ചൈനയിൽ പണം നൽകി വിദ്യാർഥികളുടെ ബീജം ശേഖരിക്കുന്നു, പുതിയ നീക്കവുമായി ക്ലിനിക്കുകൾ

Chinese sperm banks are appealing varsity students to donate
Photo: Maxx-Studio/Shutterstock
SHARE

ചൈനയിലെ വിദ്യാർഥികൾക്ക് പണം സമ്പാദിക്കാനുള്ള പുതിയ മാർഗവുമായി ക്ലിനിക്കുകൾ രംഗത്ത്. ചൈനയിലെ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ബീജം ദാനം ചെയ്യാനും ഇതിലൂടെ ചൈനയുടെ ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നുമാണ് ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ബെയ്ജിങ്ങിലും ഷാങ്ഹായിലും ഉൾപ്പെടെ ചൈനയിലുടനീളമുള്ള വിവിധ ബീജദാന ക്ലിനിക്കുകൾ ഇതിനുളള നീക്കം തുടങ്ങി കഴിഞ്ഞു. യൂണിവേഴ്സിറ്റി വിദ്യാർഥികളോട് ബീജം ദാനം ചെയ്യാൻ ക്ലിനിക്കുകൾ ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയം ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ചൈനയിലെ ജനപ്രിയ സമൂഹ മാധ്യമമായ വെയ്‌ബോയിലെ ഏറ്റവും പുതിയ ട്രെൻഡിങ് വിഷയം ബീജം ദാനം ചെയ്യാൻ നിരവധി ക്ലിനിക്കുകൾ ആവശ്യപ്പെട്ടു എന്നതാണ്.

ഫെബ്രുവരി 2 ന് തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ ഹ്യൂമൻ ബീജ ബാങ്കാണ് ബീജദാനത്തിനായി വിദ്യാർത്ഥികളോട് ആദ്യമായി അഭ്യർഥിച്ചത്. ബീജം ദാനം നൽകുന്നവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ക്ലിനിക്കുകൾ നൽകുന്നത്. റജിസ്ട്രേഷൻ വ്യവസ്ഥകൾ, സബ്‌സിഡികൾ, ബീജദാന നടപടിക്രമങ്ങൾ എന്നിവ എല്ലാം കൃത്യമായി വെളിപ്പെടുത്തിയാണ് വിദ്യാർഥികളെ ക്ഷണിക്കുന്നത്. ചൈനയിലുടനീളമുള്ള മറ്റ് പ്രവിശ്യകളിലെയും നഗരങ്ങളിലെയും ബീജ ബാങ്കുകളെല്ലാം ഇതിനായി പരസ്യം നൽകിയിട്ടുണ്ട്.

ബീജം ദാനം ചെയ്യുന്നവർ 20 നും 40 നും ഇടയിൽ പ്രായമുള്ളവരും 165 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ളവരും പകർച്ചവ്യാധികളോ ജനിതക രോഗങ്ങളോ ഇല്ലാത്തവരും ബിരുദം നേടിയവരോ പഠിക്കുന്നവരോ ആയിരിക്കണമെന്നും നിർദ്ദേശമുണ്ട്. ദാതാവ് ആരോഗ്യ പരിശോധന നടത്തേണ്ടതുണ്ട്, യോഗ്യതയുള്ളവർ 8 മുതൽ 12 തവണ വരെ ബീജം നൽകേണ്ടി വരും. ബീജം നൽകുന്നവർക്ക് 4,500 യുവാൻ ( ഏകദേശം 54,500 രൂപ) പണമായി ലഭിക്കുമെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് 168 സെന്റിമീറ്ററെങ്കിലും ഉയരമുള്ളവർ ബീജം നൽകിയാൽ മതിയെന്നാണ് ഷാങ്‌സി ബീജബാങ്ക് അറിയിച്ചത്. ഇവിടെ 5,000 യുവാൻ (ഏകദേശം 60,000 രൂപ) നൽകുമെന്നാണ് പറയുന്നത്. അതേസമയം, ഷാങ്ഹായിലെ മറ്റൊരു ബീജ ബാങ്ക് 7,000 യുവാൻ (ഏകദേശം 84,000 രൂപ) വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.

നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ചൈനയുടെ (എൻബിഎസ്) ജനുവരി ഡേറ്റ അനുസരിച്ച് അറുപതു വർഷത്തിനിടെ ഇതാദ്യമായി ജനസംഖ്യയിൽ ഇടിവു രേഖപ്പെടുത്തി. 2021 ലെ ജനസംഖ്യയിൽ നിന്ന് 8.5 ലക്ഷം ഇടിവോടെ 141.17 കോടിയിലേക്കാണ് 2022 ൽ ജനസംഖ്യ എത്തിയത്. ജനസംഖ്യ ഇടിയുന്നതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുമെന്ന വിലയിരുത്തലുളളതിനാൽ ഔദ്യോഗിക കേന്ദ്രങ്ങൾ ഗൗരവത്തോടെയാണ് ഇത് കാണുന്നത്. തൊഴിൽരംഗത്ത് യുവാക്കളേക്കാൾ പ്രായമേറിയവർ കൂടുന്നത് രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിനെ ബാധിക്കുമെന്നതും വയോജനക്ഷേമപദ്ധതികൾ തുടങ്ങിയവയ്ക്ക് പൊതുഖജനാവിൽ ഇത് സമ്മർദ്ദമുണ്ടാക്കാമെന്നതുമാണ് അതിനു കാരണം.

ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി അതിജീവിക്കാൻ ദമ്പതികൾക്കു മൂന്നു കുഞ്ഞുങ്ങൾ വരെ ആകാം എന്ന നിലയിൽ ജനന നിയന്ത്രണ ചട്ടത്തിൽ 2021 ൽ ചൈനീസ് സർക്കാർ ഇളവ് അനുവദിച്ചിരുന്നു. അമിത ജനസംഖ്യ ചെറുക്കാൻ 1980 കളിൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ ‘ഒരു കുട്ടി മാത്രമെന്ന’ കർശന നിലപാട് ഒഴിവാക്കിയായിരുന്നു ഇത്. എന്നാൽ ജനനനിയന്ത്രണത്തിൽ നൽകിയ ഇളവിലും ജനസംഖ്യയിൽ കാര്യമായ മെച്ചമുണ്ടാകുന്നില്ലെന്ന സൂചനയാണു നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

English Summary: Chinese sperm banks are appealing varsity students to donate, here's why

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA