ADVERTISEMENT

ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം മുന്നേറുന്ന കാഴ്ചയാണ് 2022ല്‍ കാണാനായത്. ക്വാണ്ടം കംപ്യൂട്ടറിന്റെ സഹായത്തോടെ ബേബി വേംഹോള്‍ സൃഷ്ടിച്ചതും ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചതും മരണത്തില്‍ നിന്ന് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതുമടക്കം പല അതിപ്രാധാന്യമുള്ള പരീക്ഷണങ്ങളും ഈ വര്‍ഷം നടത്തപ്പെട്ടു. അവയില്‍ ചിലത് പരിശോധിക്കാം:

 

∙ മരണത്തില്‍ നിന്നു മടക്കം?

 

പുരാണങ്ങളിലടക്കം മനുഷ്യര്‍ മരണത്തെ ജയിക്കാനുള്ള ശ്രമങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദുമതത്തിലെ ഹിരണ്യകശിപുവിന്റെ കഥ അത്തരത്തിലൊന്നാണ്. ഗ്രീക് ഇതിഹാസ കഥാപാത്രം അക്കിലിസ് ആണ് മറ്റൊരാള്‍. മനുഷ്യന് അമരത്വം എന്ന സ്വപ്‌നം ആധുനിക ശാസ്ത്രവും കാണുന്നുണ്ട്. അത്തരം ഒരു പരീക്ഷണം ആശാവഹമായ പുരോഗതി കാണിച്ചു എന്നാണ് ദി നേച്ചര്‍ ജേണലില്‍ വന്ന ലേഖനം പറയുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ യെയില്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണങ്ങളാണ് അനശ്വരത എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം ഒരുപടി കൂടി മുന്നോട്ടുപോയിരിക്കുന്നത്.

 

∙ ഓര്‍ഗന്‍എക്‌സ്

 

ദി ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ചത്ത പന്നികളുടെ ശരീരത്തിലേക്ക് ഓര്‍ഗന്‍എക്‌സ് (OrganEx) എന്ന പേരില്‍ പ്രത്യേകം തയാര്‍ ചെയ്ത ലായനി കുത്തിവയ്ക്കുകയായിരുന്നു. ആശുപത്രികളില്‍ ഉപയോഗിക്കുന്ന ഹാര്‍ട്ട്-ലങ് മെഷീനു സമാനമായ ഒരു ഉപകരണമായിരുന്നു ഗവേഷകര്‍ ഇതിന് ഉപയോഗിച്ചത്. ഈ ഉപകരണം ഓര്‍ഗന്‍എക്‌സ് മൃതദേഹത്തിന്റെ ഞരമ്പുകളിലൂടെയും രക്തവാഹിനികളിലൂടെയും പ്രവഹിച്ചു. അപ്പോള്‍ തലച്ചോറിന്റെയും ഹൃദയത്തിന്റെയും കരളിന്റെയും വൃക്കയുടെയും കോശങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചു എന്നതാണ് ശാസ്ത്രലോകത്തിന് ഉത്തേജനം നൽകിയിരിക്കുന്നത്. കൂടാതെ സാധാരണ മൃതദേഹങ്ങളെ പോലെ പരീക്ഷണത്തിന് ഉപയോഗിച്ചവ കാഠിന്യമുള്ളതായി (stiff) മാറിയില്ല എന്നും നിരീക്ഷിക്കപ്പെടുന്നു.

 

∙ തുടക്കം മാത്രം

 

കോശങ്ങളുടെ പ്രവര്‍ത്തനം തിരിച്ചെടുക്കാന്‍ സാധിച്ചു എന്നതാണ് ഗവേഷകരുടെ നേട്ടം. എന്നാല്‍, 'ബോധമണ്ഡലമൊന്നും' ഉണര്‍ന്നുമില്ല. അനശ്വരത, മരണത്തില്‍ നിന്നു തിരിച്ചെത്തുക തുടങ്ങിയ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പര്യാപ്തമല്ലെങ്കിലും ജീവനുള്ള അവസ്ഥ, മരിച്ച അവസ്ഥ എന്നിവയെക്കുറിച്ചുള്ള വേര്‍തിരിവ് പുനര്‍നിര്‍വചിക്കാനായി എന്നത് ചെറിയ കാര്യമല്ലാ താനും. ഇനി ഇതുകൂടി ഉള്‍ക്കൊള്ളിക്കാതെ മുന്നോട്ടു പോകാനാവില്ല.

 

∙ അവയവം മാറ്റിവയ്ക്കല്‍

 

ഇതിന്റെ ഒരു പാര്‍ശ്വഗുണം ഒരാള്‍ മരിച്ച് കുറച്ചു കഴിഞ്ഞാല്‍ പോലും അവയവങ്ങള്‍ എടുക്കാമെന്നതായിരിക്കാം. ഈ ടെക്‌നോളജി ഉപയോഗിച്ച് ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ ഹൃദയത്തിന് അധികം പരുക്കില്ലാതെ സംരക്ഷിച്ചെടുക്കാനും സാധിച്ചേക്കാം. സ്‌ട്രോക് വരുമ്പോള്‍ തലച്ചോറിന്റെ കാര്യത്തിലും ഇതു ഗുണം ചെയ്‌തേക്കും.

 

∙ ഓര്‍ഗന്‍എക്‌സില്‍ നേര്‍വ് ബ്ലോക്കര്‍ ഉപയോഗിച്ചു

 

ലായനിയില്‍ പോഷകങ്ങള്‍ (nutrients), ചീര്‍ക്കാതിരിക്കാനുള്ള  (anti-inflammatory) മരുന്നുകള്‍, കോശങ്ങളുടെ നിര്‍ജീവാവസ്ഥ ഒഴിവാക്കാനുള്ള മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം നേര്‍വ് ബ്ലോക്കറുകളും ഉപയോഗിച്ചു. ഇതുവഴി ന്യൂറോണ്‍സിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചു. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ പന്നികള്‍ക്ക് ബോധം തിരിച്ചു കിട്ടിയേക്കാാമായിരുന്നു. പിന്നെ എന്തുകൊണ്ടു ചെയ്തില്ല? അങ്ങനെ ചെയ്യാതിരുന്നത് നിരവധി നൈതികമായ ചോദ്യങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്നതിനാലാണത്രെ. 

 

∙ കുട്ടി വേംഹോളുകളുടെ അനുകരണ മാതൃക സൃഷ്ടിച്ചു

 

ബേബി വേംഹോളിന്റെ (wormhole- സ്ഥലകാലത്തില്‍ കുറുക്കുവഴികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സവിശേഷത) അനുകരണ മാതൃക ക്വാണ്ടം കംപ്യൂട്ടറുകളുടെ സഹായത്തോടെ സൃഷ്ടിച്ചു. വേംഹോള്‍ സങ്കല്‍പം ആല്‍ബട്ട് ഐന്‍സ്റ്റൈനും നെയ്തന്‍ റോസനും ചേര്‍ന്ന് 1935 ലാണ് മുന്നോട്ടുവച്ചത്. ഇതിനെ ഐന്‍സ്‌റ്റൈന്‍-റോസന്‍ ബ്രിജസ് എന്നും വിളിക്കാറുണ്ട്. സ്‌പേസ്-ടൈമിലെ രണ്ട് പോയിന്റുകൾ തമ്മില്‍ ബന്ധിപ്പിക്കുന്ന ടണല്‍ എന്നാണ് സങ്കല്‍പം. ഇന്റര്‍സ്റ്റെല്ലാര്‍, സ്റ്റാര്‍ ട്രെക് തുടങ്ങിയ സയന്‍സ് ഫിക്ഷന്‍ കഥകളില്‍ ഇതിന്റെ സാധ്യതകൾ ചിത്രീകരിച്ചിട്ടുണ്ട്.

nuclear-fusion

 

∙ കംപ്യൂട്ടര്‍ സിമ്യുലേഷന്‍ മാത്രം; പക്ഷേ...

 

ഇപ്പോള്‍ കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ രണ്ടു ബ്ലാക് ഹോളുകള്‍ ക്വാണ്ടം കംപ്യൂട്ടറില്‍ സൃഷ്ടിക്കുകയും അവ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുകയുമാണ് ചെയ്തിരിക്കുന്നത്. ഇത് ഒരു സിമുലേഷനായാണ് പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്. ഇത് യാഥാര്‍ഥ്യമാക്കുക എന്നതൊക്കെ വളരെ കാലത്തിനു ശേഷം മാത്രമായിരിക്കും സാധിക്കുക. എന്നാല്‍, ഇത്തരം അന്വേഷണങ്ങളൊക്കെ എവിടെയെങ്കിലും തുടങ്ങണ്ടെ? അതാണ് തങ്ങള്‍ ചെയ്തിരിക്കുന്നത് എന്നാണ് ഗവേഷകര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

 

∙ എലിയുടെ കൃത്രിമ ഭ്രൂണത്തില്‍ സ്പന്ദിക്കുന്ന ഹൃദയം

 

മറ്റൊരു പ്രധാന ശാസ്ത്ര നേട്ടം 2022ല്‍ ആഘോഷിക്കപ്പെടുന്നത് ബീജത്തിന്റെയോ അണ്ഡത്തിന്റെയോ സഹായമില്ലാതെ ഒരു കൃത്രിമ ഭ്രൂണം സൃഷ്ടിച്ചു എന്നതാണ്. യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിജിലെയും കാല്‍ടെകിലെയും ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. എലിയുടെ സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ചു സൃഷ്ടിച്ച ഈ ഭ്രൂണത്തിന് തലച്ചോര്‍ ഉണ്ടായി, ഹൃദയം സ്പന്ദിച്ചു, മറ്റെല്ലാ അവയവങ്ങള്‍ക്കും വേണ്ട അടിസ്ഥാനങ്ങളെല്ലാം ഒരുങ്ങിയെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ജീവിതം എന്നു പറഞ്ഞാല്‍ എന്താണ് എന്ന ചോദ്യം ഇതോടെ കൂടുതല്‍ മാനങ്ങളുള്ള ഒന്നായി. ശരീരത്തിന്റെ പ്രധാന കോശങ്ങളാണ് (മാസ്റ്റര്‍ സെല്‍സ്) സ്‌റ്റെം സെല്‍സ്.

 

∙ മനുഷ്യ ഭ്രൂണം ഉണ്ടാക്കാന്‍ ഇപ്പോള്‍ നിയമം അനുവദിക്കുന്നില്ല

 

ശരീരത്തിലുളള മിക്കവാറും ഏതു തരം കോശവുമായും വികസിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍ ഇവ ഉപയോഗിച്ച് സൃഷ്ടിച്ച എലിയുടെ ഭ്രൂണത്തിലെ ഹൃദയം സ്പന്ദിച്ചു. കൂടാതെ, തലച്ചോറ് രൂപപ്പെടാനുള്ള അടിസ്ഥാന ഘടകങ്ങളും സൃഷ്ടിക്കപ്പെട്ടു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് അവിശ്വസനീയമായ നേട്ടമാണെന്നാണ് അവര്‍ പറയുന്നത്. ശാസ്ത്ര ലോകത്തെ ഒരു സ്വപ്‌നമാണ് സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ എലിയുടെ കാര്യത്തില്‍ മാത്രമാണ് പരീക്ഷിച്ചിരിക്കുന്നതെങ്കിലും ഭാവിയില്‍ മാറ്റിവയ്ക്കലിനായി അവയവങ്ങള്‍ വളര്‍ത്തിയെടുക്കാനും മറ്റും ഇത് പ്രയോജനപ്പെടുത്താനായേക്കും. ബ്രിട്ടനിലും മറ്റ് പല രാജ്യങ്ങളിലും മനുഷ്യ ഭ്രൂണം ലാബില്‍ വികസിപ്പിക്കുന്നതിനെതിരെ നിയമം ഉണ്ട്.

 

∙ ഫ്യൂഷന്‍ ഊര്‍ജത്തിന്റെ കാര്യത്തില്‍ നിര്‍ണായക വഴിത്തിരിവ്

 

പതിറ്റാണ്ടുകളായി ശാസ്ത്ര ലോകം കാത്തിരുന്ന ഒരു നേട്ടം കൈവരിച്ച ആഹ്ലാദത്തോടെയാണ് 2022 വിടപറയുന്നത്. ഒരു റിയാക്ഷന്‍ നടത്താന്‍ വേണ്ടിവന്ന ഊര്‍ജ്ജത്തേക്കാളേറെ ഊര്‍ജ്ജം റീയാക്ഷനില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നതാണ് ഈ നേട്ടം. കലിഫോര്‍ണിയയിലെ ലോറന്‍സ് ലബോറട്ടറിയാണ് ഈ നേട്ടം കൈവരിച്ചത്. എന്നാല്‍, ഈ നേട്ടത്തെ ഉപകാരപ്രദമായി ഉപയോഗിക്കണമെങ്കില്‍ പതിറ്റാണ്ടുകള്‍ ഇനിയും വേണ്ടിവന്നേക്കും. പക്ഷേ, ഇത് സാധ്യമായാല്‍ അതുവഴി ലോകത്തിനു വേണ്ട വൈദ്യുതി മുഴുവന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. പരിധിയില്ലാത്ത രീതിയിൽ ഊര്‍ജ്ജം ഉത്പാദിപ്പിക്കാമെന്നതു കൂടാതെ അത് കാര്‍ബണ്‍ രഹിതമായിരിക്കുമെന്ന മെച്ചവും ഉണ്ട്. ആഗോള താപനം ഉയര്‍ത്തുന്ന ഇന്നത്തെ ഊര്‍ജ്ജോത്പാദന രീതികളോട് എന്നന്നേക്കുമായി വിടപറയാന്‍ അത് മാനവരാശിയ സജ്ജരാക്കിയേക്കും.

 

പരമ്പരാഗത ആണവ വൈദ്യുതി പ്ലാന്റുകളിലും ആണവായുധങ്ങളിലും ന്യൂക്ലിയര്‍ വിഘടന (ഫിഷന്‍) പ്രക്രിയ വഴിയാണ് ഊര്‍ജ്ജം ഉൽപാദിപ്പിക്കുന്നത്. ഒരു ആറ്റത്തിന്റെ (ഇത് മിക്കപ്പോഴും ഒരു യുറെനിയം ആറ്റം ആയിരിക്കും) ന്യൂക്ലിയസിനെ (അണു കേന്ദ്രം) രണ്ടു ന്യൂക്ലിയയ് ആയി വിഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ വന്‍തോതില്‍ ഊര്‍ജ്ജോത്പാദനം നടക്കും. വിഘടനത്തിന്റെ ഏകദേശം വിപരീത രീതിയാണ് ഫ്യൂഷനില്‍ (സംയോജനത്തില്‍) നടക്കുന്നത്. രണ്ട് ന്യൂക്ലിയയ് ചേര്‍ത്ത് ഒരു ഭാരക്കൂടുതലുള്ള ന്യൂക്ലിയസ് സൃഷ്ടിക്കുകയാണ് ചെയ്യുക. ഇങ്ങനെ സംഭവിക്കുമ്പോഴും പുതിയതായി ഉണ്ടാക്കപ്പെട്ട, ഭാരക്കൂടുതലുള്ള ന്യൂക്ലിയസിന്റെ പിണ്ഡം, യോജിപ്പിക്കപ്പെട്ട രണ്ടു ന്യൂക്ലിയയ്കളുടേതിനേക്കാള്‍ കുറവാണ്. എന്നു പറഞ്ഞാല്‍ അല്‍പം പിണ്ഡം നഷ്ടപ്പെട്ടിരിക്കുന്നു. ഈ പിണ്ഡം എങ്ങനെയാണ് ഊര്‍ജ്ജമായി മാറ്റപ്പെടുന്നതെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ഏറ്റവും പ്രശസ്തമായ സമവാക്യമായ ഇ=എംസി സ്‌ക്വയര്‍ വിശദികരിക്കുന്നു.

 

ഫിഷനും ഫ്യൂഷനും നടത്തുമ്പോള്‍ ധാരാളം ഊര്‍ജ്ജം പുറത്തുവരുന്നു. ഇതില്‍ ഫ്യൂഷന്‍ താരമ്യേന വളരെ കൂടുതല്‍ ഊര്‍ജ്ജം പുറംതള്ളുന്നു. ഉദാഹരണത്തിന് ഭാരക്കൂടുതലുള്ള രണ്ട് ഹൈഡ്രജന്‍ ഐസോടോപ്പുകളുടെ ന്യൂക്ലിയയ് ഉപയോഗിച്ചു നടത്തുന്ന ന്യൂക്ലിയര്‍ഫ്യൂഷന്‍ ഒരു യുറെനിയം ആറ്റം വിഘടിപ്പിക്കുമ്പോള്‍ കിട്ടുന്നതിന്റെ നാലു മടങ്ങ് അധികമായിരിക്കും. സൂര്യനും മറ്റ് നക്ഷത്രങ്ങള്‍ക്കും ശക്തിപകരുന്നത് ന്യൂക്ലിയര്‍ ഫ്യൂഷനാണ്.

 

∙ മനുഷ്യരാശി കാത്തിരുന്ന ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്

 

വാണിജ്യപരമായി ഫ്യൂഷന്‍ ടെക്‌നോളജി ഉപയോഗിച്ച് ഊര്‍ജ്ജോത്പാദനം നടത്താവുന്ന അവസ്ഥയിലേക്ക് എത്തിയാല്‍ അതൊരു വന്‍ നേട്ടമാകും. ശുദ്ധവും വീണ്ടും ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസായി ഇതു മാറാം. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള യുദ്ധത്തിലും നിര്‍ണായക പങ്ക് വഹിക്കാന്‍ ഇതിനു സാധിക്കും. ഫിഷന്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന, അപകടകാരികളായ അദൃശ്യ രശ്മികള്‍ ഉതിര്‍ക്കുന്ന പാഴ്‌വസ്തുക്കള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഫിഷന്‍ റിയാക്ടറുകളുടെ പ്രശ്‌നങ്ങളിലൊന്ന് ഇതാണല്ലോ. അതേസമയം, ഊര്‍ജ്ജോല്‍പാദനത്തിന് ആശ്രയിക്കാവുന്ന ഘട്ടത്തിലേക്ക് എത്തണമെങ്കില്‍ ബഹുദൂരം മുന്നോട്ടു പോകേണ്ടതായും ഉണ്ട്. ഇപ്പോഴത്തെ ഫ്യൂഷന്‍ ഏതാനും മിനിറ്റ് മാത്രമെ നടത്താന്‍ സാധിക്കുന്നുള്ളു. ഇതിനു വേണ്ട ഘടകങ്ങള്‍ ദീര്‍ഘനേരത്തേക്ക് നിലനിര്‍ത്തുക എന്നു പറയുന്നതു പോലും ഇപ്പോള്‍ സാധ്യമല്ല.

 

∙ ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ തിരിച്ചെത്തി

 

ലോകത്തെ ഏറ്റവും വിലിയ പാര്‍ട്ടിക്കിൾ ആക്‌സിലറേറ്ററായി അറിയപ്പെടുന്ന ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ (എല്‍സിഎച്) വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു എന്നതും 2022ന് അഭിമാനിക്കാവുന്ന നേട്ടമാണ്. എല്‍സിഎച്ചിന്റെ മൂന്നാം ഘട്ടമാണിത്. ഇക്കുറിയും എല്‍സിഎച് നിരാശപ്പെടുത്തിയില്ല. മൂന്ന് പുതിയ പാര്‍ട്ടിക്കുകളെയാണ് കണ്ടെത്തിയത്. ഒരു പെന്റാക്വാര്‍ക്കും (pentaquark) രണ്ട് ടെട്രാക്വാര്‍ക്കുകളും (tetraquarks) എല്‍സിഎച് ഉപയോഗിച്ച് കണ്ടെത്തിയത്.

 

English Summary: Year Ender -2022:  OrganEx Revives Pigs an Hour After Death, Holding Promise for Transplants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com