുമായ വിക്ഷേപണ ശൈലികളും പേടകത്തിലെ മാറ്റങ്ങളുമൊക്കെ ഇതിന്റെ ബാക്കിപത്രമായി സംഭവിച്ചു.

English Summary: Divers uncover wreckage from destroyed Challenger space shuttle, NASA says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com