26 മണിക്കൂർ യാത്രയ്ക്ക് ശേഷം 4 സഞ്ചാരികൾ ബഹിരാകാശ നിലയത്തിലെത്തി

NASA-SpaceX Crew-6 astronauts
Photo: twitter/KathyLueders
SHARE

നാസ-സ്‌പേസ് എക്‌സിന്റെ ക്രൂ-6 ബഹിരാകാശയാത്രികർ 26 മണിക്കൂർ യാത്രയ്‌ക്കൊടുവിൽ വെള്ളിയാഴ്ച രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) സുരക്ഷിതമായി എത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ് എന്നിവരും യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാഡി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ ആന്ദ്രേ ഫെഡ്‌യേവ് എന്നിവരുമായി എൻഡവർ സ്‌പേസ് എക്‌സ് ഡ്രാഗൺ വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.

പേടകത്തിന്റെ ഡോക്കിങ് ഹുക്ക് സെൻസറിന്റെ തകരാർ കാരണം നിലയത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നത് ഒരു മണിക്കൂർ വൈകി. നാസയുടെ ബഹിരാകാശയാത്രികരായ ഫ്രാങ്ക് റൂബിയോ, നിക്കോൾ മാൻ, ജോഷ് കസാഡ (എക്‌സ്‌പെഡിഷൻ 68 ക്രൂ), ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി), റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികരായ സെർജി പ്രോകോപിയേവ്, അണ്ണാട്രി പെക്‌ടെലിൻ, ദിമിത്രി പെക്‌ടെലിൻ എന്നിരാണ് പുതിയ നാലു പേരേയും നിലയത്തിലേക്ക് സ്വാഗതം ചെയ്തത്. ക്രൂ-5 ഭൂമിയിലേക്ക് തിരിക്കുന്നതു വരെ ബഹിരാകാശ നിലയത്തിലെ അംഗങ്ങളുടെ എണ്ണം 11 ആയിരിക്കും.

ഭൂമിയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ മുകളിൽ കറങ്ങുന്ന ലബോറട്ടറിയായ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് എത്താൻ ഏകദേശം 25 മണിക്കൂർ സമയമെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഒരു മണിക്കൂർ വൈകിയത്. 

യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യവുമായാണ് സുൽത്താൻ അൽ നെയാദിയുടെ യാത്ര. ആറു മാസത്തെ ഗവേഷണമാണ് യുഎഇ സ്‌പേസ് മിഷൻ 2 ലക്ഷ്യമിടുന്നത്. യുഎഇ ആസ്ട്രോനറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടും. ഭാവിയിലെ ബഹിരാകാശ പര്യവേഷണത്തിനായി യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയാണ് യുഎഇ അസ്ട്രോനറ്റ് പദ്ധതി ലക്ഷ്യമിടുന്നത്. പുതിയ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിൽ 200ലേറെ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തും. ഇതിൽ 20 എണ്ണത്തിന് അൽനെയാദിയാണ് നേതൃത്വം നൽകുക.

English Summary: NASA-SpaceX Crew-6 astronauts dock safely at ISS after hour-long delay

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS