പോര്‍വിമാനം പറത്തുന്ന പൈലറ്റുമാരുടെ മസ്തിഷ്കത്തില്‍ കണ്ടെത്തിയത് വൻ മാറ്റങ്ങൾ

Mail This Article
പോര്‍വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാര്‍ക്ക് ബഹിരാകാശ സഞ്ചാരികള്‍ക്ക് സമാനമായ രീതിയില്‍ മസ്തിഷ്കത്തില്‍ മാറ്റങ്ങളുണ്ടാവുന്നുവെന്ന് പഠനം. എഫ് 16 പോര്‍വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാര്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഇങ്ങനെയൊരു താരതമ്യത്തിലേക്ക് ഗവേഷകരെ എത്തിച്ചിരിക്കുന്നത്. ഫ്രോണ്ടിയേഴ്സ് ഇന്‍ ഫിസിയോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബെല്‍ജിയന്‍ വ്യോമസേനയിലെ പത്ത് ഫൈറ്റര്‍ ജെറ്റ് പൈലറ്റുമാരിലാണ് പഠനം നടത്തിയത്. പത്തു സാധാരണക്കാരുടേയും പൈലറ്റുമാരുടേയും മസ്തിഷ്കത്തിന്റെ എംആര്‍ഐ സ്കാന്‍ എടുത്ത ശേഷം ഗവേഷകര്‍ താരതമ്യം ചെയ്തു. ബഹിരാകാശ യാത്രികരുമായി പോര്‍വിമാന പൈലറ്റുമാര്‍ക്ക് പല സാമ്യതകളുമുണ്ട്. ഇരുകൂട്ടര്‍ക്കും ഗുരുത്വ ബലം പല രീതിയില്‍ അനുഭവപ്പെടുകയും അതിവേഗത്തില്‍ സഞ്ചരിക്കുമ്പോഴും ദൃശ്യങ്ങളും മറ്റും ശരിയാം വിധം മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടി വരികയുമെല്ലാം ചെയ്യേണ്ടി വരുന്നുണ്ടെന്ന് പഠനത്തിന്റെ ഭാഗമായ ആന്റ്വെര്‍പ് സര്‍വകലാശാലയിലെ പ്രഫ. ഫ്ളോറിസ് യുട്സ് പറയുന്നു.
അനുഭവസമ്പത്ത് കൂടുതലുള്ള പോര്‍വിമാന പൈലറ്റുമാരുടേയും കുറച്ചുസമയം മാത്രം പോര്‍വിമാനം പറത്തിയ പൈലറ്റുമാരുടേയും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടെന്നതാണ് പഠനം കണ്ടെത്തിയ മറ്റൊരു പ്രധാന വിവരം. പോര്‍വിമാനം പറത്തുന്ന സമയം കൂടുന്നതിന് അനുസരിച്ച് മസ്തിഷ്കത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുമുണ്ട്. പോര്‍വിമാനങ്ങള്‍ പറത്തുന്ന വളരെ വെല്ലുവിളി നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോള്‍ അത് നേരിടാന്‍ പാകത്തിലേക്ക് മസ്തിഷ്കം മാറുകയാണ് ചെയ്യുന്നത്.
അനുഭവ സമ്പന്നരായ പോര്‍വിമാന പൈലറ്റുമാരുടെ മസ്തിഷ്കത്തിന്റെ മുന്‍ ഭാഗങ്ങളിലെ പ്രവര്‍ത്തനം കൂടുതലാണ്. ഇത് അതിവേഗത്തില്‍ പോര്‍വിമാനം പറത്തുമ്പോള്‍ ആര്ജിച്ചെടുക്കുന്നതാണെന്നാണ് കരുതപ്പെടുന്നത്. മുന്നിലുള്ളതും കാണുന്നതുമായ വിവരങ്ങള്‍ സംസ്ക്കരിക്കുന്ന മസ്തിഷ്ക ഭാഗങ്ങള്‍ പൈലറ്റുമാരില്‍ കൂടുതല്‍ സജീവമാണ്. കോക്പിറ്റില്‍ മുന്നിലുള്ള ഒരുപാട് വിവരങ്ങളിലൂടെ കടന്നുപോയി പ്രധാനപ്പെട്ടത് വേഗത്തില്‍ തിരിച്ചറിയാനുള്ള കഴിവ് പോര്‍വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് ആവശ്യമാണ്. ഇത് തുടര്‍ച്ചയായി ചെയ്യേണ്ടി വരുന്നതുകൊണ്ടാവാം ഇത്തരം മസ്തിഷ്കമാറ്റമെന്നാണ് കരുതപ്പെടുന്നത്. വെല്ലുവിളികള്‍ക്കനുസരിച്ച് നമ്മുടെ മസ്തിഷ്കം എങ്ങനെ പരുവപ്പെടുന്നുവെന്ന് പഠിക്കാന്‍ ഏറ്റവും അനുയോജ്യമായവരാണ് പോര്‍വിമാനങ്ങളിലെ പൈലറ്റുമാരെന്നാണ് പഠനത്തിന് നേതൃത്വം നല്കിയ ഡോ. വില്‍ഹെല്‍മിന റെഡ്സ്റ്റേക് പറയുന്നത്.
English Summary: Study confirms brain changes in fighter pilots, similar to astronauts