ആളുകളെ കരയിപ്പിച്ച് ‘ഗുഡ്നൈറ്റ് ഓപ്പി’: ചൊവ്വയിൽ നിശ്ചലമായ റോവറിന്റെ കഥ

Mars-Exploration-Rover
Photo: NASA
SHARE

നാസ 2003ൽ ചൊവ്വയിലേക്കു വിട്ട ഓപ്പർച്യൂണിറ്റിയുടെ കഥ വിവരിക്കുന്ന സിനിമ യുഎസിലെ കൊളറാഡോയിൽ നടത്തിയ ടെലൂറൈഡ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. വളരെ അപൂർവമായ ഒരു പ്രേക്ഷക പ്രതികരണത്തിന് ഈ ചിത്രം സാക്ഷ്യം വഹിച്ചു. ചിത്രം തീർന്നപ്പോൾ സദസ്യർ കണ്ണീർ വാർത്തു. സോജണർ, പാത്ത് ഫൈൻഡർ എന്നിങ്ങനെ വിരലിലെണ്ണാവുന്ന ദൗത്യങ്ങൾ മാത്രമാണ് ഓപ്പർച്യൂണിറ്റിക്കു മുൻപ് ചൊവ്വയിൽ ഇറങ്ങിയത്. ഇവയുടെ ചിത്രങ്ങൾക്ക് വ്യക്തതയില്ലായിരുന്നു. മനുഷ്യരാശി ഏറ്റവും കൂടുതൽ അറിയാനാഗ്രഹിക്കുന്ന ഗ്രഹമായ ചൊവ്വയിൽ ഒരു കരുത്തുറ്റ നിരീക്ഷണ റോവർ വേണമായിരുന്നു.

തുടർന്ന് 2003 ജൂലൈ 7 ന് 6 ചക്രങ്ങളുള്ള റോവർ ദൗത്യമായ ഓപ്പർച്യൂണിറ്റി പുറപ്പെട്ടു. 2004 ജനുവരി 25 നു ചൊവ്വയിലെ വിക്ടോറിയ ക്രേറ്ററിനു സമീപം പറന്നിറങ്ങിയ ദൗത്യം ഒട്ടേറെ ചിത്രങ്ങളും വിലമതിക്കാനാകാത്ത വിവരങ്ങളും നൽകി. വെറും 90 ദിവസങ്ങളാണ് ഓപ്പർച്യൂണിറ്റിക്ക് നാസ കാലാവധി പ്രഖ്യാപിച്ചത്. എന്നാൽ നാസയെത്തന്നെ ഞെട്ടിച്ചുകൊണ്ട് നീണ്ട പതിനാലു വർഷങ്ങൾ ഓപ്പർച്യൂണിറ്റി ചിത്രങ്ങൾ അയച്ചുകൊണ്ടേയിരുന്നു. ചൊവ്വയെപ്പറ്റിയുള്ള വിലപ്പെട്ട വിവരങ്ങൾ ക്രോഡീകരിക്കാൻ ഇതു മനുഷ്യരാശിക്ക് അവസരം നൽകി. എന്നാൽ 2018 മേയിൽ ചൊവ്വയിൽ വീശിയടിച്ച കനത്ത പൊടിക്കാറ്റ് ഓപ്പർച്യൂണിറ്റിയെ നിശ്ചലമാക്കിക്കളഞ്ഞു. ഇതു മൂലം സൗരോർജ സംവിധാനം തകരാറിലായതായിരുന്നു പ്രധാനകാരണം. 

ഒരു വർഷത്തോളം ഓപ്പർച്യൂണിറ്റി തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇക്കാലയളവിൽ ഓപ്പർച്യൂണിറ്റിയെ ഉണർത്താൻ ദീർഘനാൾ നാസ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ 2019ൽ, ഇനി ഓപ്പർച്യൂണിറ്റി ചിത്രങ്ങൾ അയയ്ക്കില്ലെന്ന് നാസ അറിയിച്ചു. ചുവന്ന ഗ്രഹത്തിൽ 15 വർഷം പിന്നിട്ട ഓപ്പർച്യൂണിറ്റി ദൗത്യം ചൊവ്വയിലെ എൻഡവർ ക്രേറ്ററിൽ നിശ്ചലമായതായി നാസ അറിയിച്ചു.

ചൊവ്വയിൽ ഒരുകാലത്തു വെള്ളമുണ്ടായിരുന്നെന്നതിനു തെളിവു നൽകിയതാണ് ഓപ്പർച്യൂണിറ്റിയുടെ ഏറ്റവും വലിയ സംഭാവന. ദൗത്യം ചൊവ്വയിലെത്തി 2 മാസത്തിനകമായിരുന്നു ഇത്. ചൊവ്വയുടെ ധാതുഘടനയുൾപ്പെടെ നിർണായകവിവരങ്ങൾ നൽകിയിട്ടുണ്ട്, 2005 ൽ പൊടിക്കൂനയിടിഞ്ഞുള്ള അപകടവും 2007 ൽ പൊടിക്കാറ്റും അതിജീവിച്ച ഓപ്പർച്യൂണിറ്റി, വിക്ടോറിയ ക്രേറ്റർ മുതൽ എൻഡവർ ക്രേറ്റർ വരെ 21 കിലോമീറ്റർ ദൂരം തുടർച്ചയായി സഞ്ചരിച്ചിട്ടുമുണ്ട്.

English Summary: 'Good Night Oppy' about Nasa's Mars rover mission may make you cry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS