ADVERTISEMENT

സൂര്യന്റെ ഉപരിതലത്തിൽ ഒരു പാമ്പ്. സൂര്യബിംബത്തിൽ അങ്ങോട്ടുമിങ്ങോട്ടും അവനങ്ങനെ ഇഴഞ്ഞുനടക്കുകയാണ്. യൂറോപ്യൻ സ്പേസ് ഏജൻസി കഴിഞ്ഞ ദിവസം പുറത്തുവിട്ട സൂര്യന്റെ ടൈംലാപ്സ് വിഡിയോയിലാണ് പാമ്പിനെപ്പോലുള്ള ഒരു ഘടന ഇഴയുന്നതുപോലെയുള്ള ദൃശ്യങ്ങൾ സൂര്യോപരിതലത്തിൽ കണ്ടത്. പാമ്പിനെ അനുസ്മരിപ്പിക്കുന്നതാണു ഘടനയെന്ന് അറിഞ്ഞതോടെ സൂര്യപ്പാമ്പ് അഥവാ സോളർ സ്നേക് എന്ന വിളിപ്പേര് ഈ ഘടനയ്ക്കു വീണു.

 

∙ എന്താണു സംഭവം?

 

പ്ലാസ്മയാണു കാരണം. സൂര്യനിലെ പ്ലാസ്മ ഒരു ട്യൂബുപോലെ ഉപരിതലത്തിൽ നീങ്ങുന്നതാണ് സൂര്യനെ അനുസ്മരിപ്പിക്കുന്ന ഘടനയ്ക്ക് കാരണമായത്. സൂര്യനിലെ കാന്തിക മണ്ഡലത്തിന്റെ പിന്തുണയിലാണ് ഈ പ്ലാസ്മ ട്യൂബിന്റെ ഇഴച്ചിൽ. പദാർഥത്തിന്റെ ഒരു അവസ്ഥയായ പ്ലാസ്മ, വാതകങ്ങൾ അതീവമായ താപനിലകൾ കടക്കുന്നതോടെയാണു സൃഷ്ടിക്കപ്പെടുന്നത്. പ്ലാസ്മയ്ക്ക് ഇലക്ട്രിക് ചാർജുണ്ടാകും. കാന്തികമണ്ഡലങ്ങളോട് ഇതു പ്രതികരിക്കുകയും ചെയ്യും.

 

സെക്കൻഡിൽ 170 കിലോമീറ്റർ എന്ന അതിവേഗത്തിലാണു പ്ലാസ്മ സൂര്യോപരിതലത്തിൽ സഞ്ചരിച്ചതെന്ന് ഗവേഷകർ പറയുന്നു. എന്നിട്ടും സൂര്യബിംബത്തിന്റെ ഒരറ്റത്തു നിന്ന് മറ്റൊരു അറ്റത്തേക്ക് ഇഴഞ്ഞുനീങ്ങാൻ 3 മണിക്കൂർ സമയമെടുത്തു. സൂര്യനെ നിരീക്ഷിക്കുന്ന സോളർ ഓർബിറ്റർ എന്ന ഉപഗ്രഹത്തിലെ അൾട്രാ വയലറ്റ് ഇമേജർ പകർത്തിയ ദൃശ്യങ്ങൾ വച്ചാണ് ഏജൻസി ടൈം ലാപ്സ് വി‍ഡിയോ തയാർ ചെയ്തത്. സൂര്യനു സമീപത്ത് ഒക്ടോബർ 12ന് സോളർ ഓർബിറ്റർ എത്തിയപ്പോഴായിരുന്നു ഈ ദൃശ്യങ്ങൾ കിട്ടിയത്.

 

∙ സൂര്യന്റെ ഫൊട്ടോഗ്രഫർ

 

യൂറോപ്യൻ സ്പേസ് ഏജൻസി, നാസ എന്നിവർ തമ്മിലുള്ള ഒരു സംയുക്ത ദൗത്യമാണ് സോളർ ഓർബിറ്റർ. 2020 ഫെബ്രുവരിയിലാണ് ഇതു വിക്ഷേപിക്കപ്പെട്ടത്. സൂര്യനെ നിരീക്ഷിക്കാനായി ഏർപ്പെടുത്തിയ ഏറ്റവും സങ്കീർണമായ സംവിധാനമെന്നാണ് സോളർ ഓർബിറ്ററിനെ യൂറോപ്യൻ സ്പേസ് ഏജൻസി വിശേഷിപ്പിക്കുന്നത്. സൗരവാതം, സൂര്യന്റെ ധ്രുവപ്രദേശം തുടങ്ങി ഒട്ടേറെ സവിശേഷതകൾ ഒപ്പിയെടുക്കാൻ ഇതിനു പദ്ധതിയുണ്ട്. ചന്ദ്രന്റെ കാന്തികമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ 11 വർഷ ഇടവേളയിൽ എന്തുകൊണ്ടു മാറിമറിയുന്നു, സൂര്യന്റെ കൊറോണയ്ക്ക് എന്തുകൊണ്ട് ഉൾഭാഗങ്ങളേക്കാൾ ചൂട് കൂടുതലാണ് തുടങ്ങിയ കാര്യങ്ങൾ ഈ ഓർബിറ്റർ പഠിക്കുന്നുണ്ട്. സൂര്യനിൽ നിന്ന് 4.2 കോടി കിലോമീറ്റർ അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. മറ്റേതൊരു ബഹിരാകാശപേടകം എടുക്കുന്നതിനേക്കാൾ അടുത്തുനിന്നുള്ള ചിത്രങ്ങൾ ഈ ദൗത്യം എടുക്കും 2020 ജൂലൈയിലാണ് ഈ ദൗത്യം ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടത്.

 

English Summary: This Insane Video Will Make You Believe There's a Serpent Inside The Sun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com