ADVERTISEMENT

വീണ്ടും ചന്ദ്രനില്‍ ഇറങ്ങാനായി ദശലക്ഷക്കണക്കിനു ഡോളര്‍ ചെലവിടുന്നത് മനുഷ്യര്‍ക്ക് വിനോദം പകരാന്‍ മാത്രമാണെന്നുള്ള പരിഹാസം പോലും പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആര്‍ട്ടിമിസ് ദൗത്യവുമായി അമേരിക്ക മുന്നേറുന്നത്. ഈ പതിറ്റാണ്ടു കഴിയുന്നതിനു മുൻപ് ചന്ദ്രനില്‍ മനുഷ്യരെ ഇറക്കുമെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി പറഞ്ഞത് 1962 സെപ്റ്റംബര്‍ 12 നാണ്. ഒരിക്കല്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിക്കഴിഞ്ഞതല്ലേ, ഇനിയെന്തിനത് ആവർത്തിക്കണം എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്.

 

∙ ഇത്തവണ ലക്ഷ്യങ്ങള്‍ വേറെ

 

ചന്ദ്രനിലിറങ്ങാൻ പദ്ധതിയിട്ട ശേഷം 60 വര്‍ഷം പിന്നിടുമ്പോഴാണ് മനുഷ്യൻ വീണ്ടും ആര്‍ട്ടിമിസില്‍ ചന്ദ്രനിലേക്കു കുതിക്കുന്നത്. ആദ്യത്തെ ചാന്ദ്ര ദൗത്യം അമേരിക്ക-റഷ്യ ശീത യുദ്ധത്തിന്റെ മൂർധന്യത്തിലാണു നടന്നത്. അന്ന് തങ്ങളുടെ ബഹിരാകാശ മേല്‍ക്കോയ്മ റഷ്യയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നതു മാത്രമായിരുന്നു അമേരിക്കയുടെ ലക്ഷ്യമെങ്കില്‍ പുതിയ ദൗത്യത്തിന്റെ ഉദ്ദേശ്യങ്ങള്‍ അപാരമാണ്. ഒരിക്കല്‍ സാധിച്ച കാര്യങ്ങള്‍ക്കായി വീണ്ടും എന്തിനാണ് പണവും ഊര്‍ജവും ചെലവിടുന്നതെന്ന ചോദ്യത്തിനുള്ള വ്യക്തമായ മറുപടി കൂടിയാണിത്.

 

∙ നേരേ ചൊവ്വയില്‍ പോയാല്‍ പോരേ?

 

ഇനി അമേരിക്ക ചന്ദ്രനിലേക്കു പോകേണ്ടതില്ല, നേരിട്ടു ചൊവ്വയില്‍ ഇറങ്ങിയാല്‍ മതിയെന്ന് അപ്പോളോ 11ലെ ബഹിരാകാശ സഞ്ചാരിയായിരുന്ന മൈക്കിൾ കോളിന്‍സ്, മാഴ്സ് സൊസൈറ്റി സ്ഥാപകന്‍ റോബട്ട് സുബ്രിന്‍ തുടങ്ങിയവര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ ചാന്ദ്ര ദൗത്യത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു. നാസ പറയുന്നത് ചൊവ്വാ ദൗത്യം ഏറ്റെടുക്കുന്നതിനു മുൻപ് ചന്ദ്രനെ വീണ്ടും കീഴടക്കിയേ തീരൂ എന്നാണ്. ഇതാ കാരണങ്ങള്‍:

 

∙ ആഴ്ചകളോളം ചന്ദ്രനില്‍ വസിക്കണം

 

അപ്പോളോ ദൗത്യത്തിലേതു പോലെ ഏതാനും ദിവസം മാത്രം മനുഷ്യര്‍ ചന്ദ്രനില്‍ വസിച്ചാല്‍ പോരാ, ആഴ്ചകളെങ്കിലും ചെലവിടണം, അതും പ്രശ്‌നങ്ങളില്ലാതെ. അപ്പോള്‍ മാത്രമേ അത് ചൊവ്വാ ദൗത്യത്തിനുള്ള അര്‍ഥവത്തായ പരിശീലനമാകൂ. ഒന്നിലേറെ വര്‍ഷത്തേക്കു നീളാവുന്നതാണ് ചൊവ്വയിലേക്കും തിരിച്ചുമുള്ള യാത്ര. വിദൂര ബഹിരാകാശത്ത് വികിരണങ്ങൾ വളരെ തീവ്രമായിരിക്കുമെന്നത് ആരോഗ്യത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കും.

 

∙ ഐഎസ്എസ് പോര

Photo: NASA
Photo: NASA

 

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ജീവിതം ചൊവ്വാ യാത്രയ്ക്കുള്ള റിഹേഴ്‌സലാകില്ല. അത് ലോ എര്‍ത് ഓര്‍ബിറ്റ് എന്നു വിളിക്കുന്ന പ്രദേശത്താണ് നിലകൊള്ളുന്നത്. അവിടെ ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ പ്രഭാവം ഭാഗികമായി ഉണ്ട് എന്നതാണ് കാരണം. എന്നാല്‍, ചന്ദ്രനില്‍ അതല്ല സ്ഥിതി. ആദ്യ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ പ്രസക്തി അതാണ്.

 

∙ ജീവികളെ റേഡിയേഷന്‍ എങ്ങനെ ബാധിക്കും?

 

അന്യഗ്രഹങ്ങളില്‍ നേരിടാന്‍ പോകുന്ന റേഡിയേഷന്‍ ജീവികളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുള്ള ഒരു പഠനം കൂടിയായിരിക്കും അത്. ഇപ്പോള്‍ തയാറാക്കിയിട്ടുള്ള, റേഡിയേഷന്‍ തടയുന്ന കവചത്തിന്റെ (റേഡിയേഷന്‍ വെസ്റ്റ്) ഗുണമേന്മയും ഇവിടെ പരീക്ഷിക്കാമെന്ന് നാസ കരുതുതുന്നു. ഐഎസ്എസില്‍ വസിക്കുന്നവര്‍ക്ക് പെട്ടെന്ന് എന്തിന്റെയെങ്കിലും കുറവ് അനുഭവപ്പെട്ടാല്‍ അത് എത്തിച്ചുകൊടുക്കാനാകും. എന്നല്‍ അതിനേക്കാള്‍ ആയിരം മടങ്ങ് അകലെയുള്ള ചന്ദ്രനില്‍ എന്തിന്റെയെങ്കിലും കുറവുണ്ടായാല്‍ അത് ഉടനെ എത്തിച്ചുകൊടുക്കുക എന്നത് കൂടുതല്‍ ദുഷ്‌കരവും സങ്കീര്‍ണവുമായിരിക്കും.

artemis-1-update

 

∙ പരീക്ഷണങ്ങള്‍

ഒരുപാടു വസ്തുക്കൾ ഒപ്പം കൊണ്ടുപോകുന്നത് ഒഴിവാക്കുന്നതിന്റെയും ചെലവു കുറയ്ക്കുന്നതിന്റെയും ഭാഗമായി, ചന്ദ്രനില്‍ ലഭ്യമായ വിഭവങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ് പുതിയ ദൗത്യം. ഉദാഹരണത്തിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഉണ്ടെന്നു കണ്ടെത്തിയ ഐസ് റോക്കറ്റിനുള്ള ഇന്ധനമായി മാറ്റാമോ എന്നു പഠിക്കും. വ്യത്യസ്ത ഹൈഡ്രജന്‍, ഓക്‌സിജന്‍ ആറ്റങ്ങളായി വേര്‍തിരിച്ചാണ് അതിനെ ഇന്ധനമായി പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുക.

 

∙ ഉപകരണങ്ങള്‍ പരീക്ഷിച്ചു നോക്കും

 

മറ്റൊരു ഗ്രഹത്തില്‍ വസിക്കുക എന്നത് ഭൂമിയില്‍ വേറൊരിടത്തേക്കു മാറി താമസിക്കുക എന്നു പറയുന്നതു പോലെ ഒരു പ്രക്രിയയല്ല. അന്യഗ്രഹ വാസത്തിലെ ചില വെല്ലുവിളികള്‍ താമസം തുടങ്ങിക്കഴിഞ്ഞ ശേഷം മാത്രമായിരിക്കും വ്യക്തമാകുക. കൂടാതെ, പുതിയ പല സാങ്കേതികവിദ്യകളും അടുത്ത ചാന്ദ്ര വാസത്തിനിടയില്‍ പരീക്ഷിക്കും. ഉപകരണങ്ങള്‍ക്കു കുറവുകള്‍ ഉണ്ടെങ്കില്‍ അതൊക്കെ പരിഹരിച്ചെടുക്കുന്ന ഒരു പ്രക്രിയയ്ക്കായിരിക്കും തുടക്കമിടുക. ഉദാഹരണത്തിന് സ്‌പേസ് സൂട്ടുകള്‍. ഇവയുടെ നിര്‍മാണം ആക്‌സിയം സ്‌പേസ് എന്ന കമ്പനിയാണ്. അടുത്ത ചാന്ദ്ര ദൗത്യം നടക്കാന്‍ സാധ്യത 2025 ലാണ്. അതിനു മുൻപ് കമ്പനി സ്പേസ് സൂട്ടുകൾ നിര്‍മിച്ചു നല്‍കും. 

 

∙ വാഹനങ്ങള്‍, ഇന്ധനം

 

ചന്ദ്രനില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു പോകാനുള്ള വാഹനങ്ങള്‍ പരീക്ഷിക്കണം. ഇവയെ പ്രഷറൈസ്ഡ്, അണ്‍പ്രഷറൈസ്ഡ് എന്നു രണ്ടു വിഭാഗങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ, ഉറപ്പിച്ചു നിർത്തിയ ഒരു വാസസ്ഥലവും ചന്ദ്രനിലെ ബെയ്‌സ് ക്യാംപില്‍ സ്ഥാപിക്കണം. ഇടതടവില്ലാതെ ഇന്ധനം ലഭിക്കാന്‍ നാസ പരീക്ഷിക്കുന്നത് പോര്‍ട്ടബിൾ ആണവ ഫിഷന്‍ സിസ്റ്റങ്ങളെയാണ്. ഈ മേഖലയിലൊക്കെ വന്നേക്കാവുന്ന പോരായ്മകള്‍ ചന്ദ്രനില്‍ വച്ചു പരിഹരിക്കുന്നതാണ് എളുപ്പം. കാരണം ചന്ദ്രനിലേക്കുള്ള പോക്കുവരവിന് എടുക്കുന്നത് ഏതാനും ദിവസം മാത്രമാണ്. എന്നാല്‍ ചൊവ്വയിലേക്കുള്ള യാത്രയ്ക്കു മാത്രം മാസങ്ങള്‍ വേണം.

 

∙ പ്രവേശനകവാടം സ്ഥാപിക്കണം

 

ആര്‍ട്ടിമിസ് ദൗത്യത്തിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് ചന്ദ്രന്റെ പ്രതലത്തില്‍ ഒരു സ്‌പേസ് സ്റ്റേഷന്‍ സ്ഥാപിക്കുക എന്നതാണ്. ഇത് ചൊവ്വാ ദൗത്യത്തിനുള്ള ഒരു പ്രവേശനകവാടം (ഗെയ്റ്റ്‌വേ) ആക്കാനായേക്കും. വേണ്ട ഉപകരണങ്ങളും മറ്റും പല തവണയായി ഈ സ്‌പേസ് സ്റ്റേഷനില്‍ എത്തിക്കാനാണ് ഉദ്ദേശ്യം. ചൊവ്വയിലേക്കു പോകാനുള്ള യാത്രികർ എത്തുന്നതിനു മുൻപ് അവ ചന്ദ്രനില്‍ സംഭരിക്കാനാണ് ഉദ്ദേശ്യമെന്നാണ് ഗെയ്റ്റ്‌വേ പദ്ധതിക്കു നേതൃത്വം നല്‍കുന്ന സീന്‍ ഫുളര്‍ എഎഫ്പിയോട് പറഞ്ഞത്. 

 

∙ ചൈനയ്ക്കു മേലുള്ള ആധിപത്യം നിലനിര്‍ത്തുക

 

നേരത്തേ അമേരിക്കയും റഷ്യയും തമ്മിലായിരുന്നു മത്സരമെങ്കില്‍ ഇപ്പോള്‍ ചൈനയാണ് അമേരിക്കയുടെ എതിരാളി. ചൈന ചന്ദ്രനിലേക്കു കുതിക്കുന്നതിനു മുൻപ് അവിടെ കുടിയേറിപ്പാര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ചൈനയുടെ ഇപ്പോഴത്തെ പദ്ധതിപ്രകാരം അവര്‍ 2030ലാണ് ചാന്ദ്ര ദൗത്യത്തിനു കച്ചമുറുക്കുക. ചൈന ആദ്യം ചന്ദ്രനിലെത്തി, ‘ഇത് ഞങ്ങളുടെ പ്രദേശമാണ് ഇനി ആരും ഇങ്ങോട്ടു വരേണ്ട’ എന്നു പറയുന്നത് ഒഴിവാക്കാൻ തങ്ങള്‍ ശ്രമിക്കുന്നുവെന്നും നാസ മേധാവി ബില്‍ നെല്‍സണ്‍ പറയുന്നു.

 

∙ ശാസ്ത്ര പരീക്ഷണങ്ങള്‍ തുടരാന്‍

 

അപ്പോളോ ദൗത്യത്തില്‍ ചന്ദ്രനിലെ 400 കിലോ പാറയാണ് ഭൂമിയിലെത്തിച്ചത്. പുതിയ സാംപിളുകള്‍ ലഭിക്കുമ്പോള്‍ ചന്ദ്രന്റെ പ്രതലത്തെക്കുറിച്ചുള്ള പഠനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകും. അപ്പോളോ ദൗത്യത്തില്‍ ശേഖരിച്ച പാറകള്‍ സൗരയൂഥത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിമറിക്കാന്‍ ഉതകുന്നവയായിരുന്നു. ആര്‍ട്ടിമിസ് പ്രോഗ്രാം വഴി ശേഖരിക്കുന്ന വസ്തുക്കളും ഇത്തരം പഠനങ്ങളെ പലമടങ്ങ് മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ബഹിരാകാശ സഞ്ചാരിയായ ജെസിക മെയര്‍ പറയുന്നത്.

 

English Summary: Why NASA Is Going Back to the Moon 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com