ADVERTISEMENT

പച്ച നിറമുള്ള ആ വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഈ അപൂര്‍വ വാല്‍നക്ഷത്രത്തിന്റെ ചിത്രങ്ങൾ നിരവധി വിദ്യാർഥികളും ഗവേഷകരും പകർത്തിയിട്ടുണ്ട്. ഇതിന് മുൻപ് ഈ വാൽനക്ഷത്രം ഭൂമി സന്ദര്‍ശിച്ചപ്പോള്‍ രണ്ട് മനുഷ്യ വര്‍ഗങ്ങള്‍ ഭൂമിയിലുണ്ടായിരുന്നു. ആധുനിക മനുഷ്യരായ ഹോമോ സാപിയന്‍സും പിന്നെ നിയാഡര്‍താലുകളും. ഏതാനും ദിവസങ്ങള്‍ക്കകം ഭൂമി വിട്ട് അങ്ങു ദൂരെ ക്ഷീരപഥത്തിന്റെ അതിരിലേക്ക് സഞ്ചരിക്കുന്ന ഈ പച്ച വാല്‍ നക്ഷത്രം ഇനി അരലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് ഭൂമി സന്ദര്‍ശിക്കുക. അപ്പോള്‍ ഭൂമിയും മനുഷ്യരും മറ്റു ജീവജാലങ്ങളും എന്തിന് ഭൂമി പോലും ഇന്നത്ത അവസ്ഥയിലാവില്ലെന്ന് മാത്രം ഉറപ്പിക്കാം. വരും ദിവസങ്ങളിലും ഭൂമിയില്‍ പലയിടത്തു നിന്നും മനുഷ്യര്‍ക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ വാല്‍ നക്ഷത്രത്തെ കാണാനാകുമെന്നതാണ് മറ്റൊരു സവിശേഷത.

 

∙ അർജുൻ പകർത്തി ആ വിസ്മയ കാഴ്ച

 

എട്ടാം ക്ലാസ് വിദ്യാര്‍ഥിയും തിരുവനന്തപുരം ആനയറ സ്വദേശിയുമായ അർജുൻ സൂരജിനും ആ വിസ്മയ കാഴ്ച ക്യാമറയിൽ പകർത്താൻ സാധിച്ചു. അർജുൻ സൂരജ് തിരുവനന്തപുരം ശ്രീകാര്യം ലെക്കോൾ ചെമ്പക സ്കൂൾ വിദ്യാര്‍ഥിയാണ്. അസ്ട്രോണമി, ആസ്ട്രോഫിസിക്സ്, ആസ്ട്രോഫൊട്ടോഗ്രഫി എന്നിവയിൽ സജീവമാണ് അർജുൻ. ‘കോസ്മോസ് അർജുൻ’ എന്ന പേരിൽ അർജുനിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ബഹിരാകാശ ശാസ്ത്രം, ജ്യോതിശാസ്ത്രം, ആസ്ട്രോഫൊട്ടോഗ്രഫി എന്നിവയെക്കുറിച്ചുള്ള പ്രസംഗങ്ങളെല്ലാം യൂട്യൂബിലുണ്ട്. അർജുൻ തന്റെ വീടിന്റെ ടെറസിൽ നിന്നാണ് C/2022 E3 (ZTF) എന്ന ധൂമകേതുവിന്റെ ഫോട്ടോ പകർത്തിയത്.

ചിത്രം പകർത്തിയത്: ചന്ദ്രശേഖർ രമേഷ് (ആസ്ട്രോ കേരള)
ചിത്രം പകർത്തിയത്: ചന്ദ്രശേഖർ രമേഷ് (ആസ്ട്രോ കേരള)

 

∙ ആസ്ട്രോ കേരളയിലെ ചന്ദ്രശേഖർ രമേഷും പകർത്തി ആ കാഴ്ച

 

ആസ്ട്രോ കേരളയിലെ അംഗമായ ചന്ദ്രശേഖർ രമേഷ് തിരുവനന്തപുരത്ത് പാറ്റൂരിൽ നിന്നും C2022 E3 ZTF ന്റെ ചിത്രം പകർത്തി. 110 ലൈറ്റ് ഫ്രെയിമും, 10 ഫ്ലാറ്റ് ഫ്രെയിമും, 10 ഡാർക്ക് ഫ്രെയിമും, 10 ബയസ്സ് ഫ്രെയിമും എടുത്ത് ഡീപ്പ് സ്കൈ സ്റ്റാക്കറും, സ്റ്റാർ നെറ്റ് പ്ലസ് പ്ലസ് പ്ലസും, ഫോട്ടോഷോപ്പ് ഉപയോഗിച്ച് പ്രോസസ് ചെയ്ത ചിത്രം എടുത്തത് മൂന്നര മിനിറ്റിന്റെ ഇന്റഗ്രേഷനിലാണ്. പ്രകാശമലിനമായ പാറ്റൂരിൽ നിന്നുമാണ് ചന്ദ്രശേഖർ ഈ ചിത്രം പകർത്തിയത്. ടെലസ്കോപ്പ്, സ്റ്റാർ ട്രാക്കർ പോലെയുള്ള സാങ്കേതിക ഉപകരണങ്ങൾ ഇല്ലാതെ ഡിഎസ്എൽആർ ക്യാമറയും 70 എംഎം എഫ് 2.8 ലെൻസും ഉപയോഗിച്ചാണ് ഇത് പകർത്തിയത്. ചന്ദ്രനിൽ നിന്നുള്ള പ്രകാശമലിനീകരണം ഒഴിവാക്കാനായി ചന്ദ്രോദയത്തിനു മുൻപ് തന്നെ ചിത്രം പകർത്തുകയായിരുന്നു.

Image Credit: Triphecta/Istock
Image Credit: Triphecta/Istock

 

∙ കഴിഞ്ഞ വര്‍ഷം കണ്ടെത്തി

 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാത്രമാണ് ഇങ്ങനെയൊരു വാല്‍ നക്ഷത്രത്തെ ആദ്യമായി വാന നിരീക്ഷകര്‍ ശ്രദ്ധിക്കുന്നത്. അമേരിക്കയിലെ സ്വിക്കി ട്രാന്‍സിയന്റ് ഫെസിലിറ്റി (ZTF) യിലുള്ള വൈഡ് ഫീല്‍ഡ് സര്‍വേ ക്യാമറ ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ C/2022 E3(ZTF) എന്നാണ് ഈ പച്ച വാല്‍നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്.

Photo: NASA
Photo: NASA

 

വ്യാഴത്തിന്റെ ഭ്രമണപഥത്തിന് സമീപത്തുവച്ച് ഇതിനെ ആദ്യം കണ്ടെത്തിയപ്പോള്‍ ഛിന്നഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയത്. എന്നാല്‍ പിന്നീട് നീണ്ട പച്ചവാല്‍ ദൃശ്യമായതോടെ വാല്‍നക്ഷത്രം തെളിഞ്ഞു വരികയായിരുന്നു. നമ്മുടെ സൗരയൂഥത്തിന്റെ അതിര്‍ത്തിയായി കണക്കാക്കുന്ന ഒര്‍ട്ട് മേഘങ്ങള്‍ വരെ നീളുന്നതാണ് ഈ വാല്‍നക്ഷത്രത്തിന്റെ ഭ്രമണ പഥം. അതുകൊണ്ടാണ് ഓരോ തവണ സൂര്യനെ ഭ്രമണം ചെയ്യാനും ഇത്രയേറെ സമയം വേണ്ടി വരുന്നത്.

 

സൂര്യനില്‍ നിന്നും ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമ സെഞ്ച്വറിയിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്ന് പ്രദേശം ധൂമകേതുക്കളുടെ കൂട്ടമായ ഈ ഒര്‍ട്ട് മേഘമാണ്. സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിന്റെ അവസാനഭാഗമാണ് ഒര്‍ട്ട് മേഘങ്ങള്‍. വാല്‍നക്ഷത്രങ്ങളുടെ വീടെന്നും ഒര്‍ട്ട് മേഘത്തിനെ വിശേഷിപ്പിക്കാറുണ്ട്. 

 

∙ എവിടെ കാണാം?

 

ഫെബ്രുവരി രണ്ടിനാണ് പച്ച വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തിയത്. അപ്പോഴും ഭൂമിയില്‍ നിന്നും 2.5 പ്രകാശ മിനിറ്റ് അഥവാ 2.7 കോടി മൈല്‍ ദൂരത്തിലായിരുന്നു ഈ വാല്‍നക്ഷത്രം സഞ്ചരിച്ചിരുന്നത്. ബൈനോക്കുലറുകളുടേയും ടെലസ്‌കോപുകളുടേയും സഹായത്തില്‍ വളരെയെളുപ്പത്തില്‍ ഈ വാല്‍ നക്ഷത്രത്തെ കാണാൻ സാധിക്കുന്നുണ്ട്. പ്രകാശ മലിനീകരണം കുറഞ്ഞ ഇരുണ്ട ആകാശമുള്ള പ്രദേശങ്ങളില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടും ഇതിനെ കാണാം.

 

∙ പച്ചക്ക് പിന്നില്‍?

 

സൗരയൂഥത്തിന്റെ ജനന സമയത്തു രൂപം കൊണ്ട തണുത്തുറഞ്ഞ പാറയോ വാതകങ്ങളോ നിറഞ്ഞ വസ്തുക്കളാണ് സാധാരണ വാല്‍ നക്ഷത്രങ്ങള്‍. അവയില്‍ അടങ്ങിയ വസ്തുക്കളും വേഗവും സഞ്ചാരപഥവുമെല്ലാം വാല്‍ നക്ഷത്രങ്ങളുടെ വാലിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട്. ഇവിടെ വാല്‍ നക്ഷത്രത്തിന്റെ നിറം തന്നെ പച്ചയാണ്. വാലുപോലെ പിന്നിലേക്കു പോവുന്ന വെളിച്ചം വെളുത്ത നിറത്തിലുള്ളതുമാണ്. 

 

സൂര്യനോട് കൂടുതല്‍ അടുക്കുമ്പോള്‍ ചൂടുകൊണ്ട് കൂടുതല്‍ വാതകങ്ങളും പൊടികളും ധൂമകേതുക്കള്‍ പുറത്തുവിടാറുണ്ട്. ഈ സമയത്ത് അവയ്ക്ക് ഒരു ഗ്രഹത്തേക്കാളും വലിപ്പമുണ്ടാവാറുണ്ടെന്നും നാസ വിശദീകരിക്കുന്നു. ധൂമകേതുക്കള്‍ ഇങ്ങനെ പുറത്തുവിടുന്ന വാതകങ്ങളും പൊടിയുമാണ് നമുക്ക് വാലു പോലെ തോന്നിക്കുന്നത്. പച്ചക്ക് പുറമേ നീല, വെളുപ്പ് നിറങ്ങളിലും വാല്‍ നക്ഷത്രങ്ങള്‍ കണ്ടുവരാറുണ്ട്.

 

English Summary: Green Comet in Pictures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com