6 മാസത്തെ ദൗത്യം പൂർത്തിയാക്കി ചൈനീസ് ബഹിരാകാശ സഞ്ചാരികൾ തിരിച്ചെത്തി

Chinese-astronauts
Photo: China Daily
SHARE

ചൈനീസ് ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി മൂന്ന് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. ടിയാൻഗോങ് ബഹിരാകാശ നിലയത്തിന്റെ അവസാന ഘട്ട നിർമാണത്തിന്റെ മേൽനോട്ടം വഹിക്കാൻ ജൂൺ 5നാണ് ഇവർ ബഹിരാകാശത്തേക്ക് പോയത്.

ചൈനയുടെ സ്വയംഭരണ പ്രദേശമായ ഇന്നർ മംഗോളിയയിൽ ഞായറാഴ്ചയാണ് ഷെൻസോ-14 ബഹിരാകാശ പേടകത്തിൽ സഞ്ചാരികൾ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഈ ദൗത്യം സമ്പൂർണ വിജയമായിരുന്നുവെന്ന് ബഹിരാകാശ ഏജൻസി അറിയിച്ചു. തിരിച്ചെത്തിയ കമാൻഡർ ചെൻ ഡോങ്, ടീമംഗങ്ങളായ ലിയു യാങ്, കായ് സൂഴെ എന്നിവർക്ക് ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെന്ന് സിസിടിവി സംപ്രേഷണം ചെയ്ത ഓഡിയോയിൽ പറയുന്നുണ്ട്.

ലാൻഡിങ് സൈറ്റിൽ സജ്ജരായിരുന്ന ജീവനക്കാരാണ് പേടകത്തിൽ നിന്ന് സഞ്ചാരികളെ പുറത്തെടുത്തത്. പ്രാദേശിക സമയം രാത്രി 8 നാണ് ഇവർ മൂന്നു പേരും ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. തുടർന്ന് ഏകദേശം ഒൻപത് മണിക്കൂർ‌ യാത്രയ്ക്ക് ശേഷമാണ് ഭൂമിയിൽ ലാൻഡ് ചെയ്തത്.

ബഹിരാകാശ നിലയത്തിലെ ദിവസങ്ങൾ തനിക്ക് അവിസ്മരണീയമായിരുന്നു, മാതൃരാജ്യത്തേക്ക് മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചൈനയിലെ ആദ്യ വനിതാ ബഹിരാകാശയാത്രികയായ യാങ് പറഞ്ഞു. മൂന്ന് ബഹിരാകാശയാത്രികർ ടിയാൻഗോങ്ങിനുള്ള രണ്ടാമത്തെയും മൂന്നാമത്തെയും മൊഡ്യൂളുകളുടെ വരവ് നിരീക്ഷിക്കുകയും പുതിയ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും പരീക്ഷിക്കുന്നതിനും നേതൃത്വം നൽകുകയും ചെയ്തു.

മൂന്ന് ചൈനീസ് ബഹിരാകാശയാത്രികരുടെ പുതിയ സംഘം ബുധനാഴ്ച ബഹിരാകാശ നിലയത്തിലെത്തിയിരുന്നു. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ഷെൻസോ-15 ബഹിരാകാശ പേടകത്തിലാണ് പുതിയ സംഘം പറന്നുയർന്നത്.

ആറുമാസം ഇവർ സ്റ്റേഷനിൽ താമസിക്കും. ബഹിരാകാശ നിലയത്തിന് ചുറ്റും ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും സ്ഥാപിക്കുന്നതിലാണ് പുതിയ സംഘം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ചൈന മാൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ വക്താവ് പറഞ്ഞു. സോവിയറ്റ് യൂണിയനും യുഎസിനും ശേഷം ബഹിരാകാശയാത്രികരെ ബഹിരാകാശത്ത് എത്തിക്കുകയും ബഹിരാകാശ നിലയം നിർമിക്കുകയും ചെയ്ത ചരിത്രത്തിലെ മൂന്നാമത്തെ രാജ്യമാണ് ചൈന. ചൈനയുടെ പുതിയ സ്ഥിരം ബഹിരാകാശ നിലയമാണ് ടിയാൻഗോങ് ബഹിരാകാശ നിലയം അഥവാ ‘സ്വർഗീയ പാലസ്’.

English Summary: Chinese astronauts return to Earth after six-month mission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS