അവർ തുറന്നു പറഞ്ഞു, ഇങ്ങനെ പോയാൽ ചൈന അമേരിക്കയെ കീഴടക്കും, ബഹിരാകാശം പിടിച്ചടക്കും...

usa-china-flags
Photo: AFP
SHARE

ബഹിരാകാശ ശാസ്ത്രരംഗത്ത് ചൈനയുടെ കുതിപ്പ് അമേരിക്കക്ക് ഭീഷണിയാണെന്ന് തുറന്നു പറഞ്ഞ് യുഎസ് ബഹിരാകാശ സേന ഡയറക്ടര്‍ ഓഫ് സ്റ്റാഫ് നിന അര്‍മാഗ്നോ. ബഹിരാകാശ ഗവേഷണത്തില്‍ ചൈന അമേരിക്കയെ പിന്തുടര്‍ന്ന് പിടിക്കാനും മറികടക്കാനും സാധ്യതയുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സിഡ്‌നിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവേ നിന പറഞ്ഞത്. അമേരിക്കന്‍, ഓസ്‌ട്രേലിയന്‍ സര്‍ക്കാരുകള്‍ സാമ്പത്തിക സഹായം നല്‍കുന്ന ഗവേഷണ സ്ഥാപനമാണ് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട്.

ബഹിരാകാശ സാങ്കേതികവിദ്യ പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്നതിലും സാറ്റലൈറ്റ് വാര്‍ത്താവിനിമയം, പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനം തുടങ്ങിയവയിലുമെല്ലാം ചൈന അതിവേഗത്തിലാണ് മുന്നേറുന്നത്. അവര്‍ ബഹിരാകാശ രംഗത്ത് നേടുന്ന അതിവേഗ പുരോഗതി ഞെട്ടിക്കുന്നതാണെന്നും നിന പറഞ്ഞു. ആദ്യകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലായിരുന്നു ബഹിരാകാശ മത്സരമെങ്കില്‍ പിന്നീടത് അമേരിക്കയും റഷ്യയുമായി മാറിയിരുന്നു. ഇപ്പോള്‍ പാശ്ചാത്യ ശക്തികള്‍ക്കും അമേരിക്കയ്ക്കും വെല്ലുവിളിയാവുന്നത് ചൈനയാണ്.

പ്രകൃതി വിഭവങ്ങള്‍ക്കുവേണ്ടി ഛിന്നഗ്രഹങ്ങളും ചെറു ഗ്രഹങ്ങളിലുമെല്ലാം ഖനനം നടത്താനുള്ള പദ്ധതികള്‍ വരെ ചൈന ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സാമ്പത്തികമായും സൈനികമായും സാങ്കേതികമായും നയതന്ത്രപരമായുമുള്ള ഇടപെടലുകളിലൂടെ രാജ്യാന്തര ബന്ധങ്ങള്‍ മാറ്റി മറിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രമാണ് ചൈനയെന്നും നിന അര്‍മാഗ്നോ പറഞ്ഞു. അടുത്തകാലത്തായി ബഹിരാകാശത്ത് നിരവധി മിസൈല്‍ പരീക്ഷണങ്ങളാണ് റഷ്യയും ചൈനയും നടത്തിയത്. ഇതുണ്ടാക്കുന്ന ബഹിരാകാശ മാലിന്യങ്ങള്‍ അപകടകരമാംവിധം കൂടുതലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശ ശാസ്ത്ര രംഗത്ത് ചൈന 2032 ആകുമ്പോഴേക്കും അമേരിക്കയേയും മറികടക്കുമെന്ന റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. അമേരിക്കന്‍ ബഹിരാകാശ സേനയും എയര്‍ഫോഴ്‌സ് റിസര്‍ച്ച് ലബോറട്ടറിയും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അമേരിക്കയെ വൈകാതെ ചൈന മറികടക്കുമെന്നുള്ളത്. അമേരിക്കയെ അപേക്ഷിച്ച് ചൈനയുടെ ഏറ്റവും വലിയ നേട്ടം അവര്‍ക്ക് ബഹിരാകാശ ശാസ്ത്രത്തെ തങ്ങളുടെ ദേശീയതയുമായി ചേര്‍ത്തു നിര്‍ത്താനായി എന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

Tiangong-1
Photo: AP/KIN CHEUNG

ജോണ്‍ എഫ് കെന്നഡി 1961ല്‍ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചതിനു ശേഷം അമേരിക്കയില്‍ ബഹിരാകാശ ശാസ്ത്രത്തിന് ദേശീയതയുടെ മാനം കൈവന്നിരുന്നു. പിന്നീട് ഇത് കുറഞ്ഞു വരികയായിരുന്നു. അമേരിക്കയുമായി സഹകരിക്കുന്ന ബഹിരാകാശ കമ്പനികള്‍ക്കും നാസക്കുമെല്ലാം പുതിയ പദ്ധതികളുടെ നയപരമായ തീരുമാനത്തിനും പാരിസ്ഥിതിക പ്രത്യാഖാത പഠനങ്ങള്‍ക്കുമെല്ലാം വലിയ തോതില്‍ സമയം ചെലവാവുന്നുണ്ട്. എന്നാല്‍ ചൈനയെ സംബന്ധിച്ച് ഇങ്ങനെയൊരു വൈകിപ്പിക്കല്‍ ഇല്ലെന്നതും മുന്നേറ്റത്തെ വേഗത്തിലാക്കുന്നുണ്ട്.

English Summary: China poses increasing threat in military space race, top U.S. general says

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS