ADVERTISEMENT

ബ്രിട്ടനിൽ നിന്നുള്ള ചരിത്രപരമായ ഒരു ബഹിരാകാശ ദൗത്യം പരാജയപ്പെട്ടതായി റിപ്പോർട്ട്. പ്രത്യേക വിമാനത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കാനുള്ള ദൗത്യമാണ് ചില സാങ്കേതിക കാരണങ്ങളാൽ വിജയിക്കാതെ പോയത്. വെർജിൻ ഓർബിറ്റിന്റെ ലോഞ്ചർ വൺ റോക്കറ്റിന് ഉപഗ്രങ്ങളെ കൃത്യമായ ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. ഒൻപത് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് എത്തിക്കാനായിരുന്നു ദൗത്യത്തിൽ ലക്ഷ്യമിട്ടിരുന്നത്.

 

റോക്കറ്റിനെ ഭ്രമണപഥത്തിലെത്തുന്നതിൽ നിന്ന് തടഞ്ഞത് എന്താണെന്ന് വെർജിൻ ഓർബിറ്റ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. വെർജിന്റെ 70 അടി നീളമുള്ള ലോഞ്ചർ വൺ റോക്കറ്റിൽ ഒൻപത് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം വിജയിച്ചതായി റിച്ചർഡ് ബ്രാൻസനിന്റെ കമ്പനി ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് ആ ട്വീറ്റ് പിൻവലിക്കുകയായിരുന്നു.

 

റോക്കറ്റ് ലോഞ്ച് ചെയ്ത് ഏകദേശം 40 മിനിറ്റിനുശേഷം വിക്ഷേപണത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി വെർജിൻ അറിയിച്ചു. വെർജിൻ 747 ജംബോ ജെറ്റ് തിങ്കളാഴ്ചയാണ് പറന്നുയർന്നത്. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് വിമാനത്തിന്റെ മധ്യഭാഗത്ത് ഘടിപ്പിച്ച ലോഞ്ചർവൺ ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്.

 

റോക്കറ്റ് പിന്നീട് 8,000 മൈൽ വേഗത്തിൽ ബഹിരാകാശത്തേക്ക് കുതിച്ചു, ഇത് ഭൂമിയുടെ അന്തരീക്ഷ മേഖലയും കടന്ന് പോയെന്നാണ് കരുതുന്നത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷമാണ് ദൗത്യം പരാജയപ്പെട്ടതായി മനസ്സിലായത്. വെർജിൻ ഓർബിറ്റ് പ്രശ്‌നത്തെക്കുറിച്ച് വിശദമാക്കിയില്ല, ലഭ്യമായ വിവരങ്ങൾ വിലയിരുത്തിയിട്ട് പ്രതികരിക്കാമെന്നാണ് അറിയിച്ചത്.

 

Photo: Virgin
Photo: Virgin

ബഹിരാകാശ താവളമായ ബ്രിട്ടനിലെ കോണ്‍വാളില്‍ നിന്നുമാണ് വിമാനം പറന്നുയർന്നത്. ബഹിരാകാശ കമ്പനി വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ മാറ്റങ്ങള്‍ വരുത്തിയ ബോയിങ് 747 വിമാനമായ കോസ്മിക് ഗേളായിരുന്നു ദൗത്യത്തിൽ പങ്കെടുത്തത്. ഏതാണ്ട് 35,000 അടി ഉയരത്തിലെത്തിയപ്പോള്‍ കോസ്മിക് ഗേള്‍ അകത്ത് ഒളിപ്പിച്ചിരിക്കുന്ന 70 അടി നീളമുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്തു വച്ച് വിക്ഷേപിച്ചു. ക്യൂബ് ആകൃതിയിലുള്ള ക്യൂബ് സാറ്റുകളെ ഭ്രമണ പഥത്തിലെത്തിക്കുകയായിരുന്നു ലോഞ്ചര്‍വണ്‍ റോക്കറ്റിന്റെ ലക്ഷ്യം. 

 

ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണമായിരുന്നു ഇത്. യൂറോപ്പിലെ ആദ്യത്തെ വ്യാവസായിക വിക്ഷേപണം വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ ആദ്യ രാജ്യാന്തര തലത്തിലുള്ള വിക്ഷേപണം തുടങ്ങിയ നേട്ടങ്ങളും ഇതുവഴി കോസ്മിക് ഗേളിന്റെ യാത്ര സ്വന്തമാക്കാനിരുന്നതാണ്.

 

ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന് വേണ്ടിയാണ് ക്യൂബ് സാറ്റുകളെ വെര്‍ജിന്‍ ഓര്‍ബിറ്റ് ഭ്രമണപഥത്തിലെത്തിക്കുന്നത്. കരയിലും സമുദ്രത്തിലും നിരീക്ഷണം നടത്താനാണ് ക്യൂബ് സാറ്റുകളെ ഉപയോഗിക്കുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കോണ്‍വാള്‍ ബഹിരാകാശതാവളത്തിന് നവംബറിലാണ് ഓപറേഷന്‍ ലൈസന്‍സ് നല്‍കിയത്. ഇതോടെയാണ് കോണ്‍വാള്‍ ബഹിരാകാശ താവളം വഴി വിക്ഷേപണം നടത്തുന്നത് സാധ്യമായത്.

 

കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ബഹിരാകാശ താവളത്തിലേക്ക് ലോഞ്ചര്‍വണ്‍ റോക്കറ്റിനെ എത്തിച്ചിരുന്നു. കലിഫോര്‍ണിയയില്‍ നിന്നും സൈനിക വിമാനത്തിലാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ കോണ്‍വാളിലേക്ക് എത്തിച്ചത്. സാധാരണ വിമാനങ്ങള്‍ പറന്നുയരുന്ന പോലെയാണ് ലോഞ്ചര്‍വണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ആരംഭിക്കുന്നത്. പ്രത്യേകം നിര്‍മിച്ച ബോയിങ് 747 വിമാനമായ കോസ്മിക് ഗേളാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ 35,000 അടി ഉയരം വരെ എത്തിക്കുന്നത്. 

 

കോസ്മിക് ഗേളിന്റെ മധ്യ ഭാഗത്താണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ ഘടിപ്പിക്കുക. രണ്ട് ഘട്ടങ്ങളുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്ത് 35,000 അടി ഉയരത്തില്‍ വച്ച് കോസ്മിക് ഗേളില്‍ നിന്നും വേര്‍പെടുന്നു. ഇതിന് പിന്നാലെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് മുന്നോട്ട് കുതിച്ച് സാറ്റലൈറ്റുകളെ നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്നതാണ് പദ്ധതി. ഇതിനിടെ 35,000 അടി വരെ റോക്കറ്റിനെ എത്തിക്കുന്ന കോസ്മിക് ഗേള്‍ സാധാരണ വിമാനം പോലെ കോണ്‍വാള്‍ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും. 

 

റിച്ചര്‍ഡ് ബ്രാന്‍സനിന്റെ വെര്‍ജിന്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ബഹിരാകാശ കമ്പനിയാണ് വെര്‍ജിന്‍ ഓര്‍ബിറ്റ്. 2017 സ്ഥാപിച്ച വെര്‍ജിന്‍ ഓര്‍ബിറ്റ്  ഇതിനകം അമേരിക്കന്‍ ബഹിരാകാശ സേനക്കു വേണ്ടിയുള്ള ദൗത്യങ്ങളടക്കം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍വാള്‍ താവളത്തിന് പുറമേ രണ്ട് ബഹിരാകാശ താവളങ്ങളുടെ പണി കൂടി ബ്രിട്ടനില്‍ പുരോഗമിക്കുന്നുണ്ട്.

 

English Summary: LauncherOne rocket from failed Virgin Orbit launch spotted crashing to Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com